- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
തിരുവനന്തപുരം: വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ പി.കെ. ഇന്ദിര തീരുമാനിച്ചതായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വൈദേകത്തിലെ ഓഹരി പങ്കാളികളിൽ ഒരാൾ മാത്രമാണ് ഭാര്യ. ഓഹരി മറ്റാർക്കെങ്കിലും കൊടുക്കാനാണ് തീരുമാനമെന്നും ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള നിരാമയയും വൈദേകം റിസോർട്ടും തമ്മിലുള്ള ഇടപാടുകൾ എന്താണെന്ന് വിശദീകരിക്കാൻ ജയരാജൻ തയാറായില്ല. ഇടപാടുകളെ കുറിച്ച് കമ്പനിയുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പേർ കരാർ അടിസ്ഥാനത്തിൽ വൈദേകത്തിൽ ചികിത്സകൾ നടത്താറുണ്ട്. ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണോ നിരാമയ എന്ന് രാജീവ് ചന്ദ്രശേഖരനോടാണ് ചോദിക്കേണ്ടതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
തന്റെ ഭാര്യക്ക് വൈദേകത്തിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് 2021ൽ തന്നെ താൻ സമ്മതിച്ചിട്ടുണ്ട്. നിലവിലെ വിവാദങ്ങളുടെയും തന്നെ കളങ്കപ്പെടുത്തുന്ന രീതിയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് ഭാര്യ ഓഹരി ഒഴിവാക്കാനുള്ള തീരുമാനം എടുത്തതെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും ഇ പി ജയരാജൻ ആരോപണം ഉന്നയിച്ചു. അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തനാണ് സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ഇപി ജയരാജൻ ആരോപിച്ചു. വൃത്തികെട്ട രാഷ്ട്രീയമാണ് സതീശന്റേത്. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാർത്ത ചമച്ചത് സതീശനാണ്. തന്റെ ഭാര്യയുടെ തലവെട്ടി അവിടെ സ്വപ്ന സുരേഷിന്റെ പടം വെച്ച് ഫോട്ടോ ഇറക്കിയതും സതീശനാണ്.
കഴിഞ്ഞ ദിവസം പുതിയൊരു ഫോട്ടോ ഇറക്കി. അതിന് പിന്നിലും വിഡി സതീശൻ ആണ്. രാജീവ് ചന്ദ്രശേഖരൻ ഒപ്പം തന്റെ ഭാര്യ ഇരിക്കുന്നതായി പ്രചരിപ്പിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. ഇത്തരത്തിൽ ഒരാൾ എങ്ങനെ കോൺഗ്രസ് പ്രതിപക്ഷ നേതാവായി ഇരിക്കുമെന്നും ഇപി ചോദിച്ചു. എല്ലാവരെയും ആക്ഷേപിച്ച് വെള്ളക്കുപ്പായം ഇട്ട് നടക്കുകയാണ് സതീശൻ. സതീശൻ തെളിവ് ഉണ്ട് എന്ന് പറഞ്ഞതിന് പിന്നാലെ ആണ് ഫോട്ടോ പുറത്തു വന്നത്. വൈദേഹവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പറയാൻ ഞാൻ ആളല്ല. കമ്പനി അധികൃതരോട് ചോദിക്കണം.
അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ എന്നെ കളങ്കപ്പെടുത്താൻ ഞാൻ അനുവദിക്കില്ല. അതിന്റെ ഭാഗമായാണ് ഭാര്യയുടെ ഷെയർ ഒഴിയാൻ തീരുമാനിക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. പുനർജനിയുടെ പേരിൽ പിരിച്ച പണം വിനിയോഗിച്ചിട്ടില്ല. സതീശൻ നൽകിയ വീടുകൾ പലതും സ്‌പോൺസർമാരുടെ സംഭാവന. നിലമ്പുർ എംഎൽഎ നിയമസഭയിൽ ഗുരുതര ആരോപണം ഉന്നയിച്ചു. സതീശൻ സഭയിൽ മിണ്ടിയില്ല. പുറത്താണ് പറഞ്ഞത്. സതീശൻ ബിജെപിയുംആർഎസ്എസുമായി സഖ്യം ഉണ്ടാക്കി. ഡൽഹിയിൽ വച്ചാണ് ചർച്ച നടത്തിയത്. 150 കോടി രൂപ മത്സ്യപെട്ടിയിൽ കൊണ്ടുവന്നത് ഇഡി അന്വേഷിക്കുന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഇടത് തരംഗമുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. ബിജെപി- ആർഎസ്എസ് സർക്കാരിനെ പുറത്താക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും അതൊക്കെ ചെയ്യും. പൗരത്വ നിയമത്തിന്റെ ലക്ഷ്യം മതധ്രുവീകരണം. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന്റെ ഭാഗമായി കോൺസെൻട്രേഷൻ ക്യാമ്പ് തുടങ്ങാൻ ആണ് കേന്ദ്ര നിർദ്ദേശം. പറ്റില്ലെന്ന് നിലപാട് എടുത്ത സംസ്ഥാനമാണ് കേരളം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ നിലപാട് എടുത്തിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നടത്തിയ പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഏറ്റെടുത്തു. ബിജെപിക്കുവേണ്ടി വോട്ടുപിടിക്കുന്ന ഇ.പി. ജയരാജൻ ഇടതുമുന്നണി കൺവീനറാണോ, അതോ എൻ.ഡി.എ കൺവീനറാണോ എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യം ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പിണറായിയും മോദിയും തമ്മിലുള്ള അന്തർധാരയുടെ തെളിവായി ജയരാജന്റെ വാക്കുകൾ ഉയർത്തിക്കാട്ടുമ്പോൾ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച സിപിഎം അതേ വിഷയത്തിൽ പ്രതിരോധത്തിലായി.
ഇ.പി. ജയരാജനും പിന്നീട് തിരുത്തിയെങ്കിലും പാർട്ടി കുരുങ്ങിയ കുരുക്ക് അഴിയുന്നില്ല. കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആക്ഷേപം ഉയരുകയും ഇൻകം ടാക്‌സ്, ഇ.ഡി അന്വേഷണം വരുകയും ചെയ്തപ്പോൾ റിസോർട്ടിൽ ഭാര്യക്കും മകനുമുള്ള ഓഹരി കൈമാറി തടിയൂരുകയാണ് ജയരാജൻ ചെയ്തത്.
പ്രസ്തുത ഓഹരി ഏറ്റെടുത്തത് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള നിരാമയ കമ്പനിയാണ്.ബിജെപി സ്ഥാനാർത്ഥികൾ മികച്ചതെന്ന് പറയുന്ന ഇ.പി. ജയരാജൻ തന്റെ ബിസിനസ് ബന്ധം രാഷ്ട്രീയ ബന്ധമാക്കി വളർത്തിയെന്നാണ് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നത്. ബിസിനസ് ബന്ധമില്ലെന്നും തമ്മിൽ കണ്ടിട്ടു പോലുമില്ലെന്നും ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖറും വിശദീകരിക്കുന്നു.