- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയ്ക്ക് വെളിവില്ലാത്തവൾ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധർമം?
തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ പാർട്ടിക്കെല്ലാം ബോധ്യമായെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും ഇ പി ജയരാജൻ. മാധ്യമങ്ങളെ പഴിചാരിയാണ് ജയരാജൻ പ്രതികരിച്ചത്. പാർട്ടി നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ഇപിയുടെ പ്രതികരണം. തലക്ക് വെളിവില്ലാത്തവൾ വിളിച്ച് പറയുന്നതെല്ലാം കൊടുക്കാനുള്ളതാണോ നിങ്ങളുടെ മാധ്യമ ധർമമെന്നും തിരുവനന്തപുരത്ത് ഇ പി ജയരാജൻ മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെ പറഞ്ഞു.
"മാധ്യമങ്ങളാണ് എല്ലാം വരുത്തിവെക്കുന്നത്. നിങ്ങൾ ആരുടെയൊക്കെ പ്രസ്താവനകളാണ് പത്രത്തിൽ കൊടുക്കുന്നത്. മാധ്യമങ്ങൾ നിലവാരം കാത്തു സൂക്ഷിക്കണം ആദ്യം. നിങ്ങൾ ചെയ്തതിനെക്കുറിച്ച് നിങ്ങൾ ആലോചിച്ച് നോക്ക്. നിങ്ങൾ എന്താണ് രണ്ട് മൂന്ന് ദിവസമായി കാട്ടിക്കൂട്ടിയത്. എന്തൊക്കെയാ കാട്ടിക്കൂട്ടിയത്. ഒരു പത്രധർമമാണോ ഇത്. ഒരു ന്യായമായ ഒരു പത്രധർമത്തിന്റെ പ്രവൃത്തിയാണോ നിങ്ങൾ ചെയ്തത്. ഇത്തരത്തിലുള്ള മാധ്യമപ്രവർത്തനം ആണ് നമ്മുടെ രാജ്യത്തിന് പ്രശ്നമുണ്ടാക്കുന്നത്.
ഞാനെന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നിങ്ങൾ മാധ്യമ പ്രവർത്തകർ കൊടുക്കുമോ. പരിശോധിക്കാതെ കൊടുക്കാൻ പാടില്ല. ഞാൻ ഇന്നു വരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു സ്ത്രീയാണ് എനിക്കെതിരായിട്ട് പറയുന്നത്. ഞാൻ ബിജെപിയിലേക്ക് പോകുമെന്ന് വാർത്ത കൊടുക്കാൻ മാധ്യമങ്ങൾക്ക് എവിടുന്നാണ് ധൈര്യം കിട്ടിയത്. ശോഭാ സുരേന്ദ്രൻ ആരാണ്. പൊതുപ്രവർത്തകരായ ഞങ്ങളെ ഏതെങ്കിലും നിലവാരമില്ലാത്തവരുടെ അവസ്ഥയിലേക്ക് കൊണ്ടുപോകരുത്. നിങ്ങൾ വ്യക്തിഹത്യ നടത്താൻ ആസൂത്രിതമായ ഗൂഢാലോചനയാണ് നടത്തിയത്.
മാധ്യമങ്ങൾ പരസ്യത്തിന്റെ പണം വാങ്ങി സിപിഎമ്മിനേയും ഇടതുപക്ഷ മുന്നണിയേയും തകർക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കി ആസൂത്രണം ചെയ്ത് നിങ്ങൾ പ്രസിദ്ധീകരിച്ചു. അതിൽ നിങ്ങൾ ആദ്യം പലരേയും നോക്കി. അവസാനം നിങ്ങൾക്ക് എന്നെയാണ് ഇരയായി കിട്ടിയത്. എന്നാപ്പിന്നെ കൊത്തിവലിച്ചു കളയാം. നിങ്ങൾ കൊത്തി വലിച്ചാലൊന്നും വലിഞ്ഞുപോകുന്ന ആളല്ല ഞാൻ. ദല്ലാൾ ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞാൽ കൊടുക്കുമോ. എന്റെ വിശദീകരണം അല്ല നിങ്ങൾ കൊടുത്തത്. നിയമനടപടിയിലേക്ക് പോകും", അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ഇപി വിവാദം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചിരുന്നു. ഒരു വർഷം മുൻപ് ബിജെപി നേതാവിനെ കണ്ടത് ഇപി സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ കാണുമ്പോൾ അവസാനിക്കുന്നതാണ് പ്രത്യയശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കൽപ്പമാണ്. കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇപിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് ഇപി തന്നെ വിശദീകരിച്ചു.
നിയമപരമായ തുടർ നടപടിക്ക് പാർട്ടി നിർദ്ദേശം നൽകി. ദല്ലാൾ നന്ദകുമാറിനെ പോലുള്ളവരുമായി ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ആ ബന്ധം മുൻപേ അവസാനിപ്പിച്ചെന്ന് ഇപി പാർട്ടിയോഗത്തിൽ അറിയിച്ചു. കേസ് അടക്കം കാര്യങ്ങൾ ആലോചിക്കണം. ഡൽഹിയിലും എറണാകുളത്തും രാമനിലയത്തിലും അടക്കം കൂടിക്കാഴ്ച നടന്നെന്ന വാദം ശുദ്ധ അസംബന്ധമാണ്. ശോഭ സുരേന്ദ്രനെതിരെ ഇപി കേസ് കൊടുക്കുമെന്നും പാർട്ടി സെക്രട്ടറി അറിയിച്ചു.