- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിവെച്ച അക്രമത്തിന് പിന്നിലെ ലക്ഷ്യം താനായിരുന്നില്ല; പിണറായി വിജയനായിരുന്നു
കണ്ണൂർ: വധശ്രമക്കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. എത്രകാലം കഴിഞ്ഞാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. ഹൈക്കോടതി അവസാനത്തെ കോടതിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ കേസിൽ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു. അപ്പീൽ നൽകാനുള്ള നടപടികൾ താനും സ്വീകരിക്കുമെന്ന് ഇപി ജയരാജൻ പറഞ്ഞു.
തന്നെ വെടിവെച്ച ശേഷം ട്രെയിനിൽ നിന്നും ചാടിയ വിക്രംചാലിൽ ശശി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. എന്നാൽ പരിക്കുപറ്റിയ ഇയാളെ ആശുപത്രിയിലെത്തിച്ചു. പരിശോധിച്ചപ്പോൾ തോക്ക് കണ്ടെത്തി. അതിനിടെ മറ്റൊരു ട്രെയിനിൽ കയറി രക്ഷപ്പെട്ട മറ്റൊരു പ്രതിയെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പൊലീസ് പിടികൂടി. ഇരുവരെയും ചോദ്യം ചെയ്തപ്പോൾ തങ്ങൾക്ക് തോക്ക് തന്ന് പറഞ്ഞുവിട്ടത് കെ സുധാകരനും മറ്റുമാണെന്ന് പൊലീസിന് ഇവർ മൊഴി നൽകിയിരുന്നു. റെയിൽവേ പൊലീസിന്റെ ആദ്യ എഫ്ഐആറിൽ ഇതുണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു.
വെടിവെച്ച വിക്രംചാലിൽ ശശിയെയും പേട്ട ദിനേശനെയും തനിക്ക് അറിയില്ല. അവർക്ക് എന്നെയും അറിയില്ല. അതുകൊണ്ടു തന്നെ അവർക്ക് വ്യക്തിപരമായ വിരോധം ഉണ്ടായിരുന്നില്ല. അവരെ വാടകയ്ക്ക് എടുത്തത് സുധാകരനും സംഘവുമാണ്. തന്നെ വെടിവെച്ച അക്രമത്തിന് പിന്നിലെ ലക്ഷ്യം താനായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു അവർ ലക്ഷ്യമിട്ടത്. എന്നാൽ പിണറായി ട്രെയിനിൽ ഉണ്ടായിരുന്നില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു.
ഞാൻ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ഡൽഹിയിൽ നിന്നും ടിക്കറ്റെടുത്ത് യാത്ര ചെയ്ത് ആന്ധ്രയിൽ വെച്ച് അവസരം കിട്ടിയപ്പോൾ അവർ വെടിവെച്ചത്. ഈ സംഭവം എല്ലാവർക്കും അറിയാവുന്നതാണ്. അക്രമം പ്ലാൻ ചെയ്തത് കെ സുധാകരനും സംഘവുമാണ്. ഈ സംഭവത്തിൽ അന്നത്തെ കേന്ദ്രസർക്കാർ ഇടപെട്ടു. കേസ് സ്പ്ലിറ്റ് ചെയ്ത് അട്ടിമറിക്കാൻ അന്നത്തെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തെളിവു സഹിതം സെഷൻസ് കോടതിയിൽ താൻ നേരിട്ട് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
എന്റെ ഭാഗം കോടതിയെ ബോധ്യപ്പെടുത്താൻ അഭിഭാഷകന് സാധിച്ചോയെന്ന് പരിശോധിക്കണം. എത്രകാലം കഴിഞ്ഞാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഈ കേസിൽ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ കേരള സർക്കാരിനോട് ആവശ്യപ്പെടും. കോടതിയിൽ തെളിവുകൾ വേണ്ടത്ര ബോധ്യപ്പെടുത്താൻ സാധിക്കാതെ വന്നാൽ ചിലപ്പോൾ കുറ്റവാളികൾ രക്ഷപ്പെട്ടേക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പാടില്ല. നിയമവശങ്ങളെല്ലാം വിശദമായി പരിശോധിക്കും. ഇത്തരത്തിലുള്ള അക്രമങ്ങൾ സംഘടിപ്പിക്കുക, പലവഴിക്ക് രക്ഷപ്പെടുക എന്നത് സുധാകരന്റെ ചരിത്രത്തിലുള്ളതാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
വധശ്രമ കേസിലെ ഗൂഢാലോചന കുറ്റത്തിന് സുധാകരൻ വിചാരണ നേരിടണമെന്നായിരുന്നു സെഷൻസ് കോടതി ഉത്തരവ്. ഇത് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. എൽ.ഡി.എഫ് കൺവീനറും മുൻ മന്ത്രിയുമായ ജയരാജനെ 1995 ഏപ്രിൽ 12ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് 2016ലാണ് സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.
ജയരാജൻ ചണ്ഡിഗഢിൽനിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോൾ ആന്ധ്രയിലെ ഓഗോളിൽ വച്ചായിരുന്നു സംഭവം. ട്രെയിനിലെ വാഷ് ബേസിനിൽ മുഖം കഴുകുന്നതിനിടെ ഒന്നാം പ്രതി വിക്രംചാലിൽ ശശി വെടിയുതിർക്കുകയായിരുന്നെന്നാണ് കേസ്. പേട്ട ദിനേശൻ, ടി.പി. രാജീവൻ, ബിജു, കെ. സുധാകരൻ എന്നിവരാണ് മറ്റു പ്രതികൾ.
ശംഖുംമുഖം പൊലീസ് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയാണ് തുടർ നടപടികൾ സ്വീകരിച്ചത്. പ്രതികൾ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാൻ നിയോഗിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.