പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മെട്രോ മാൻ ഇ ശ്രീധരൻ മത്സരിക്കില്ല. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശ്രീധരൻ വ്യക്തമാക്കി. മത്സരരംഗത്തേക്ക് ഇനിയില്ലെന്നും സജീവ രാഷ്ട്രീയത്തിലേക്കും ഇല്ലെന്ന് ശ്രീധരൻ പ്രതികരിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശ്രീധരനെ സ്ഥാനാർത്ഥിയാക്കാൻ വീണ്ടും ബിജെപി ശ്രമിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതിനിടെയാണ് ശ്രീധരൻ നിലപാട് പരസ്യമാക്കുന്നത്.

ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുന്നത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇ.ശ്രീധരൻ 2021ലെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇഞ്ചോടിഞ്ച് മത്സരത്തിൽ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിൽ ഇ.ശ്രീധരനെ പരാജയപ്പെടുത്തിയത്. ബിജെപിക്ക് വേണ്ടി പാലക്കാട് ഇത്രയും വീറുള്ള മത്സരം കാഴ്ച വച്ച മറ്റൊരു നേതാവുമില്ല.

ബിജെപിയുടെ നാഷനൽ എക്‌സിക്യൂട്ടീവ് അംഗമാണ് ഇ.ശ്രീധരൻ. പ്രമുഖരെ രംഗത്തിറക്കി നേട്ടം കൊയ്യാനാണ് ഇ.ശ്രീധരനെ ബിജെപി നിയമസഭയിലേക്ക് മത്സരിപ്പിച്ചത്. അത് പാളുകയും ചെയ്തു. തൃശൂർ ലോക്‌സഭയിൽ സുരേഷ് ഗോപി ജയിച്ചു. ്അതുകൊണ്ട് തന്നെ പാലക്കാട് ഇത്തവണ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ പാലക്കാട് മണ്ഡലത്തിൽ 54,079 വോട്ട് നേടിയപ്പോൾ ഇ.ശ്രീധരന് 50,220 വോട്ട് ലഭിച്ചു. എൽഡിഎഫ് മൂന്നാം സ്ഥാനത്തായി.

2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പാലക്കാട്ട് മികച്ച ഭൂരിപക്ഷമുണ്ടായിരുന്നു. 17,483 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ഷാഫി പറമ്പിലിന് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ രണ്ടാമതെത്തി. എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എൻ. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തായി. ഇ.ശ്രീധരൻ മത്സരിച്ചതോടെ ബിജെപി വോട്ട് വിഹിതം കൂടി. ശ്രീധരൻ മത്സരത്തിന് ഇല്ലെന്ന് പറയുമ്പോൾ ബിജെപിക്ക് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും. ശോഭാ സൂരേന്ദ്രന് മത്സരിക്കാൻ സീറ്റ് കിട്ടാൻ സാധ്യത ഏറെയാണ്. പത്മജാ വേണുഗോപിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ബിജെപിയിലുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വൻ മുന്നേറ്റിന്റെ പശ്ചാത്തലത്തിൽ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ കരുത്തരെ രംഗത്തിറക്കാനൊരുങ്ങുകയാണ് ബിജെപി. ചേലക്കര, പാലക്കാട് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. ഇതിൽ പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. മാത്തൂരും പിരായിരിയും യുഡിഎഫാണു ഭരിക്കുന്നത്. കണ്ണാടി മാത്രമാണ് സിപിഎം ഭരിക്കുന്നത്.

ആറ്റിങ്ങൽ,ആലപ്പുഴ ലോക്‌സഭാ മണ്ഡലങ്ങളിൽ വൻ വോട്ട് വർദ്ധന നേടിയ ശോഭാ സുരേന്ദ്രൻ, പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ തുടങ്ങിയവരുടെ പേരുകളും ഇത്തവണയും പരിഗണിക്കുന്നുണ്ട്. കൃഷ്ണകുമാർ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 9707വോട്ടിന് മണ്ഡലത്തിൽ രണ്ടാംസ്ഥാനത്തായി.2011ൽ പാലക്കാട് നിയോജക മണ്ഡലത്തിൽ 19.86 ശതമാനം വോട്ടുകളായിരുന്നു ബിജെപിക്ക്. 2016ൽ ശോഭ സുരേന്ദ്രൻ വോട്ട് വിഹിതം 29.08 ശതമാനമായി ഉയർത്തി. സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ബിജെപി എത്തി.

ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരു ലോകസഭാ മണ്ഡലത്തിൽ വിജയിച്ച ബിജെപി, 11നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും പാലക്കാട് ഉൾപ്പെടെ എട്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു.