ബംഗലൂരു: വിദ്വേഷ പരാമർശത്തിൽ ബംഗളുരു നോർത്ത് ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. കർണാടക ചീഫ് ഇലക്ട്രൽ ഓഫീസർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഡിഎംകെ നൽകിയ പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനും നിർദ്ദേശമുണ്ട്.

തമിഴ്‌നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗലൂരുവിലെത്തി സ്‌ഫോടനം നടത്തുന്നുവെന്ന പരാമർശമാണ് വിവാദമായത്. ചില ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ശോഭ കരന്തലജെ വിദ്വേഷ പരാമർശം നടത്തിയത്. ഇത് വലിയ രീതിയിൽ വിവാദമായതോടെ ഇവർ പ്രസ്താവനയിൽ മാപ്പ് പറഞ്ഞിരുന്നു. രാമേശ്വരം കഫെയിലെ സ്‌ഫോടനം നടത്തിയ ആളുകൾ കൃഷ്ണഗിരി കാടുകളിൽ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു ശോഭയുടെ വിശദീകരണം.

അതേസമയം കേരളത്തിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറയില്ലെന്നും ശോഭ കരന്തലജെ അറിയിച്ചിരുന്നു. കേരളത്തിൽ നിന്ന് ആണുങ്ങൾ കർണാടകയിലെത്തുന്നത് അവിടെയുള്ള പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കാനാണെന്നായിരുന്നു ശോഭയുടെ കേരളത്തെ കുറിച്ചുള്ള വിദ്വേഷ പരാമർശം.

ശോഭ കരന്ദലജെയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് മഹിളാ കോൺഗ്രസ് നേതാവ് പരാതി നൽകി. കേരളത്തെയും മലയാളികളെയും ആക്ഷേപിച്ച കേന്ദ്ര മന്ത്രിക്കെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിലാണ് കേരള പൊലീസിൽ പരാതി നൽകിയത്.

നേരത്തെ വിദ്വേഷ പരാമർശത്തിന്റെ പേരിൽ തമിഴ്‌നാട് പൊലീസ് കേസെടുത്തിരുന്നു. മധുര പൊലീസ് ആണ് കേസെടുത്ത്. ഐപിസി 153, 153എ, 505(1) (ബി), 505 (2) തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്. സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രസ്താവനയെന്നും എഫ്‌ഐആറിൽ പറയുന്നു.

അതേസമയം, ശോഭ കരന്ത്‌ലജെയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയാൻ കേന്ദ്ര മന്ത്രി ശോഭ കരന്ദലജെ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിന് എതിരായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയാറായില്ലെങ്കിൽ കോൺഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികളെ കുറിച്ച് ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

വെറുപ്പും വിദ്വേഷവും സമൂഹത്തിൽ കലർത്തി ജാതീയവും വംശീയവുമായി ജനങ്ങളെ വേർതിരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ബിജെപിയുടെ പതിവ് രീതിയാണ് ശോഭ കരന്ത്‌ലജെയുടെ പ്രസ്താവനയും. ഇത്തരം പരാമർശങ്ങളിലൂടെ മതസൗഹാർദ്ദം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി സ്ഥാനാർത്ഥി ശോഭാ കരന്ത്‌ലജെ രംഗത്തെത്തിയത്. ഇരു സംസ്ഥാനങ്ങൾക്കുമെതിരെ വർഗീയ - വിദ്വേഷ പരാമർശങ്ങളാണ് ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ കരന്ത്‌ലജെ നടത്തിയത്. തമിഴ്‌നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്‌ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ കരന്ത്‌ലജെ പറഞ്ഞത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ പറഞ്ഞു. ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ളവർ രംഗത്തെത്തി. വിദ്വേഷ പരാമർശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.