- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴ നഗരസഭ 13ാം വാർഡ് കൗൺസിലറെ അയോഗ്യയാക്കി
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ 13 ാം വാർഡ് കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. യു ഡി എഫിൽനിന്ന് കൂറുമാറി എൽ ഡി എഫിനൊപ്പം ചേർന്നതോടെയാണ് കൗൺസിലറെ അയോഗ്യയാക്കിയത്. ആറ് വർഷത്തേക്കാണ് അയോഗ്യത.
യു ഡി എഫിൽ നിന്ന് കൂറുമാറി എൽ ഡി എഫിനൊപ്പം ചേർന്ന പ്രമീള ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്‌സണായി വിജയിച്ചിരുന്നു. തുടർച്ചയായി മൂന്ന് വട്ടം പാർട്ടി വിപ്പ് ലംഘനവും കൂറുമാറ്റവും ചൂണ്ടിക്കാട്ടി നഗരസഭ ചെയർപേഴ്‌സൺ പി.പി. എൽദോസ് തിരഞ്ഞെടുപ്പ് കമ്മിഷന് രണ്ട് പരാതികൾ നൽകിയിരുന്നു. രണ്ട് പരാതികൾ ഒന്നായി പരിഗണിച്ചാണ് കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
യു ഡി എഫ് സ്ഥാനാർത്ഥിയായി നിന്ന് മത്സരിച്ച് 2020ൽ അധികാരത്തിലേറിയ പ്രമീള ഗിരീഷ് കുമാർ, വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ നിന്നും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. തുടർന്ന് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രയായ രാജശ്രീ രാജുവിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി, യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു ജയനെതിരെ വോട്ട് ചെയ്ത് എൽഡിഎഫ് പിന്തുണയോടെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
കൂറുമാറി എൽഡിഎഫിനൊപ്പം ചേർന്ന് അധികാരത്തിലേറിയ പ്രമീള ഗിരീഷ്‌കുമാറിനെ അയോഗ്യയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്നതിൽ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുൻപിൽ ആഹ്ലാദ പ്രകടനം നടത്തി. യുഡിഎഫ്് നൽകിയ രണ്ട് കേസുകളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിധി പ്രഖ്യാപിച്ചതെന്നും, അയോഗ്യയായക്കപ്പെട്ടതിനാൽ ഇനിയുള്ള ആറ് വർഷക്കാലം ഒരു തെരഞ്ഞെടുപ്പിലും പ്രമീള ഗിരീഷ്‌കുമാറിന് മത്സരിക്കാൻ കഴിയില്ലെന്നും നഗരസഭ ചെയർമാൻ പി.പി എൽദോസ് പറഞ്ഞു.
സീനിയർ കൗൺസിലർ ആയിട്ടും നഗരസഭാ ഉപസമിതി അധ്യക്ഷ സ്ഥാനത്തേക്ക് ഇവരെ കോൺഗ്രസ് നേതൃത്വം പരിഗണിക്കാതിരുന്നതോടെ കൗൺസിലിന്റെ തുടക്കം മുതൽ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് പ്രമീള സ്വീകരിച്ചത്. പിന്നീടാണ് ഇടതുപക്ഷത്തേക്ക് കൂറുമാറിയത്.