- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓണക്കാലത്ത് സംസ്ഥാനം മുണ്ടുമുറുക്കി ഉടുക്കേണ്ടി വന്നതിന് കേന്ദ്രത്തെ പഴിചാരി ധനമന്ത്രി; നികുതി പിരിവിന്റെ കുഴപ്പമടക്കം മിസ്മാനേജ്മെന്റെന്ന് പ്രതിപക്ഷ നേതാവ്; യു പി എ സർക്കാർ കൊടുത്തതിനേക്കാൾ അഞ്ചിരട്ടി തുകയാണ് മോദിജി സർക്കാർ നികുതിവിഹിതമായി നൽകിയെന്ന് ബിജെപി; യുഡിഎഫ് എംപിമാർ കേന്ദ്രത്തിനുള്ള നിവേദനത്തിൽ ഒപ്പിടാത്തതിനെ ചൊല്ലിയും പോര്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ ബോധിപ്പിക്കാൻ, തനിക്കൊപ്പം കേന്ദ്രധനകാര്യമന്ത്രിയെ കാണാൻ യുഡിഎഫ് എംപിമാർ വന്നില്ലെന്ന ആക്ഷേപം താൻ ഉന്നയിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര അവഗണന ശ്രദ്ധയിൽ കൊണ്ടുവരാനുള്ള നിവേദക സംഘത്തിന്റെ ഭാഗമാകാനോ, ഒപ്പിടാനോ യുഡിഎഫ് എംപിമാർ തയ്യാറായില്ല എന്നതാണ് താൻ ഉന്നയിച്ച പ്രശ്‌നമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് കേന്ദ്രത്തെ കുറ്റപ്പെടുത്താതെ കേരളത്തിന്റെ നികുതി പിരിവിന്റെ കുഴപ്പമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനീ എന്ന് പറയുന്നത് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്? ബിജെപി ഗവൺമെന്റിനെ വിമർശിക്കുമ്പോൾ അദ്ദേഹം ഇത്രമേൽ അസ്വസ്ഥനാകുന്നത് എന്തുകൊണ്ടാണ് എന്നും ബാലഗോപാൽ ചോദിച്ചു.
മന്ത്രിയുടെ കുറിപ്പ്:
കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട കേരള എംപിമാരുടെ നിവേദക സംഘത്തിൽ യുഡിഎഫ് എംപിമാർ സഹകരിച്ചില്ല എന്ന ഞാൻ ഇന്നലെ ഉയർത്തിയ വിമർശനം സംബന്ധിച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതികരണം തെറ്റിദ്ധാരണാജനകമാണ്. പാർലമെന്റ് സമ്മേളനത്തിനു മുൻപ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന എംപിമാരുടെ യോഗത്തിൽ, കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന കേരളത്തിലെ എംപിമാർ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ഈ വിഷയത്തിൽ ഒരു നിവേദനം കേന്ദ്ര ധനകാര്യ മന്ത്രിക്ക് സമർപ്പിക്കണമെന്നും തീരുമാനമെടുത്തിരുന്നു. ഇതിനായി വിശദമായ കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എന്നാൽ എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാനോ നിവേദക സംഘത്തിന്റെ ഭാഗമാകാനോ യുഡിഎഫ് എംപിമാർ തയ്യാറായില്ല എന്നതായിരുന്നു ഞാൻ ഉന്നയിച്ച പ്രശ്‌നം.
എന്നാൽ സംസ്ഥാന ധനകാര്യ മന്ത്രി ഡൽഹിയിലെത്തി കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ട സന്ദർഭത്തിൽ ഒപ്പം പോകാൻ എം പി മാരെ ക്ഷണിച്ചിരുന്നില്ല എന്ന മറുപടി നൽകി തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സംസ്ഥാന ധനകാര്യ മന്ത്രിയോടൊപ്പം എംപിമാർ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാൻ വന്നില്ല എന്ന ആക്ഷേപം ഞാൻ ഒരിടത്തും ഉന്നയിച്ചിട്ടില്ല. ഞാൻ ഉന്നയിക്കാത്ത വിഷയത്തിനു മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയം മാറ്റാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ പൊതുവായ താല്പര്യമുയർത്തിപ്പിടിച്ച് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി അർഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കണം എന്ന പൊതു തീരുമാനത്തിൽ നിന്ന് യുഡിഎഫ് എംപിമാർ പിന്മാറിയത് അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് ആവർത്തിക്കുന്നു.
മറ്റൊന്ന് കേരളത്തോട് കേന്ദ്രം കാട്ടുന്ന സാമ്പത്തിക അവഗണനയെക്കുറിച്ചുള്ള പ്രതിപക്ഷനേതാവിന്റെ സമീപനത്തെക്കുറിച്ചാണ്. കേരളത്തോടുള്ള കേന്ദ്ര അവഗണനയുമായി ബന്ധപ്പെട്ട വ്യക്തമായ കണക്കുകൾ സഹിതം ഞാൻ ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. എന്നാൽ ഇന്ന് പതിവുപോലെ പ്രതിപക്ഷ നേതാവ് കേന്ദ്രസർക്കാരിന് പ്രതിരോധവും തീർത്ത് രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന ഗവൺമെന്റ് നികുതി പിരിക്കാത്തതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കേന്ദ്രം കേരളത്തിന് അർഹമായ നികുതി വിഹിതം നൽകുന്നില്ല എന്നതും സംസ്ഥാനത്തിന് അർഹമായ കടമെടുപ്പ് പോലും അനുവദിക്കുന്നില്ല എന്നതും അദ്ദേഹത്തിന് അറിയാത്ത കാര്യമല്ല. കേരള നിയമസഭയിൽ എത്രയോ തവണ ഈ വിഷയങ്ങൾ ചർച്ച ചെയ്തതാണ്. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ഗവൺമെന്റ് പുലർത്തുന്ന സാമ്പത്തിക സമീപനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. അപ്പോഴും പ്രതിപക്ഷ നേതാവ് കേന്ദ്രത്തെ കുറ്റപ്പെടുത്താതെ കേരളത്തിന്റെ നികുതി പിരിവിന്റെ കുഴപ്പമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനം എന്ന് പറയുന്നത് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്? ബിജെപി ഗവൺമെന്റിനെ വിമർശിക്കുമ്പോൾ അദ്ദേഹം ഇത്രമേൽ അസ്വസ്ഥനാകുന്നത് എന്തുകൊണ്ടാണ്?
കേരളത്തിന്റെ തനത് വരുമാനത്തിൽ രണ്ടുവർഷംകൊണ്ട് ഇരുപത്തിനാലായിരം കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2021 ൽ 47000 കോടി രൂപയായിരുന്ന തനത് വരുമാനം 2023 ൽ 71000 കോടി രൂപയായി ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തനത് നികുതി വരുമാനവും വാർഷിക വരുമാന വർദ്ധനവുമാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. നിയമസഭയിൽ സമർപ്പിച്ചിട്ടുള്ള ഈ കണക്കുകൾ അറിയുന്ന പ്രതിപക്ഷ നേതാവ് സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഒരുമിച്ച് നിൽക്കാൻ തയ്യാറാകുകയാണ് വേണ്ടത്.
വി ഡി സതീശന്റെ പ്രതികരണം
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തെ ധനകാര്യ മിസ് മാനേജ്‌മെന്റ് ആണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതസന്ധിയിലേക്കു തള്ളിവിട്ടതെന്ന് സതീശൻ കുറ്റപ്പെടുത്തി. കിഫ്ബിക്കു വേണ്ടി അന്ന് 65,000 കോടി വായ്പയെടുത്തു, പെൻഷൻ ഫണ്ടിനു വേണ്ടി 8000 കോടിയെടുത്തു. ഇതെല്ലാം തുടർന്നു വരുന്ന സർക്കാരിന്റെ തലയിൽ ഇരിക്കട്ടെയെന്നു കരുതി. സർക്കാർ മാറിവന്നിരുന്നെങ്കിൽ തങ്ങളുടെ തലയിലിരിക്കേണ്ട പ്രതിസന്ധിയാണ് ബാലഗോപാലിന്റെ തലയിൽ വന്നിരിക്കുന്നതെന്ന് സതീശൻ വ്യക്തമാക്കി.
കേരളത്തിനു കിട്ടേണ്ട കേന്ദ്ര ഫണ്ട് നേടിയെടുക്കാൻ സംസ്ഥാനത്തുനിന്നുള്ള യുഡിഎഫ് എംപിമാർ കൂടെനിന്നില്ലെന്ന ധനമന്ത്രിയുടെ വാദം വിചിത്രമാണെന്ന് വിഡി സതീശൻ പറഞ്ഞു. ധനമന്ത്രി ഡൽഹിയിൽ എത്തുമ്പോൾ യുഡിഎഫ് എംപിമാരെ കാണാറില്ല. നിവേദനം കൊടുക്കുന്ന കാര്യം ആരെയും അറിയിച്ചിട്ടില്ല. സ്വന്തം കഴിവു കേടു മറച്ചുവയ്ക്കാൻ ധനമന്ത്രി യുഡിഎഫ് എംപിമാരുടെ മെക്കിട്ടു കയറുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
കിഫ്ബിയുടെ കടമെടുപ്പും പെൻഷൻ ഫണ്ടിനു വേണ്ടിയെടുത്ത പണവും കേരളത്തിന്റെ വായ്പാപരിധിയിൽ വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പു നൽകിയിരുന്നതാണ്. പ്രതിപക്ഷം ഇറക്കിയ രണ്ടു ധവളപത്രങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് പെൻഷൻ മുടങ്ങില്ല എന്നു വരുത്തിത്തീർക്കാൻ ബജറ്റിനു പുറത്ത് സംവിധാനമുണ്ടാക്കി കോടികൾ കടമെടുത്തു. അതെല്ലാം ഇപ്പോൾ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ വന്നിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ ധനപ്രതിസന്ധിക്കു കാരണം.
കെ സുരേന്ദ്രന്റെ പ്രതികരണം
ഓണത്തിന് മലയാളികളെ വഴിയാധാരമാക്കിയതിന് കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാമെന്ന് ധനമന്ത്രി ബാലഗോപാൽ കരുതേണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. താങ്കൾതന്നെ നിയമസഭയിൽ നൽകിയ മറുപടിയാണിത്. യു. പി. എ സർക്കാർ കൊടുത്തതിനേക്കാൾ അഞ്ചിരട്ടി തുകയാണ് മോദിജിയുടെ സർക്കാർ നികുതിവിഹിതമായും ഗ്രാന്റായും ഓരോ വർഷവും കേരളത്തിന് നൽകുന്നത്. കണക്കുകൾ കള്ളം പറയില്ല ശ്രീ നികുതിഗോപാൽ..
ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടിപടിയിൽ യുപിഎ സർക്കാർ 2012-13 വർഷത്തിൽ നൽകിയതിനേക്കാൾ അഞ്ച് മടങ്ങ് ഗ്രാൻഡും നികുതിയും എൻഡിഎ സർക്കാർ 2021-22 കാലത്ത് നൽകിയിട്ടുണ്ടെന്ന് വ്യക്തമായി പറയുന്നുണ്ട്. 2012ൽ 9862.18 കോടിയാണ് ആകെ സംസ്ഥാനത്തിന് കിട്ടിയതെങ്കിൽ 2021ൽ അത് 47,837.21 കോടിയാണ്.
യുപിഎ സർക്കാരിന്റെ കാലത്ത് എട്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും കേരളം അവഗണിക്കപ്പെട്ടു. എന്നാൽ മോദിയാണ് കേരളത്തെ ഏറ്റവും കൂടുതൽ സഹായിച്ച പ്രധാനമന്ത്രി. പരാതിയുണ്ടെങ്കിൽ കേരളത്തിലെ എല്ലാ എംപിമാരും ചേർന്ന് കേന്ദ്രധനകാര്യ മന്ത്രിയെ കാണാൻ തയ്യാറാവണം. അതിന് ബിജെപി ഐഎൻഡിഐഎ മുന്നണിയെ വെല്ലുവിളിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.




