- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുക്കി ഇഡി
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാക്കൾക്ക് കുരുക്ക് മുറുക്കി ഇഡി. കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചു. മുൻ എംപി പി കെ ബിജു, സിപിഎം തൃശൂർ കോർപറേഷൻ കൗൺസിലർ പി കെ ഷാജൻ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. ബിജുവിനോട് വ്യാഴാഴ്ചയും ഷാജനോട് വെള്ളിയാഴ്ചയും ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി മുൻ എംപിക്ക് പങ്കുണ്ടെന്നും അത് പി കെ ബിജുവാണെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കര പി കെ ബിജുവിന്റെ പേര് പറഞ്ഞ് പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ, പി കെ ബിജു ഈ ആരോപണങ്ങൾ നിഷേധിക്കുകയും തെളിവുകളുണ്ടെങ്കിൽ പുറത്ത് വിടാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ സതീഷ് കുമാറുമായി പി കെ ബിജുവിന് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകളുണ്ടെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ ആരോപണവും പി കെ ബിജു നിഷേധിച്ചിരുന്നു.
കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് നേരത്തെ ഇ ഡി നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കിലെ സിപിഎം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇത് അഞ്ചാം തവണയാണ് എം എം വർഗീസിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകുന്നത്.
അന്വേഷണ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും എം എം വർഗീസ് ഇത് കൈമാറിയില്ല. ഇതിന് പുറമെ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി ബിജു സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂരിൽ നിന്ന് തട്ടിയ പണമാണ് ഇതെന്നാണ് ഇഡിയുടെ വാദം. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.
കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് അഞ്ച് അക്കൗണ്ടുകൾ ഉണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ധനമന്ത്രാലയത്തിനും ഇ ഡി കത്ത് നൽകിയതിന് പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിനു പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചെന്നുമാണ് ഇഡി യുടെ കണ്ടെത്തൽ.