- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്
കൊച്ചി: മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്. ഈ മാസം 12 ന് നേരിട്ട് ഹാജരാകാനാണ് മുൻധനമന്ത്രിക്ക് എൻഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം.
കേസ് ഈ മാസം ഏഴിനു വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡി നോട്ടിസ് അയച്ചിരിക്കുന്നത്. എന്നാൽ ഇഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ഇഡി നോട്ടീസ് നിയമവിരുദ്ധമാണ് എന്നുമാണ് ഐസക്കിന്റെ നിലപാട്. കേസ് ഇനി പരിഗണിക്കുന്ന മാർച്ച് ഏഴിന് കിഫ്ബിയുടെയും ഐസക്കിന്റെയും ഹർജികൾ വീണ്ടും പരിഗണിക്കുമെന്ന് ഫെബ്രുവരി 19ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇഡി നൽകിയ സമൻസിൽ ഹാജരാകാമെന്ന് കിഫ്ബി അറിയിച്ച സാഹചര്യത്തിൽ തോമസ് ഐസക്കിനയച്ച സമൻസിന്റെ കാര്യം പിന്നീട് തീരുമാനിക്കാം എന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. ഇതനുസരിച്ച് കിഫ്ബി ഡിജിഎം, മാനേജർ എന്നിവർ ഫെബ്രുവരി 27, 28 തീയതികളിൽ ഇഡിക്കു മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ഏതു കാരണത്താലാണ് തനിക്ക് സമൻസ് തരുന്നതെന്ന കാര്യം ഇഡി വ്യക്തമാക്കിയിട്ടില്ലെന്നാണ് ഐസക്കിന്റെ വാദം. 2021ൽ മന്ത്രിസ്ഥാനം ഒഴിഞ്ഞു. അതിനു ശേഷം കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറുപടി പറയാൻ കഴിയില്ല. അതുവരെയുള്ള കാര്യങ്ങൾ ഇഡിക്ക് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ മസാല ബോണ്ട് ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐസക്കിനു കൂടുതൽ അറിയാമെന്ന് ഇഡിയും വാദിക്കുന്നു. അദ്ദേഹത്തെ ഇപ്പോൾ അറസ്റ്റ് ചെയ്യില്ലെന്നും ചോദ്യം ചെയ്യുക മാത്രമേയുള്ളൂവന്നും ഇഡി പറഞ്ഞിരുന്നു.
മസാല ബോണ്ട് സമാഹരണത്തിൽ കിഫ്ബി വിദേശ നാണയചട്ടം ലംഘിച്ചെന്നും റിസർവ് ബാങ്കിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കിഫ്ബിക്ക് എതിരെ അന്വേഷണം തുടങ്ങിയത്. എന്നാൽ ഇഡി തനിക്ക് തുടർച്ചയായി സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം. ബന്ധുക്കളുടെ അടക്കം 10 വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഹാജരാക്കണമെന്നും ഇഡിയുടെ സമൻസിൽ അവശ്യപ്പെട്ടിരുന്നുവെന്നും തോമസ് ഐസക്ക് വിമർശിക്കുന്നു.