- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ഏഴാം തവണയും ഇഡി നോട്ടീസ്
പത്തനംതിട്ട: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് നിർദ്ദേശം. മുൻപ് ആറ് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഐസക്ക് ഹാജരായിരുന്നില്ല. കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കവെ ഇ ഡി എതിർ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. കിഫ്ബി മസാല ബോഡിന്റെ ഫണ്ട് വിനിയോഗ തീരുമാനങ്ങളിൽ ഐസക്കിന് നിർണായക പങ്കുണ്ടെന്ന് ഇതിൽ ഇഡി വ്യക്തമാക്കി.
ഇഡിയുടെ അന്ത്യശാസന നോട്ടിസ് കിട്ടിയെന്ന് തോമസ് ഐസക് പ്രതികരിച്ചു. തന്റെ തിരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ച കോടതിയെ സമീപിക്കും. കോടതിയിൽ ഇരിക്കുന്ന കേസിൽ കൂടുതൽ പറയുന്നില്ല.
ഇഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയിലിരിക്കുന്ന കേസാണ്. കോടതിയിൽ നിന്ന് തന്നെ സംരക്ഷണം തേടും. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി.ഭീഷണിപ്പെടുത്തുന്നു. ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു.ഇതൊക്കെ വടക്കേയിന്ത്യയിൽ നടക്കും. ഇത് കേരളമാണെന്ന് ഇ.ഡി. ഓർക്കണമെന്നും തോമസ് ഐസക് പറഞ്ഞു
ഡൽഹിയിൽ ഇരിക്കുന്ന ആരുടെയെങ്കിലും ആഗ്രഹം കാരണമാകും തന്റെ പിന്നാലെ ഇ.ഡി വരുന്നതെന്നാണ് ഇന്നലെ തോമസ് ഐസക് പ്രതികരിച്ചത്. മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നത് പ്രധാനമാണെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഇ.ഡി സത്യവാങ്മൂലവും സമർപ്പിച്ചു. ഇ.ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുൻപിൽ കോടതിയെയും അധികാരികളെയും വെല്ലുവിളിക്കുകയാണെന്നും അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്റെ മൊഴിയെടുക്കണമെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് മെയ് 22-ലേക്ക് കോടതി മാറ്റി.
ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും സഹകരിക്കാത്തതിനാൽ 2022 ഓഗസ്റ്റ് മുതൽ അന്വേഷണം തടസ്സപ്പെടുകയാണെന്നാണ് ഇ.ഡി പറയുന്നത്. സമൻസ് അയയ്ക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടില്ലാത്തതിനാൽ നേരിട്ടു ഹാജരാകാത്ത ഐസക്കിന്റെ നടപടി നിയമ ലംഘനമാണെന്നും ഇ.ഡി പറയുന്നു. കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് തോമസ് ഐസക്കാണെന്നു കിഫ്ബി നൽകിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജനറൽ ബോഡിയുടെയും യോഗത്തിന്റെ മിനിറ്റ്‌സ് രേഖകൾ വ്യക്തമാക്കുന്നു.
ഫണ്ട് വിനിയോഗത്തിൽ ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് ഇവ സംബന്ധിച്ചു തോമസ് ഐസക്കിന് അറിവുണ്ടെന്നു സംശയമുണ്ടെന്നും അതിനാൽ അദ്ദേഹം ഹാജരായേ മതിയാകൂ എന്നുമായിരുന്നു ഇ.ഡി പറഞ്ഞത്. ഇതിന്റെ പിറ്റേന്നാണ് ഇ.ഡി ഐസക്കിന് വീണ്ടും സമൻസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കിയിരുന്നു.