തിരുവനന്തപുരം: സർക്കാരിന്റെ നവകേരള സദസ്സിനിടെ സംസ്ഥാനത്ത് 33 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോൾ യുഡിഎഫിന് വൻ മുന്നേറ്റം ഉണ്ടായത് കോൺഗ്രസിന് കരുത്താകും. യുഡിഎഫ് 17, എൽഡിഎഫ് 10, ബിജെപി 4, എസ്ഡിപിഐ 1, ആം ആദ്മി പാർട്ടി 1 എന്നിങ്ങനെയാണു കക്ഷിനില. എവിടെയും ഭരണമാറ്റമില്ല. വലിയ നേട്ടമാണ് ഉണ്ടായതെന്ന് കോൺഗ്രസ് ക്യാമ്പ് പറയുന്നു. സിപിഎം സംഘടനാ സംവിധാനം താഴെ തട്ടിൽ ശക്തമാണ്. ഇത് ഇളകിയതിന്റെ സൂചനയാണ് ഫലം. കുറച്ചു കാലമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാം നേട്ടം കോൺഗ്രസ് മുന്നണിക്കാണ്. അപ്പോഴും വ്യക്തമായ മേൽകൈ കിട്ടുമായിരുന്നില്ല. ഇത്തവണ അതും സംഭവിച്ചു.

ഒരു സ്വതന്ത്രൻ ഉൾപ്പെടെ 12 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന്റേത് 17 ആയി വർധിച്ചു. എൽഡിഎഫിന്റെ സീറ്റുകളുടെ എണ്ണം 12ൽ നിന്ന് 10 ആയും ബിജെപി സീറ്റുകളുടെ എണ്ണം ആറിൽ നിന്നു നാലായും കുറഞ്ഞു. 2 സീറ്റുണ്ടായിരുന്ന എസ്ഡിപിഐയുടേത് ഒന്നായി. എഎപി പുതുതായി ഒരു സീറ്റ് നേടി. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കും 3 നഗരസഭ, 24 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. സിപിഎമ്മിന് രണ്ടു സീറ്റ് കുറയുകയും ചെയ്തു. ബിജെപിയുടെ പരാജയമാണ് സിപിഎമ്മിന് തുണയായത്. അല്ലാത്ത പക്ഷം വലിയ തിരിച്ചടിയായി ഈ ഫലം മാറുമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതെല്ലാം പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

സിപിഎമ്മിൽ നിന്നു 3 പഞ്ചായത്ത് വാർഡുകളും സിപിഐയിൽ നിന്നും കേരള കോൺഗ്രസിൽ (എം) നിന്നും ഓരോ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും എസ്ഡിപിഐയിൽ നിന്ന് ഒരു പഞ്ചായത്ത് വാർഡും കോൺഗ്രസ് പിടിച്ചെടുത്തു. കോഴിക്കോട് വാണിമേൽ പഞ്ചായത്തിലെ കോടിയൂറ വാർഡ് ലീഗ് വിമതനിൽ നിന്നു കോൺഗ്രസ് നേടി. സിപിഎമ്മിന്റെ മൂന്നുസീറ്റ് കോൺഗ്രസും ഒരു സീറ്റ് ബിജെപി.യും പിടിച്ചെടുത്തു. ബിജെപി.യുടെ രണ്ടുസീറ്റ് സിപിഎമ്മും ഒരെണ്ണം സിപിഐ.യും കോൺഗ്രസിന്റെ ഒരു സീറ്റ് സിപിഎമ്മും സ്വന്തമാക്കി. ഈ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള എല്ലാ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മേൽക്കോയ്മ നേടിയിട്ടുണ്ട്.

2020 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ മെച്ചപ്പെട്ട വിജയം എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ഉണ്ടായിട്ടുണ്ട്. 33 സ്ഥലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കൈയും തരംഗവും യു.ഡി.എഫിനുണ്ടായിട്ടുണ്ട്. 33-ൽ 17 സീറ്റ് പിടിച്ചപ്പോൾ ഒരു സീറ്റ് ഒരു വോട്ടിനും മറ്റൊരു സീറ്റ് നാല് വോട്ടിനും മറ്റൊരു സീറ്റ് 30 വോട്ടിനുമാണ് നഷ്ടമായത്. അത്രയും വലിയ വിജയമാണ് ലഭിച്ചതെന്ന് കോൺഗ്രസ് പറയുന്നു. എറണാകുളം ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോൺഗ്രസിന് ജയം. വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത് പതിനാറാം വാർഡിൽ യുഡിഎഫിലെ ബിനിത പീറ്റർ വിജയിച്ചു. പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ യുഡിഎഫിലെ ലെ ആന്റോ പി സ്‌കറിയ വിജയിച്ചു.

കോഴിക്കോട് ജില്ലയിൽ നാലിടത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിന് നേട്ടം ഉണ്ടായി. വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബാക്കി മൂന്നിടങ്ങളിലും യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. തിരുവനന്തപുരം ജില്ലയിൽ അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്പൂർ വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അർച്ചന 173 വോട്ടുകൾക്കാണ് വിജയിച്ചത്. ആംആദ്മിയുടെ ഇടുക്കിയിലെ വിജയവും ചർച്ചകളിലുണ്ട്.

അതേസമയം, ഈരാറ്റുപേട്ട നഗരസഭയിൽ കുറ്റിമരം പറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വിജയം. 366 വോട്ടുകളാണ് എസ്ഡിപിഐ നേടിയത്. യുഡിഎഫ് 322 വോട്ടും എൽഡിഎഫ് 236 വോട്ടും നേടി. എസ്ഡിപിഐയുടെ സിറ്റിങ് സീറ്റാണ് കുറ്റിമരം പറമ്പ് ഡിവിഷൻ. മാള ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ (കാവനാട്) 567 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ നിത ജോഷി വിജയിച്ചത്. നിത 677 വോട്ട് നേടിയപ്പോൾ, എൽഡിഎഫ് സ്വതന്ത്രനു കിട്ടിയത് 110 വോട്ട് മാത്രം. ബിജെപി വെറും 29 വോട്ടിൽ ഒതുങ്ങി.