തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ബിജെപി പ്രഭാരി പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിഷയമാണ് വോട്ടെടുപ്പ് ദിവസം കത്തി നിന്നത്. ഇപി- ജാവദേക്കർ കൂടിക്കാഴ്‌ച്ച എന്തിനെന്നും രാഷ്ട്രീയമോ ബിസിനസോ എന്നും ചോദിച്ച് പ്രതിപക്ഷ നേതാവ് വിവാദത്തിന്റെ ചൂട് കൂട്ടി.

ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്. എന്നിട്ടിപ്പോൾ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ്. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും വിഡി സതീശൻ പറഞ്ഞു.

സിപിഎം ജീർണത ബാധിച്ച പാർട്ടിയായി മാറിയോ? ഇപി- ജാവദേക്കർ കൂടിക്കാഴ്‌ച്ച എന്തിന്?.രാഷ്ട്രീയമോ ബിസിനസോ ?. കരുവന്നൂർ അന്വേഷണം കടുപ്പിച്ചത് വോട്ടിനായാണ്. ഇപ്പോൾ അറസ്റ്റ് എന്ന് ഭീഷണിപ്പെടുത്തി പൊളിറ്റിക്കൽ ഡീലുണ്ടാക്കി. മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് ?.സിപിഎം നേതൃത്വം മറുപടി പറയണമെന്നും സതീശൻ പറഞ്ഞു.

ഇ.പി.ജയരാജനെതിരെ ഏതു വരെ സിപിഎമ്മിന് പോകാൻ കഴിയുമെന്ന് സംശയമുണ്ട്. പിണറായിക്ക് എല്ലാം അറിയാമെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ഇത്ര മോശമായ തെരെഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. വോട്ടിങ് മെഷീൻ വ്യാപകമായി കേടായി. തെരെഞ്ഞെടുപ്പിൽ ഇതനുസരിച്ച് സമയം നീട്ടി നൽകിയില്ല. വിശദമായ അന്വേഷണം വേണം. ആർക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥ ഉണ്ടായെന്നും സതീശൻ പറഞ്ഞു.

വോട്ടെടുപ്പിൽ നടന്നത് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമോ ?.ഒറ്റപ്പെട്ട സംഭവമല്ല. വ്യാപകമായി പ്രശ്‌നം ഉണ്ടായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പോളിങ് ശതമാനം കുറഞ്ഞതിൽ ഇതും ഒരു കാരണമാണ്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയില്ല. തിരഞ്ഞെടുപ്പിൽ 20-20 വിജയം ഉറപ്പാണ്. മുന്നണിയിൽ ഒരു അപസ്വരവുമില്ലാതെയാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. അതാ ണ് 20-20 ആത്മവിശ്വാസത്തിന് കാരണം. അത് കൂട്ടായ്മയുടെ വിജയമാണ്. ഒരു സീറ്റെങ്കിലും പോയാൽ പരിശോധിക്കും. തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതികരിക്കാതെ യെച്ചൂരി; ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം

ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കേരളത്തിലെ പാർട്ടി നേതാക്കൾ സംസാരിച്ചിട്ടുണ്ടെന്നും പറഞ്ഞ് യെച്ചുരി ഒഴിഞ്ഞുമാറി.

അതേസമയം, ഇപി ജയരാജൻ ഇന്നലെ നടത്തിയ തുറന്നു പറച്ചിൽ സിപിഎം കേന്ദ്ര നേതൃത്വത്തെയും ഞെട്ടിച്ചു. തന്നെ വീട്ടിലെത്തി പ്രകാശ് ജാവ്‌ദേക്കർ കണ്ടത് പാർട്ടിയെ അറിയിച്ചില്ലെന്നത് തെറ്റായി കണക്കാക്കും. സംസ്ഥാനതലത്തിൽ ആദ്യം പ്രശ്‌നം ചർച്ച ചെയ്ത ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിച്ചേക്കും. തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇക്കാര്യം ആലോചനാ വിഷയമായേക്കും.