തിരുവനന്തപുരം: ഇപി ജയരാജൻ വീണ്ടും സജീവമാകുന്നു. പിണറായിക്ക് ശേഷം സിപിഎമ്മിനെ നയിക്കേണ്ടത് താനാണെന്ന് ഇപി ജയരാജന് കരുതിയിരുന്നു. എന്നാൽ എം വി ഗോവിന്ദൻ സെക്രട്ടറിയായതോടെ അത് മങ്ങി. പാർട്ടി സെക്രട്ടറിയായ ഗോവിന്ദൻ രാജിവയ്ക്കുമെന്നും തനിക്ക് തളിപ്പറമ്പിൽ മത്സരിച്ച് എംഎൽഎയാകാമെന്നും ഇപി കരുതി. അതും നടന്നില്ല. ഇതോടെ പാർട്ടിയുമായി ഇപി അകന്നു. ഇതിന് മറുപടിയായി പി ജയരാജനെ കൊണ്ട് പഴയ റിസോർട്ട് വിവാദം കുത്തിപ്പൊക്കി. ഇതോടെ ഇപി ശാന്തനായി. അങ്ങനെ ഇടതു നേതൃത്വത്തിൽ സജീവമാകുകയാണ് ഇപി. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം എൽഡിഎഫ് നേതൃയോഗം ഇപി വിളിക്കുകയാണ്. കൺവീനർ ഇ.പി.ജയരാജൻ തന്നെ യോഗം വിളിക്കുകയും ചെയ്തു. ചികിത്സയുടെ പേരിൽ ജയരാജൻ അവധി നീട്ടിക്കൊണ്ടു പോയതുമൂലം മുന്നണിയോഗവും ചേരാതിരിക്കുകയായിരുന്നു.

കണ്ണൂരിൽ നിന്ന് ജയരാജൻ തലസ്ഥാനത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും പങ്കെടുക്കും. അതിനുശേഷം മൂന്നരയ്ക്കാണ് എൽഡിഎഫ്. നവംബർ 11ന് ആണ് ഇടതുമുന്നണിയുടെ പൂർണയോഗം ഒടുവിൽ ചേർന്നത്. സർക്കാരിനായി തയാറാക്കിയ വികസനരേഖ പരിഗണിച്ച യോഗം അക്കാര്യത്തിൽ ഓരോ പാർട്ടിയുടെയും അഭിപ്രായം തേടി. രേഖയുടെ തുടർചർച്ച ഇന്നുണ്ടായേക്കും. പൊതു രാഷ്ട്രീയസാഹചര്യവും കേന്ദ്രസർക്കാരിനെതിരെയുള്ള പ്രചാരണ, പ്രക്ഷോഭ പരിപാടികളും ചർച്ച ചെയ്യും. ഇതിലെല്ലാം ഇപിയുടെ സജീവ പങ്കെടുക്കലുണ്ടാകും. നേതൃത്വവുമായുള്ള എല്ലാ പ്രശ്‌നവും അവസാനിപ്പിക്കുകയാണ് ഇപി. കണ്ണൂരിലും കൂടുതൽ സജീവമാകും. പോളിറ്റ് ബ്യൂറോയിലും കോടിയേരിക്ക് ശേഷമെത്തുമെന്ന പ്രതീക്ഷ ഇപിക്കുണ്ടായിരുന്നു. അതും അട്ടിമറിക്കപ്പെട്ടു. അങ്ങനെ വേദനയിലേക്ക് പോകുമ്പോഴാണ് റിസോർട്ട് വിവാദം വെറുതെ ചർച്ചയാക്കിയത്.

ഒക്ടോബർ ആറു മുതൽ ഒരു മാസം ചികിത്സാർഥം അവധിയിലായ ഇ.പി.ജയരാജൻ പിന്നീട് അവധി നീട്ടുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായി എം വിഗോവിന്ദന്റെ ആരോഹണം പാർട്ടിയിൽ സീനിയറായ ഇപിക്ക് രസിക്കാഞ്ഞതാണ് നിസ്സഹകരണത്തിനു കാരണമെന്ന പ്രതീതിയുണ്ടായി. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇപിക്കെതിരെ പി.ജയരാജൻ അഴിമതി ആക്ഷേപം ഉന്നയിക്കുയും ചെയ്തു. ഇക്കാര്യത്തിൽ പാർട്ടിക്കു വിശദീകരണം നൽകാനായി രണ്ടാഴ്ച മുൻപ് സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയ ജയരാജൻ അതിനുശേഷവും നേതൃത്വത്തോട് അനിഷ്ടത്തിലായിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വരുത്തി ഒരു മണിക്കൂറിലേറെ സംസാരിച്ചു. അങ്ങനെ ഇപിയെ ശാന്തനാക്കി.

സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ആരോപണം ഉന്നയിച്ചത് എം വിഗോവിന്ദന്റെ പിന്തുണയോടെയാണെന്ന തോന്നലിലാണ് ഇപി. വിഷയം ചർച്ച ചെയ്ത സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷവും ഇപിയെ ന്യായീകരിക്കാൻ ഗോവിന്ദൻ തയാറായില്ല. പാർട്ടിയിൽ തിരുത്തൽ വേണമെന്നും ആര് എന്തു പറഞ്ഞാലും അതു നടക്കുമെന്ന പ്രതികരണത്തോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചന നൽകുകയും ചെയ്തു. എകെജി സെന്ററിൽ പാർട്ടി സെക്രട്ടറിയുടെ മുറിയോടു ചേർന്നാണ് എൽഡിഎഫ് കൺവീനറുടെ മുറി. കഴിഞ്ഞ ദിവസംവരെ ആ മുറി കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ ഇപി കൂട്ടാക്കിയിട്ടില്ല. എന്നാൽ ഇ പി ഇനി ആ മുറിയിൽ സജീവമായി ഉണ്ടാകും.

ജനപ്രതിനിധി അല്ലാത്ത സാഹചര്യത്തിൽ പാർട്ടി ആസ്ഥാനത്തു പ്രവർത്തിക്കേണ്ട സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പട്ടികയിലാണ് ജയരാജൻ. എന്നാൽ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനു ശേഷം ഇവിടെയെത്തി ചുമതല നിർവഹിക്കാനും അദ്ദേഹം തയാറായിട്ടില്ല.