- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇപിയുമായി അനുനയ നീക്കത്തിന് പോകില്ലെന്ന് തീരുമാനിച്ച എംവി ഗോവിന്ദൻ; കോടിയേരിയുടെ അഭാവത്തിൽ സിപിഎമ്മിലെ ഒറ്റപ്പെടൽ തിരിച്ചറിഞ്ഞ ഇപിയും; ഒടുവിൽ തൃശൂരിൽ എത്തി സമവായം; ഇനി പിണങ്ങിയാൽ ഇടതു കൺവീനർ സ്ഥാനവും നഷ്ടമാകും; ജനകീയ പ്രതിരോധ ജാഥയിൽ ഇപിയെ എത്തിച്ചത് സിപിഎം സമ്മർദ്ദം
തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അംഗീകരിച്ചില്ലെങ്കിൽ ഇപി ജയരാജന് ഇടതു കൺവീനർ സ്ഥാനം നഷ്ടമാകും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുത്തതോടെ സിപിഎമ്മിലെ കണ്ണൂരിലെ പ്രശ്‌നങ്ങളിൽ ശാന്തത വരുമെന്നാണ് കണക്കു കൂട്ടൽ. ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അകത്തിട്ടതിന് പിന്നാലെയാണ് ഈ നീക്കം. സെക്രട്ടറി എം വി ഗോവിന്ദൻ ഉറച്ച നിലപാട് എടുക്കുന്നതാണ് ഇതിന് കാരണം.
ആകാശ് തില്ലങ്കേരിയ്‌ക്കെതിരെ നടപടിയിലേക്ക് പോയിട്ടും പി ജയരാജൻ പാർട്ടിയെ തള്ളി പറഞ്ഞില്ല. ആകാശ് തില്ലങ്കേരിയെ അടക്കം തള്ളി പറഞ്ഞു. കണ്ണൂരിൽ ഗോവിന്ദന്റെ യാത്ര വിജയമാക്കാൻ ഓടി നടന്നു. എന്നാൽ ഇപി മാറി നിന്നു. ഇതെല്ലാം സിപിഎം ഗൗരവത്തോടെ ചർച്ചയാക്കി. പിജെയാണ് മികച്ച സംഘാടകൻ എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. ഇതെല്ലാം മനസ്സിലാക്കിയാണ് ഇപി ജാഥയുടെ ഭാഗമായത്. ഇതോടെ ഇപിയുടെ ജാഥാ ബഹിഷ്‌കരണ ചർച്ചകളും നിലയ്ക്കും.
ഇപിയുമായി അനുനയ നീക്കത്തിനു പോകേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. പാർട്ടി വേണോ എന്ന് ഇപി സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടിലേക്ക് ഗോവിന്ദൻ നീങ്ങി. ഇതോടെ ഇപിയിൽ സമ്മർദമായി. പിണങ്ങി മാറിനിന്നിട്ടും നേതൃത്വം അവഗണിക്കുകയും അനുനയ നീക്കം നടത്താതിരിക്കുകയും ചെയ്തതോടെ ഇപി ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുത്തു. ജൂനിയറായ എം വിഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിൽ ഇപിക്കു നീരസമുണ്ടായിരുന്നു. കുടുംബം നടത്തുന്ന ആയുർവേദ റിസോർട്ടിനെപ്പറ്റി പി.ജയരാജൻ ഉന്നയിച്ച പരാതിയിൽ വിശദീകരണം നൽകിയിട്ടും പാർട്ടി തീരുമാനം പ്രഖ്യാപിക്കാത്തതിലും പരിഭവമുണ്ടായി. ഇതു പ്രകടിപ്പിക്കാനാണ് യാത്രയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നത്.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനല്ലെന്നു പ്രഖ്യാപിക്കപ്പെട്ടിട്ടും മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള തീരുമാനം വൈകിയതോടെ ഇപി പിണങ്ങിയിരുന്നു. 2021 ൽ മത്സരിക്കാൻ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും പരിഭവിച്ചു. അപ്പോഴെല്ലാം പിണക്കം മാറ്റിയതു കോടിയേരി ബാലകൃഷ്ണനായിരുന്നു. കോടിയേരിയുടെ അഭാവം ഇപിയെ ദോഷമായി ബാധിക്കുന്നുണ്ട്. ഇപ്പോൾ ആരും അനുനയത്തിന് എത്തിയില്ല. മുഖ്യമന്ത്രി പിണറായി പോലും കൃത്യമായ അകലം പാലിച്ചു. ഗോവിന്ദന്റെ ജാഥ 12 ദിവസം പിന്നിട്ടിട്ടും ഇപി പങ്കെടുക്കാത്തതു കുറ്റമായി പാർട്ടി കാണുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കിയാണ് ഇപി വഴങ്ങിയത്.
ശനിയാഴ്ച തൃശ്ശൂർ ജില്ലയിൽ പര്യടനം തുടങ്ങിയ ജാഥയുടെ ആദ്യ ദിവസത്തെ സമാപനകേന്ദ്രമായ തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിലാണ് ഇപി പ്രസംഗിച്ചത്. കഴിഞ്ഞ ദിവസം നടന്ന സിപിഎം. സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെയാണ് ജയരാജൻ തൃശ്ശൂരിലെ സ്വീകരണയോഗത്തിലെത്തിയത്. അതേസമയം, പാർട്ടി നിർദേശമനുസരിച്ചാണ് ജാഥയിൽ പങ്കെടുക്കുന്നതെന്ന റിപ്പോർട്ടുകൾ ജയരാജൻ തള്ളി. പങ്കെടുക്കാൻ വൈകിയിട്ടില്ലെന്നും ജാഥ മാത്രമല്ല, സംഘടനാപ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ തൃശ്ശൂർ രാമനിലയത്തിലെത്തിയെങ്കിലും മറ്റ് സ്വീകരണകേന്ദ്രങ്ങളിലൊന്നും അദ്ദേഹം പങ്കെടുത്തില്ല. ജാഥയെത്തുന്നതിനു മണിക്കൂറുകൾക്കു മുമ്പുതന്നെ വേദിയിലെത്തിയ ജയരാജൻ ജാഥാലീഡർ എം വി ഗോവിന്ദൻ പ്രസംഗിക്കാൻ തുടങ്ങുമ്പോൾ തുടങ്ങുകയും ചെയ്തു.
കേരളത്തിന്റെ ഐശ്വര്യവും കരുത്തുമായ പിണറായി വിജയനെ തൊട്ടുകളിച്ചാൽ മനസ്സിലാവുമെന്ന് ജയരാജൻ പ്രസംഗത്തിൽ പറഞ്ഞു. പിണറായിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനും ഇല്ലാതാക്കാനും എത്രകാലമായി ശ്രമം നടക്കുന്നു. പിണറായിയെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിലാണ് തനിക്കു വെടിയേറ്റത്. പിണറായിയുടെ കഴുത്തുവെട്ടാൻ ആഹ്വാനംചെയ്തവരാണ് ആർ.എസ്.എസുകാർ. മുഖ്യമന്ത്രിയെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിലൂടെ കോൺഗ്രസ് നാശത്തിന്റെ കുഴിയാണ് കുഴിച്ചിട്ടുള്ളതെന്നും ജയരാജൻ പറഞ്ഞു.
ബിജെപിയും ആർഎസ്എസുമാണ് രാജ്യം ഭരിക്കുന്നത്. ജനങ്ങൾക്കുവേണ്ടി ഒരു ദൗത്യവും നിർവഹിക്കാത്തവരാണ് സംഘപരിവാർ. ബ്രിട്ടീഷ് ഭരണാധികാരികൾ വളർത്തിയെടുത്തതാണ് ആർഎസ്എസ്. സ്വാതന്ത്ര്യസമരത്തെ ദുർബലപ്പെടുത്തിയവരാണ് ആർഎസ്എസ്. കോൺഗ്രസ് ജനവിശ്വാസത്തെ സംരക്ഷിക്കാത്തതിനാലാണ് ബിജെപി 2014ൽ രാജ്യത്ത് അധികാരത്തിലെത്തിയത്. കോൺഗ്രസ് ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടു. 2024ൽ വീണ്ടും ലോക്സഭാ തെരഞ്ഞെടുപ്പ് വരികയാണ്. ബിജെപിയും ആർഎസ്എസും ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച് അധികാരം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗോവധ നിരോധനം, പൗരത്വ നിയമം, ലൗജിഹാദ്, കശ്മീർ, ഭാഷാ വിഭജനം എന്നിവ നടപ്പാക്കി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ഇവരുടെ ശ്രമം.
കോൺഗ്രസിന്റെ നിലപാടിൽ വ്യക്തതവേണം. ബിജെപിയെ എതിർക്കാൻ ത്രാണിയില്ലെങ്കിൽ കോൺഗ്രസ് അത് വ്യക്തമാക്കണം. എന്ത് വിശാല മുന്നണിയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. വസ്തുതകൾ വിലയിരുത്തി നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണം. താൻ ജാഥയിൽ പങ്കെടുക്കാത്തതിലായിരുന്നു മാധ്യമങ്ങളുടെ പരാതി. അതിപ്പോൾ മാറി. തിരക്കുകൾക്കിടയിലും ജാഥയിൽ എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ