കണ്ണൂർ: വ്യക്തിപൂജയിൽ സിപിഎമ്മിലെ നിത്യ വസന്തമാണ് പിണറായി വിജയൻ. ഇതുറപ്പിക്കുകായണ് ഇടതു കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ജനങ്ങളുടെ ആരാധന സ്വാഭാവികമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറയുന്നു. ചരിത്രപുരുഷന്മാർക്ക് ആരാധകരുണ്ടാവുക സ്വാഭാവികമാണ്. എങ്കിലും പാർട്ടി ഇക്കാര്യം സ്വയം വിമർശനപരമായി പരിശോധിക്കുമെന്ന് ജയരാജൻ പറയുന്നു. പാർട്ടിയിലെ ഭിന്നതയുടെ സ്വരം ജയരാജൻ തള്ളുന്നില്ലെന്നതാണ് ഏക ആശ്വാസം.

'അദ്ദേഹത്തിന് ഒരുപാട് കഴിവുകളുണ്ട്. അത് എല്ലാവരും അംഗീകരിക്കുന്നതാണ്. ആ കഴിവ് ഭരണരംഗത്തും രാഷ്ട്രീയരംഗത്തും സംഘടനാ രംഗത്തും ഉണ്ട്. അദ്ദേഹത്തിനുള്ള ആ പ്രത്യേകതയെ ആരാധിക്കുന്നവർ നിങ്ങൾ കാണുന്നതിലപ്പുറം ജനം ഇവിടെയുണ്ട്. ആ ആരാധനയുടെ ഭാഗമായിട്ടുണ്ടാകുന്ന കലാസൃഷ്ടികളാണ് ഇത്. തച്ചോളി ഒതേനനെക്കുറിച്ച് വീരാരാധനയുള്ള ഒരുപാട് പേരുണ്ട്. അതൊക്കെ ഒരു കാലഘട്ടത്തിലുണ്ടാകുന്ന പ്രത്യകതയുള്ള ഇതിഹാസപുരുഷന്മാരാണ്. ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരൊക്കെ അങ്ങനെയാണ്-ജയരാജൻ പറയുന്നു.

വ്യക്തി ആരാധനയ്ക്ക് കമ്യൂണിസ്റ്റുകാർ എതിരാണ്. പക്ഷെ വ്യക്തിത്വത്തെ മാനിക്കാതിരിക്കുന്നില്ല. മഹാനായ ലെനിൻ, ചെഗുവരേ ഉദാഹരണങ്ങളാണ്. പൊതുവെ ഇത്തരം കാര്യങ്ങൾ സ്വയം വിമർശനമായി പരിശോധിക്കാറുണ്ട്. ഇപ്പോൾ വരുന്ന കാര്യങ്ങളൊക്കെ പാർട്ടി പ്രവർത്തകർ വിമർശനപരമായും സ്വയം വിമർശനമപരമായും പരിശോധിക്കും' ജയരാജൻ വിശദീകരിച്ചു.

'കേരള സിഎം' എന്ന പേരിൽ യുട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിലാണ് പിണറായി വിജയനെ സ്തുതിക്കുന്നത്. പിണറായി വിജയൻ നാടിന്റെ അജയ്യൻ, നാട്ടാർക്കെല്ലാം സുപരിചിതൻ എന്നാണ് പാട്ടിന്റെ തുടക്കം. തീയിൽ കുരുത്തൊരു കുതിര, കൊടുങ്കാറ്റിൽ പറക്കും കഴുകൻ, മണ്ണിൽ മുളച്ചൊരു സൂര്യൻ, മലയാളനാട്ടിൽ മന്നൻ, ഇൻക്വിലാബിൻ സിംബൽ, ഇടതുപക്ഷ പക്ഷികളിൽ ഫീനിക്‌സ് പക്ഷി... ഇങ്ങനെ നീളുന്നു പാട്ടിൽ പിണറായി വിജയനെക്കുറിച്ചുള്ള വിശേഷണങ്ങൾ. പിണറായിയെ പുകഴ്‌ത്തുന്ന ഗാനം സിപിഎം ഏറ്റെടുക്കുമെന്ന സുൂചനയാണ് ലഭിക്കുന്നത്. പിണറായിയെ സ്തുതിച്ചുള്ള ഗാനത്തെ തള്ളിപ്പറയാൻ ഇപി ജയരാജനു പോലും ധൈര്യമില്ല. സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും പാട്ടിനെ തള്ളിപ്പറയില്ല.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിയുള്ള കേരള സിഎം എന്ന തട്ടുപൊളിപ്പൻ വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് ഇപിജയരാജന്റെ പ്രതികരണം. കൊവിഡിലെയും പ്രളയത്തിലെയും രക്ഷകനായി മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ഗാനത്തിൽ നിരവധി വിശേഷണങ്ങളും പിണറായി വിജയന് നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പാട്ട് എന്നാൽ ചില ഇടത് കേന്ദ്രങ്ങളിൽ നിന്നടക്കം വിമർശനവും നേരിടുകയാണ്. പി ജയരാജനെ ചെന്തരാകമാക്കിയ പിജെ ആർമിയുടെ പുകഴ്‌ത്തലുകളെ മുന്നിൽ നിന്നും എതിർത്തത് പിണറായിയാണ്. ജയരാജനെതിരെ പാർട്ടി നടപടികളും ആലോചനയിൽ വന്നു. എന്നാൽ പിണറായിയെ പുകഴ്‌ത്തിയ ഗാനത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണ്. പക്ഷേ അവർക്കാർക്കും ഒരു പ്രശ്നവും ഉണ്ടാകില്ല.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിയുള്ള മെഗാ തിരുവാതിര ഉണ്ടാക്കിയ വിവാദം കെട്ടടങ്ങുമ്പോഴാണ് പുതിയ പാട്ടിന്റെ രംഗപ്രവേശം. തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനായുമെല്ലാമാണ് പാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്.ബ്രണ്ണൻ കോളേജിലെ പിണറായിയുടെ പാർട്ടി പ്രവർത്തനവും വീഡിയോ ഗാനത്തിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് വിവാദം ഗൂഢാലോചനയെന്ന വിമർശനത്തോടെയാണ് പാട്ടിന്റെ തുടക്കം.ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് സിപിഎം തയ്യറെടുക്കുമ്പോഴാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. വരികളും നൃത്തവുമെല്ലാം യുവാക്കളെ ലക്ഷ്യമിട്ടാണ് .

കാരണഭൂതനെ ദൈവവാവതാരമാക്കിയത് മന്ത്രി വിഎൻ വാസവനാണ്. ദൈവം നൽകിയ വരം പോലെ പിന്നാലെ തുറമുഖമെന്ന വകുപ്പ് കൂടി വാസവന് കിട്ടി. ദൈവ പ്രീതിയിൽ കിട്ടുമെന്ന് വിശ്വാസികൾ വിശ്വസിക്കുന്ന സമ്മാനത്തിന് സമാനായി വാസവന് തുറമുഖ വകുപ്പ് കിട്ടിയതിനെ കാണുന്നവരുമുണ്ട്. ഏതായാലും അതിനെ വ്യക്തിപൂജയായാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കണ്ടത്. മാധ്യമങ്ങളോട് അങ്ങനെ പ്രതികരിക്കുകയും ചെയ്തു. ഏതായാലും പിണറായി ഫാൻസ് രണ്ടും കൽപ്പിച്ചാണ്. പിജെ ആർമിയേക്കാൾ കരുത്ത് അവർക്കുണ്ട്. അതുകൊണ്ട് തന്നെ സിപിഎം നേതൃത്വവും ഈ വ്യക്തിപൂജ കണ്ടില്ലെന്ന് നടിക്കും. ഇതിന് തെളിവാണ് ഇപിയുടെ നിലപാട് വിശദീകരണവും

"പിണറായി വിജയൻ...നാടിന്റെ അജയ്യൻ...
നാട്ടാർക്കെല്ലാം സുപരിചിതൻ...
തീയിൽ കുരുത്തൊരു കുതിരയെ...
കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനെ...
മണ്ണിൽ മുളച്ചൊരു സൂര്യനെ...മലയാള നാടിൻ മന്നനെ...'

എന്നിങ്ങനെയാണ് ഗാനത്തിന്റെ വരികൾ പോകുന്നത്. നിഷാന്ത് നിളയാണ് വരികളും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സാജ് പ്രൊഡക്ഷൻ ഹൗസ് എന്ന യൂട്യൂബ് പേജിലൂടെയാണ് ഗാനം പുറത്തു വിട്ടിരിക്കുന്നത്. ഗാനത്തിന് പിന്നിൽ സിപിഎം നേതൃത്വത്തിലുള്ളവർക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും പിണറായി ഫാൻസാണ് പിന്നിലെന്ന് വ്യക്തം. അടിപൊളിയായാണ് ചിത്രീകരണം. ഏതായാലും വീഡിയോ യൂ ട്യൂബിൽ വൈറലാണ്. അതുകൊണ്ട് തന്നെ ഇനിയും സമാന വീഡിയോകൾ പിണറായി സ്തുതിയുമായി യു ട്യൂബിലെത്തുമെന്നാണ് സൂചന.