തിരുവനന്തപുരം: പാപിയുടെ കൂടെ കൂടി ശിവനും പാപിയായി..... മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കുകളിലുണ്ട് വരാൻ പോകുന്ന നടപടിയുടെ സൂചന. ഇത് മനസ്സിലാക്കി ഇപി ജയരാജൻ സ്വയം തീരുമാനം എടുക്കുമെന്ന് സൂചന. ഇടതു കൺവീനർ സ്ഥാനം ജയരാജൻ രാജിവച്ചേക്കും. വീണ്ടും പാർട്ടിയിൽ നിന്നും അവധി എടുക്കാനും സാധ്യതയുണ്ട്. സിപിഎം സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ഇതിൽ ഇപിയുടെ ബിജെപി ചർച്ചയടക്കം വിഷയമാകും. തിരഞ്ഞെടുപ്പ് അവലോകനവും നടക്കും. പോളിങ് കുറഞ്ഞത് ഇടതിന് കരുത്താകുമെന്നാണ് പൊതുവേ സിപിഎമ്മിലെ വിലയിരുത്തൽ.

പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിശദീകരിച്ചിട്ടുണ്ട്. ഇതോടെ സിപിഎമ്മിന് അനഭിമതനായി ഇപി മാറിയെന്നാണ് വ്യക്തമായി. പിണറായിയുടെ പരസ്യ പ്രതികരണത്തിൽ ഇപിയും നിരാശനാണ്. ഈ സാഹചര്യത്തിൽ ജയരാജൻ കടുത്ത തീരുമാനം എടുക്കും. മുമ്പും ജയരാജൻ അവധിയിൽ പോയിരുന്നു. എംവി ഗോവിന്ദൻ സിപിഎം സെക്രട്ടറിയായപ്പോഴായിരുന്നു ഇത്. തന്നെ സിപിഎമ്മിനുള്ളിൽ ചിലർ ഒതുക്കുന്നുവെന്ന പരാതി ഇപിക്കുണ്ടായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടൽ മാറാതെ സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്.

ജയരാജനെതിരെ മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയിലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. സി പി എം-ബിജെപി ഒത്തുകളിക്ക് ഇതിലും വലിയ തെളിവില്ലന്ന നിലയിലാണ് യു ഡി എഫ് പ്രചാരണം. ദല്ലാൾ നന്ദകുമാറുമായുള്ള ചങ്ങാത്തത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ കുറ്റപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രതികരണം. ഇത്തരം കൂട്ടുകെട്ടുകളിൽ ജാഗ്രത പുലർത്താൻ മുൻപും ഇപി ജയരാജന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

പ്രകാശ് ജാവദേക്കർ ദല്ലാൾ നന്ദകുമാറിനൊപ്പം മകന്റെ ഫ്‌ളാറ്റിൽ വന്ന് തന്നെ കണ്ടുവെന്ന് ഇപി വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം എത്തിയത്. ബിജെപി.-സിപിഎം. രഹസ്യബന്ധമെന്ന യു.ഡി.എഫ്. ആരോപണം നിലനിൽക്കേ പ്രകാശ് ജാവദേക്കറെ കണ്ടിരുന്നതായി ഇ.പി. ജയരാജൻതന്നെ തുറന്നുപറഞ്ഞത് അക്ഷരാർഥത്തിൽ ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ അദ്ദേഹം തള്ളിപ്പറഞ്ഞതാണെന്നും ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തിറങ്ങിയതോടെ വിവാദം കത്തിപ്പടർന്നു. രാഷ്ട്രീയചർച്ച സ്ഥിരീകരിച്ച് ബിജെപി. നേതാവ് ശോഭാസുരേന്ദ്രനും വിവാദത്തിന് എരിവുപകർന്നു. ദല്ലാൾ നന്ദകുമാറിന്റെ പക്കലുള്ള രേഖകളെ ഭയന്നാണ് ഇ.പി. നിയമനടപടി സ്വീകരിക്കാത്തതെന്നും അവർ വെല്ലുവിളിച്ചു.

കൂടിക്കാഴ്ച അത്ര നിസ്സാരമായി കാണാനാവില്ലെന്നാണ് ഇടതുപക്ഷത്തുതന്നെയുള്ള അഭിപ്രായം. ജാവദേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ലെന്ന് ഇ.പി. വാദിക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ച പരസ്യപ്പെടുത്താൻ അദ്ദേഹം വോട്ടെടുപ്പുദിനം തിരഞ്ഞെടുത്തതിലാണ് അസ്വാഭാവികത. ഇതിലുമുണ്ട് നേതാക്കൾക്ക് നീരസം. വിവാദം വോട്ടിനെ ബാധിക്കാതിരിക്കാൻ, അതേറ്റുപിടിക്കരുതെന്ന് സിപിഎം. നേതൃത്വം താഴെത്തട്ടിൽ നിർദ്ദേശം നൽകിയിരുന്നു. കാര്യമായി ആരും ഇ.പി.യെ പ്രതിരോധിച്ച് രംഗത്തുവന്നില്ല. സിപിഎം. സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻപോലും 'കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം' എന്ന പതിവ് വിമർശനത്തിനപ്പുറം പോയില്ല. കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു.