- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാവദേക്കർ-ജയരാജൻ കൂടിക്കാഴ്ചയിൽ ചർച്ച; ഇടത് കൺവീനർ മാറുമോ?
തിരുവനന്തപുരം: ഇപി ജയരാജനെതിരെ സിപിഎം നിലപാട് ഇന്ന് വ്യക്തമാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. കേന്ദ്രകമ്മറ്റി അംഗമായ ജയരാജനെതിരെ നടപടി എടുക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിന് കഴിയില്ല. എന്നാൽ ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ജയരാജനെ മാറ്റാൻ ഈ യോഗത്തിന് കഴിയും. അതിനിടെ ജയരാജൻ സ്ഥാനം ഒഴിയുമെന്നും പാർട്ടിയിൽ നിന്നും അവധി എടുക്കുമെന്നും അഭ്യൂഹമുണ്ട്. നേരത്തേയും ആരോഗ്യ കാരണങ്ങളാൽ ജയരാജൻ അവധി എടുത്തിരുന്നു. രാഷ്ട്രീയ വിവാദങ്ങളുടെ സമയത്തായിരുന്നു അതും. ഇന്നത്തെ യോഗത്തിൽ ഇപിയും പങ്കെടുക്കും. തനിക്കെതിരെ ആരോപണങ്ങളെ ഇപി നേരിട്ടെത്തി പ്രതിരോധിക്കും. തന്നെ ഒറ്റപ്പെടുത്തിയാൽ എല്ലാം തുറന്നു പറയുമെന്ന സന്ദേശം നേതൃത്വത്തിന് ഇപി നൽകിയേക്കും.
ഇ.പി.ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ വിവാദം ആളിക്കത്തുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരുന്നത്. ഇ.പി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന നിർണായക സെക്രട്ടറിയേറ്റ് പോളിംഗിന് ശേഷമുള്ള സ്ഥിതി അവലോകനം ചെയ്യും. മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടു കണക്കുകൾ വിശദമായി പരിശോധിക്കും. 11 സീറ്റിൽ വരെ ജയ സാധ്യത ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇ.പി വിവാദം തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല എന്നാണ് കരുതുന്നന്നതെങ്കിലും വിഷയം പരിശോധിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്ര കമ്മറ്റി അംഗത്തിനെതിരെ നടപടി എടുക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിന് കഴിയില്ല.
നന്ദകുമാർ അടക്കം വിവാദ വ്യക്തികളുമായുള്ള ഇപിയുടെ ബന്ധത്തിലും ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട് . ഇടതുമുന്നണി കൺവീനറുടെ നടപടിയിൽ സിപിഐയും കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ട് തന്നെ ഇടതു കൺവീനർ സ്ഥാനം ജയരാജന് ഒഴിയേണ്ടി വരുമെന്നാണ് വിലയിരുത്തൽ. അതിനിടെ സൈബർ സഖാക്കൾ ഇപിയ്‌ക്കെതിരെ വിമർശനം തുടരുന്നുണ്ട്. ഇ.പി.ജയരാജനെ ഉന്നമിട്ടു സമൂഹമാധ്യമ പോസ്റ്റുകളുമായി റെഡ് ആർമിയും പോരാളി ഷാജിയും സജീവമാണ്.
കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളുമായി റെഡ് വൊളന്റിയർമാരെ നോക്കി പി.ജയരാജൻ നിൽക്കുന്ന ചിത്രമാണ് 2 പേജുകളിലും പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയാകാൻ വരെ യോഗ്യതയുള്ള നേതാവ് എന്ന തരത്തിൽ കമന്റുകളും വരുന്നുണ്ട്. 'പി.ജെ.ആർമി' എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ വാഴ്‌ത്തുപാട്ടുകളുമായി നിറഞ്ഞവരാണ് ഇപ്പോൾ 'റെഡ് ആർമി' എന്ന പേരിൽ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇടപെടുന്നത്.
'കണ്ണൂരിൻ താരകമല്ലോ ചെഞ്ചോരപ്പൊൻ കതിരല്ലോ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ പേരിലുയർന്ന വ്യക്തിപൂജ വിവാദത്തിന്റെ പേരിൽ പി.ജയരാജന് വിമർശനം നേരിടേണ്ടി വന്നു. ഇതു സംബന്ധിച്ച് പാർട്ടി നടത്തിയ അന്വേഷണത്തിൽ പി.ജയരാജന് ക്ലീൻ ചിറ്റ് നൽകിയതിനു പിന്നാലെയാണ് പി.ജെ ആർമിയുടെ പേര് 'റെഡ് ആർമി' എന്നായി മാറ്റുന്നത്.