തിരുവനന്തപുരം: ബിജെപി. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് വിശദീകരിച്ച് വിവാദം തണുപ്പിക്കാൻ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഇപിയുടെ പ്രതികരണം. ഇടതു കൺവീനർ സ്ഥാനം ഇപി ഒഴിയുമെന്ന പ്രചരണം ശക്തമാണ്. ഇതിനിടെയാണ് ആരോപണങ്ങൾക്ക് ഇപി മറുപടി പറയുന്നത്.

മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മരിച്ചപ്പോഴാണ് അവരെ നേരിട്ട് കണ്ടെതെന്നും അദ്ദേഹം ആവർത്തിച്ചു. തന്നെപ്പോലെയുള്ളൊരാൾക്ക് ശോഭാ സുരേന്ദ്രനെ പോയികണ്ടു സംസാരിക്കേണ്ടകാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. രണ്ടുവർഷമായി ഡൽഹിയിൽ പോയിട്ടെന്നും ലളിത് ഹോട്ടലിൽ ഇതുവരെ പോയിട്ടില്ലെന്നും ഇ.പി. പറഞ്ഞു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ ശേഷമാണ് ഇപിയുടെ പ്രതികരണം. പാർട്ടി വിരുദ്ധ പ്രവർത്തനമൊന്നും നടത്തിയിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം കൂടിയായ ജയരാജൻ വിശദീകരിച്ചു.

'കേരളത്തിൽ എന്റെ പൊസിഷൻ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? ഇവരെപ്പോലെ അല്പബുദ്ധികൾ ചിന്തിക്കുക എന്നല്ലാതെ? ഞാനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവർത്തകനല്ലേ? ഞാൻ പോയി ബിജെപിയിൽ ചേരുമോ, കേരളത്തിൽ? അയ്യയ്യയ്യേ, വൃത്തികെട്ട ഇങ്ങനത്തെ കാര്യങ്ങൾ...', ഇ.പി. പ്രതികരിച്ചു. 'എനിക്ക് ആ സ്ത്രീയെ ഇഷ്ടമല്ല, പണ്ടേതന്നെ. അവരുടെ പ്രസംഗങ്ങളൊക്കെ കുഴപ്പം പിടിച്ചതാണ്. ഫോണിൽ പോലും ആ സ്ത്രീയോട് ഞാൻ സംസാരിച്ചിട്ടില്ല. തന്നെ ലക്ഷ്യമിടുന്നതിന് പിന്നിൽ ആസൂത്രിതമായ പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ദല്ലാൾ എന്തിനാണ് ജാവഡേക്കറേയും കൂട്ടി എന്റെയടുത്തേക്ക് വന്നത് എന്നാണ് ചോദിക്കേണ്ട ചോദ്യം. ദല്ലാളും കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവുമായുള്ള ബന്ധമല്ലേ അന്വേഷിക്കേണ്ടത്?', അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ മുന്നിൽ ഘടകകക്ഷികളാരും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. ആർക്കും സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അധികാരവും അവകാശവുമുണ്ടെന്നായിരുന്നു സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തോട് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴുള്ള മറുപടി. കൺവീനർ സ്ഥാനത്തുനിന്ന് മാറ്റും, രാജിവെക്കും എന്നാണ് പറയുന്നതെന്ന ചോദ്യത്തോട് കുറച്ച് കാത്തിരിക്കൂവെന്നായിരുന്നു ഇ.പിയുടെ പ്രതികരണം.

ശോഭാ സുരേന്ദ്രൻ ബിജെപി. വിട്ട് സിപിഎമ്മിൽ ചേരുമെന്ന് ഇടയ്ക്ക് വാർത്തയുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അത് താനും കേട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഒരാൾ എന്നെവന്നുകാണുന്നത് പാർട്ടിയെ റിപ്പോർട്ട് ചെയ്യേണ്ട പ്രശ്നമെന്താണുള്ളത്? പാർട്ടി നേതാക്കളെ പലരും വന്ന് കാണും, അങ്ങനെ കണ്ടുപരിചയപ്പെടുന്നതെല്ലാം പാർട്ടിയെ പോയി റിപ്പോർട്ട് ചെയ്യേണ്ടതുണ്ടോ?', ജാവഡേക്കറെ കണ്ടത് പാർട്ടിയെ അറിയിച്ചോയെന്ന ചോദ്യത്തിന് മറുപടിയായി ഇ.പി. പറഞ്ഞു.

വെണ്ണലയിലെ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽവെച്ചും ഡൽഹിയിൽവെച്ചും തൃശ്ശൂർ രാമനിലയിൽത്തിൽവെച്ചും ഇ.പിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ വിശദീകരിച്ചിരുന്നു ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേദിവസം ഇ.പി. പിന്മാറുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇതിനോടാണ് ജയരാജന്റെ പ്രതികരണം.