തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം കത്തിപ്പടരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാനായി എകെജി സെന്റിൽ ഇ പി ജയരാജൻ എത്തിയത് ആരോപണങ്ങളെ പ്രതിരോധിക്കാൻ. യോഗത്തിൽ തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ഈ വിവാദവും ചർച്ചയാകാനാണ് സാധ്യത. എതിർക്കുന്നവർക്ക് കൃത്യമായ മറുപടി ഇപി നൽകും. അതിനിടെ ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൽ സിപിഎമ്മിലെ പ്രധാനിയെ നേരത്തെ തന്നെ ഇപി അറിയിച്ചിരുന്നുവെന്നും സൂചനയുണ്ട്. എന്നാൽ സിപിഎമ്മിനെ ഔദ്യോഗികമായി അറിയിച്ചില്ല. ഇതും ഇപി യോഗത്തിൽ ചർച്ചയാക്കും.

ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചപ്പോൾ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് ഇ പി ജയരാജൻ. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാർട്ടിയെ അറിയിക്കാത്തിരുന്നതെന്നു ഇ പി ജയരാജൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേ ഇല്ലെന്ന് ഇ പിയുടെ വിശദീകരണം. ശോഭ സുരേന്ദ്രനെതിരെ നിയമനടപടി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സിപിഎമ്മിലെ പ്രമുഖനെ എല്ലാം ഇപി അറിയിച്ചിരുന്നുവെന്നാണ് സൂചന. ഇക്കാര്യത്തിലും സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി നിലപാട് അറിയിക്കും

സിപിഎമ്മിലെ ആർക്ക് പ്രശ്‌നമുണ്ടായാലും മുന്നിൽ നിന്നും പ്രതിരോധം തീർക്കുന്ന ആളാണ് ഞാൻ. വിമാനത്താവളത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ പോലും താൻ ശക്തമായി പ്രതികരിച്ചു. പക്ഷേ തന്നെ കുടുക്കാൻ ഗൂഢാലോചന നടക്കുമ്പോൾ പാപിയും ശിവനുമൊക്കെ ചിലർ ചർച്ചയാക്കി. എന്നും പാർട്ടിക്ക് വേണ്ടി നിന്ന സഖാവാണ് താനെന്നും പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി വിശദീകരിക്കും. തന്നെ സംശയ നിഴലിൽ നിർത്താൻ ചില പാർട്ടിക്കാർക്കും താൽപ്പര്യമുണ്ടെന്ന് ഇപി സെക്രട്ടറിയേറ്റ് യോഗത്തിൽ വിശദീകരിക്കും. യോഗത്തിൽ ഉയരുന്ന വിമർശനങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. ഇതിനൊപ്പം ഇടതു കൺവീനർ സ്ഥാനം ഒഴിയാമെന്ന സന്നദ്ധതയും അറിയിക്കും.

മനോരമയിലെ കള്ളവാർത്തയെ പോലും നിയമ നടപടികളിലൂടെ തോൽപ്പിച്ച ചരിത്രമാണ് തനിക്കുള്ളത്. ഇപ്പോഴത്തെ വിവാദങ്ങളേയും കോടതിയിൽ ചോദ്യം ചെയ്യും. എന്നാൽ പാർട്ടിയിലെ പലരും പല വിവാദങ്ങളുണ്ടായിട്ടും കോടതിയിൽ പോകാൻ പോലും തയ്യാറായില്ലെന്ന വിമർശനവും ആരോപണമുയർന്നാൽ ഇപി ചർച്ചയാക്കും. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് തെരഞ്ഞെടുപ്പ് ദിവസം തന്നെ തുറന്നു പറഞ്ഞത് പുകമറ ഒഴിവാക്കാനെന്ന് ഇ.പി. ജയരാജൻ നേരത്തെ പറഞ്ഞിരുന്നു.

തന്നെ കരുവാക്കി ഗൂഢാലോചനക്കാർ ലക്ഷ്യം വെച്ചത് പാർട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ്. മുഖ്യമന്ത്രിയുടെ ശിവൻ, പാപി പരാമർശങ്ങൾ സമൂഹം അംഗീകരിക്കേണ്ട പൊതുധർമമാണെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞില്ലെങ്കിൽ തെരഞ്ഞെടുപ്പ് ദിവസം ചില മാധ്യമങ്ങൾ മറ്റൊരു വിഷയം കണ്ടെത്തിയേനെ. എന്തുകൊണ്ട് ആരോപണം നിഷേധിക്കുന്നില്ല എന്ന് വോട്ടെടുപ്പിന്റെ തലേദിവസം നടന്ന മാധ്യമ ചർച്ചകളിൽ ഉയർന്നുകേട്ടിരുന്നു-ഇതാണ് ജയരാജന്റെ നിലപാട്.

ഒരു വിഷയം കിട്ടിയില്ലെങ്കിൽ മറ്റൊരു വിഷയം മാധ്യമങ്ങൾ ഉയർത്തി കൊണ്ടു വന്നേനെ. ഇതിന് പിന്നിൽ ഒരു വിഭാഗം മാധ്യമങ്ങൾക്ക് പ്ലാനിങ് ഉണ്ടായിരുന്നു. അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണെന്നും ഇതാണ് ജയരാജന്റെ വിശദീകരണം. വിഷയത്തിൽ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ചർച്ചകളാണ് മാധ്യമങ്ങളിൽ നടന്നത്. സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ആക്രമിക്കാനുള്ള ശ്രമമാണ് നടന്നത്. അതിലെ ഒരു ഭാഗമാണ് താൻ. ഒരേ വിഷയം ഒരേ സമയത്ത് ഒരേ പ്ലാനിൽ ചർച്ച നടത്തിയതിന് പിന്നിൽ മാധ്യമ ഗൂഢാലോചനയുണ്ടെന്നും ഇപി വിശദീകരിക്കും.