തിരുവനന്തപുരം: ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുക്കാത്തതിന് കാരണം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി രണ്ടക്കത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന വിലയിരുത്തലിൽ. കാസർകോടും വടകരയും കണ്ണൂരും കോഴിക്കോടും ആലത്തൂരും പത്തനംതിട്ടയിലും ആറ്റിങ്ങലിലും ആലപ്പുഴയിലും സിപിഎം ജയിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ഇതിനൊപ്പം തൃശൂരിലും മാവേലിക്കരയിലും സിപിഐയും ജയിക്കുമെന്നാണ് സിപിഎം നിരീക്ഷണം. ഈ സാഹചര്യത്തിൽ ഇടതു കൺവീനറെ മാറ്റുന്നത് ശരിയല്ലെന്നായിരുന്നു നിഗമനം. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വീണ്ടും ഫയൽ തുറക്കാൻ സാധ്യത ഏറെയാണ്.

കൂടുതൽ സീറ്റുകൾ ജയിക്കുന്ന ഇടതു കൺവീനർക്കെതിരായ അച്ചടക്ക നടപടിക്ക് പ്രസ്‌ക്തിയില്ലെന്നായിരുന്നു സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടാക്കുന്ന തീരുമാനം തൽകാലം വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തത്. ഇത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അംഗീകരിച്ചു. ഇതോടെ ഇപി വിഷയത്തിൽ പ്രശ്ന പരിഹാവുമായി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഈ വിഷയം സിപിഎം കേന്ദ്ര കമ്മറ്റി പരിശോധിക്കാനും സാധ്യതയുണ്ട്. ഇപി ഇനി പാർട്ടിയുടെ കർശന നിരീക്ഷണത്തിലാകും. മോശം കുട്ടുകെട്ടുകളിൽ നിന്നും ഇപിയെ രക്ഷിക്കാൻ വേണ്ടിയാണ് ഇത്.

ബിജെപി നേതാവുമായി ഇ.പി.ജയരാജൻ കൂടിക്കാഴ്ച നടത്തിയതു ന്യായീകരിക്കാനാകില്ലെന്നു തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട്. ജയരാജൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമാണ്. ഈ നിലയിലുള്ള പെരുമാറ്റവും നിലപാടുമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്നും അവാസ്തവങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ് കൊടുക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജയരാജനു നിർദ്ദേശം നൽകി. എന്നാൽ ഇപിക്കെതിരെ അച്ചടക്ക നടപടിയൊന്നും സിപിഎം കൈക്കൊണ്ടില്ല. അച്ചടക്ക നടപടിയുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് ഇപി യോഗത്തിന് എത്തിയത്. തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്തു. ഇതോടെ ഉപദേശത്തിലേക്ക് അച്ചടക്ക നടപടി ഒതുങ്ങുകയായിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന പ്രതിഫലനങ്ങൾ തിരിച്ചറിഞ്ഞ് പിണറായിയും ഇപിയെ കൈവിട്ടില്ല. പാർട്ടിക്ക് വേണ്ടി വെടിയേറ്റ് വീണിട്ടും പതറാതെ മുന്നേറിയ സഖാവിനെ തൽകാലം പരസ്യമായി സിപിഎം സംസ്ഥാന നേതൃത്വം ഇനി തള്ളി പറയില്ല. വിശ്വാസമില്ലെങ്കിൽ ഇടതു കൺവീനർ സ്ഥാനം ഒഴിയാമെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനെ ഇപി ജയരാജൻ അറിയിച്ചത്. എന്നാൽ കൂട്ടുകെട്ടുകൾ ശ്രദ്ധിച്ചാൽ മതിയെന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ഇതിനപ്പുറമൊരു വിമർശനത്തിന് മറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളും മുതിർന്നില്ല. ഇതോടെ രാജിവയ്ക്കാമെന്ന ജയരാജന്റെ നിർദ്ദേശം തള്ളുകയും ചെയ്തു.

ജയരാജനെതിരെ സംഘടനാ നടപടി എടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് കഴിയുകയുമില്ല. കേന്ദ്ര കമ്മറ്റി അംഗമായ ജയരാജനെതിരെ നടപടി എടുക്കാൻ ആ ഘടകത്തിനേ കഴിയൂ. അവിടെ ഈ വിഷയം ആരെങ്കിലും ഉയർത്തിയാൽ അവിടേയും സിപിഎം സംസ്ഥാന നേതൃത്വം ഇപിയെ തന്നെ പിന്തുണയ്ക്കും. ഇപിയെ പ്രകോപിപ്പിക്കാതെ കൂടെ നിർത്താനുള്ള ചർച്ചകളാണ് സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടായത്. മുഖ്യമന്ത്രിയുടെ പരസ്യ ശാസന തന്നെ ഇപിക്കുള്ള വലിയ നടപടിയായി സിപിഎം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഇടതു കൺവീനർ പദവി ഇപിയിൽ നിന്നും എടുത്തു മാറ്റാത്തത്. കണ്ണൂരിൽ ഇപിയുടെ വീഴ്ചയ്ക്കായി കാത്തിരിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവരോട് പിണറായിക്കും താൽപ്പര്യമില്ല. ഇതെല്ലാം ഇപിയുടെ തെറ്റിനുള്ള ശിക്ഷ ഉപദേശ ശാസനയിൽ ഒതുക്കാൻ കാരണമായി.

ആലപ്പുഴ ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ പറയുകയും ചെയ്തു. ശോഭയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇ.പി ജയരാജന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മ്യൂണിസ്റ്റ് വിരോധമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് എം.വി ഗോവിന്ദൻ തിരുവനന്തപുരത്ത് ചേർന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ഫലത്തിൽ ഇപിക്ക് ഇതു വലിയ ആശ്വാസമാണ്.

'എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇപി ജയരാജൻ തുടരും. നിയമപരമായ തുടർ നടപടിക്ക് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്. ശോഭ സുരേന്ദ്രനെ ഡൽഹിയിലും തൃശൂരും കണ്ടെന്ന വാദം തെറ്റാണ്. രാഷ്ട്രീയ എതിരാളികളെ കണ്ടാൽ പ്രത്യേയശാസ്ത്രം തകരുമെന്നത് പൈങ്കിളി സങ്കൽപ്പമാണ്'- എംവി ഗോവിന്ദൻ പറഞ്ഞു.