തിരുവനന്തപുരം: പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷയെടുക്കൽ സമരം നടത്തിയ മറിയക്കുട്ടിക്കെതിരായ വാർത്ത പാർട്ടിക്ക് കളങ്കമായെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പാർട്ടിക്ക് അതൊരു കളങ്കം തന്നെയാണ്. പക്ഷേ, എല്ലാ പാർട്ടികൾക്കും മാധ്യമങ്ങൾക്കും സംഭവിക്കുന്ന ചെറിയ പിശകുകൾ തന്നെയാണ് ദേശാഭിമാനിക്ക് പറ്റിയത്. അത് തിരുത്തി. ദേശാഭിമാനിക്കുണ്ടാകുന്ന പിശക് പാർട്ടിയെ ആണ് ബാധിക്കുക. തീർച്ചയായും അത് പാർട്ടിയെ ബാധിച്ചെന്നും ഇ.പി. ജയരാജൻ പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ പ്രായമായ സ്ത്രീയെ കോടതിയിൽ പോകാനൊക്കെ പ്രേരിപ്പിക്കുന്നത് വലിയ കഷ്ടമാണെന്നും ഇപി പറഞ്ഞു. നവകേരള സദസ്സിനായി ആഡംബര ബസ്സ് വാങ്ങിയത് വലിയ കാര്യമൊന്നുമല്ല. പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണ്. വാങ്ങിയ ബസ്സ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്‌നമെന്നും ഇപി ജയരാജൻ പറഞ്ഞു.

കേരള ബാങ്ക് ലീഗ് പങ്കാളിത്തം കോൺഗ്രസിന് വെപ്രാളമുണ്ടാക്കുകയാണ്. മുസ്ലിംലീഗിന് കിട്ടുന്ന അംഗീകാരം കോൺഗ്രസിന് സഹിക്കുന്നില്ല. അത് ലീഗുകാർ തിരിച്ചറിയും. എൽഡിഎഫ് ഭരണ നേട്ടങ്ങളുടെ നെറുകയിലാണ്. നവകേരള സദസ്സ് നാളെ തുടങ്ങുകയാണ്. പ്രാദേശിക പ്രശ്‌നങ്ങൾ അറിയാനും പരിഹരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഭരണ നിർവ്വഹണത്തിന്റെ പുതു മാതൃക. പുതിയ കേരള സൃഷ്ടിയാണ് ലക്ഷ്യം. ജനങ്ങൾ വലിയ പ്രതീക്ഷയിലാണ് കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലാത്ത കാലം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ. കേരളീയത്തിൽ നിന്ന് നേതാക്കൾ വിട്ടുനിന്നെങ്കിലും അണികളും ജനങ്ങളും പങ്കെടുത്തുവെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

അതേസമയം, തനിക്കെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ ഇരുന്നൂറ് ഏക്കർ സ്വദേശി മറിയക്കുട്ടി കോടതിയെ സമീപിച്ചു. അടിമാലിയിലെ അഡ്വ. പ്രതീഷ് പ്രഭയുടെ ഓഫീസിലെത്തി മറിയക്കുട്ടി വക്കാലത്ത് ഒപ്പിട്ടു നൽകി. ഭേശാഭിമാനിക്കെതിരെ അടിമാലി കോടതിയിൽ ഹർജി നൽകുന്നതിനാണ് അഭിഭാഷകനെ സമീപിച്ചത്. മുടങ്ങിയ പെൻഷൻ ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കുവാനും വക്കാലത്ത് നൽകിയിട്ടുണ്ട്.