- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ പി സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സൂചന
കണ്ണൂർ: ബിജെപി രംഗപ്രവേശന വിവാദത്തെ തുടർന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ.പി ജയരാജൻ പങ്കെടുത്തേക്കില്ല. ഞായറാഴ്‌ച്ച പകൽ മുഴുവൻ ഇ.പി കണ്ണൂരിലുണ്ട്. രാത്രിയിൽ തിരുവനന്തപുരത്തേക്ക് പോകാനുള്ള ട്രെയിൻ ബുക്ക് ചെയ്തിട്ടില്ലെന്നാണ് ഇ.പിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
ഇൻഡിഗോ വിമാന കമ്പനിയുമായുള്ള തർക്കം കാരണം ഇ.പി ജയരാജൻ ഒരുവർഷത്തിലേറെയായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യാറില്ല. ആരോഗ്യപരമായ കാരണങ്ങൾ ഉള്ളതുകൊണ്ടു കെ. എസ്. ആർ.ടി.സി വോൾവോ ബസിലും അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാറില്ല. വന്ദേഭാരതിലാണ് ഇ.പി തിരുവനന്തപുരത്തേക്ക് സാധാരണയായി പോയിവരാറുള്ളത്. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ട അതിവേഗ ട്രെയിനായ വന്ദേഭാരതിൽ അദ്ദേഹം സീറ്റ് റിസർവ് ചെയ്തിട്ടില്ലെന്നാണ് വിവരം.
തനിക്കെതിരെ പാർട്ടി നടപടിയുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇ.പി ജയരാജൻ. തനിക്കെതിരെ നടപടി എന്തിനാണെന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്്. തനിക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്ന് പറയുന്നത് എന്തിനെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് ചോദിച്ചു. ബിജെപി പ്രവേശന വിവാദത്തിൽ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കുകയായിരുന്നു. ആരോപണം നിഷേധിച്ചില്ലെങ്കിൽ തുടർച്ചയായി മാധ്യമങ്ങൾ വാർത്ത കൊടുക്കുമായിരുന്നില്ലേ. അതിനാലാണ് വോട്ടെടുപ്പ് ദിവസം സത്യം പറഞ്ഞത്.
തനിക്ക് മുഖ്യമന്ത്രി നൽകിയ വിമർശനം രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നു. ചൂഷണം ചെയ്യാൻ പലരും വരും .അതിൽ കുടുങ്ങരുതെന്ന ഉപദേശമാണ് മുഖ്യമന്ത്രി നൽകിയത്. ദല്ലാൾ നന്ദകുമാറിന് തന്നെ ചതിക്കാനോ പറ്റിക്കാനോ കഴിഞ്ഞിട്ടില്ല. മനുഷ്യരാണ,് ചില തെറ്റുകൾ പറ്റിയാൽ തിരുത്തി മുൻപോട്ടുപോകുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. തനിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്. കാര്യങ്ങൾ അന്വേഷിക്കാതെ ചില മാധ്യമങ്ങളും ഇതിനൊപ്പം ചേർന്നു.
ശോഭാ സുരേന്ദ്രനെ തനിക്ക് നേരിട്ട് പരിചയമില്ല. ഇവിടെ യഥാർത്ഥത്തിൽ നടന്നത് വേട്ടയാടലാണ്. ഇലക്ഷന് മുൻപ് താൻ സി.പി. എം വിട്ടു ബിജെപിയിലേക്ക് പോകുമെന്നാണ് വാർത്ത പ്രചരിപ്പിച്ചത്. താനെന്താ ഒരാളെ കണ്ടാൽ പാർട്ടിവിട്ടു ബിജെപിയിലേക്ക് പോകുമോയെന്നും ഇ.പി ചോദിച്ചു. മുഖ്യമന്ത്രി നൽകിയത് എല്ലാവർക്കുമുള്ള സന്ദേശമാണെന്നാണ് കരുതുന്നത്. സി.പി. എം തകർക്കാനാണ് ഇതു ചെയ്യുന്നത്. സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ഒരു പ്രസക്തിയില്ല. ഒരു ദിവസം കൊണ്ടു മാറുന്നതാണോ തന്റെ രാഷ്ട്രീയമെന്നും ഇ.പി ചോദിച്ചു.
വൈദേകത്തിനെതിരെ നടന്ന ഇ.ഡിയും ആദായ നികുതിവകുപ്പും റെയ്ഡ് നടത്തിയെന്ന വാർത്തകൾ ചില മാധ്യമങ്ങൾ തനിക്കെതിരെ ബോധപൂർവ്വം നൽകി്. വ്യക്തിഹത്യയാണ് തനിക്കെതിരെ നടന്നത്. ദല്ലാൾ നന്ദകുമാർ ഒരു ചതിയുടെ ഭാഗമായാണ് പ്രകാശ് ജാവേദ്ക്കറെ വീട്ടിലേക്ക് കൊണ്ടു വന്നതെന്നു ഇപ്പോൾ മനസിലാക്കുന്നു. വീട്ടിൽ വരുന്നവരോട് ഇറങ്ങിപോകാൻ പറയുന്ന ശീലം തനിക്കില്ല. ഒരു ചായ കുടിച്ചു രാഷ്ട്രീയം പറഞ്ഞാണ് ഇരുവരും പരിപാടികളിൽ പങ്കെടുക്കാൻ പിരിഞ്ഞത്. പ്രകാശ് ജാവദേക്കർ മുൻ കേന്ദ്രമന്ത്രിയായിരുന്ന ആളല്ലേ എന്നും ഇ.പി ജയരാജൻ ചോദിച്ചു.
വൈദേകത്തിനെതിരെ ചില മാധ്യമങ്ങൾ കള്ളക്കഥകൾ ചമയ്ക്കുകയാണ്. അവിടെ ഇൻകമൊന്നുമില്ല. പിന്നെങ്ങനെയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നും ഇ.പി ചോദിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ കമ്പനിയെ കുറിച്ചു പൂർണവിവരങ്ങൾ ഇന്റർനെറ്റ് നോക്കിയാൽ എല്ലാവർക്കും മനസിലാകും. എന്നിട്ടും ചിലർ കള്ളക്കഥ മെനയുകയാണെന്നും ഇ.പി ജയരാജൻ മാധ്യമങ്ങളെ കുറ്റപ്പെടുത്തി.