തിരുവനന്തപുരം: എക്‌സാലോജിക് തങ്ങളെ ഇത്ര വലിയ കുരുക്കിൽ കൊണ്ടുചെന്നുചാടിക്കുമെന്ന് സിപിഎം കരുതിയിരുന്നില്ല, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വന്നുചാടിയ എസ്എഫ്‌ഐഒ സംഘത്തിന്റെ അന്വേഷണ ലക്ഷ്യം സിഎംആർഎൽ അല്ല എക്‌സാലോജിക്കും വീണ വിജയനുമാണന്ന് തിരിച്ചറിഞ്ഞതോടെയാണ് ബദൽ നീക്കവുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. വിവാദ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ തേടി വീണയ്ക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) സമൻസ് അയച്ചിരിക്കുകയാണ്. കരിമണൽ കമ്പനിയായ സിഎംആർഎലും എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വിവിധ രേഖകൾ ആവശ്യപ്പെട്ടു സമൻസ് നൽകിയിരിക്കുന്നത്.

ഇതോടെ മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുഖ്യമന്ത്രിയുടെ മകൾ കേന്ദ്ര ഏജൻസിയുടെ മുന്നിൽ ഹാജരാകേണ്ടി വരുന്നത് പാർട്ടിക്ക് ക്ഷീണമാണെന്ന കാര്യത്തിൽ തർക്കമില്ല. ഇതോടെ, പാർട്ടിക്കുള്ളിൽ എക്‌സാലോജിക്കിനെ ന്യായീകരിക്കാൻ പാർട്ടി രേഖ തന്നെ വിശദീകരണ കുറിപ്പായി ഇറക്കേണ്ടി വന്നു.

നേതാക്കളുടെ കുടുംബത്തിനുനേരെ ഉയരുന്ന ആരോപണങ്ങളെ പാർട്ടി രേഖയിലൂടെ വിശദീകരിക്കുന്ന സമീപനം പൊതുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിക്കാറില്ല. നേരത്തെ, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ ജയിലിൽ കിടന്നപ്പോൾ പോലും ന്യായീകരിക്കാൻ പാർട്ടി രംഗത്തെത്തിയിരുന്നില്ല. പകരം, കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്ത് മാറിനിൽക്കുകയായിരുന്നു. കേന്ദ്ര ഏജൻസിയുടെ ഇടപെടലിനെതിരെ പാർട്ടി പിന്തുണയുണ്ടായില്ലെന്ന വിഷമം അന്ന് കോടിയേരി നേതാക്കളോട് പങ്കുവെച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. ബിനീഷിനെതിരായ കേസിൽ റെയ്ഡ് നടന്നപ്പോൾ, കുടുംബം നിയമപരമായി കൈകാര്യം ചെയ്യുമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനീഷിന്റേത് മയക്കുമരുന്ന് കേസാണെന്നും അതിൽ ഇടപെടാൻ പാർട്ടിക്ക് പരിമിതികൾ ഉണ്ടെന്നുമായിരുന്നു നേതാക്കളുടെ വിശദീകരണം.

കോടിയേരിയുടെ മകന്റെ കാര്യത്തിൽ സ്വീകരിക്കാത്ത നിലപാട് എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ മകളുടെ കാര്യത്തിൽ പാർട്ടി സ്വീകരിച്ചുവെന്നതിൽ വ്യക്തത വരുത്താനാണ് ശ്രമം. ജില്ലാ തലത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അടക്കമുള്ള സംസ്ഥാന സെക്രട്ടേറിയറ്റിലെ നേതാക്കളും മണ്ഡലംതലത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് വിശദീകരിച്ചത്. തിരഞ്ഞെടുപ്പിൽ ജനങ്ങളോട് വിശദീകരിക്കേണ്ട കാര്യങ്ങൾ, പ്രസംഗത്തിൽ ഊന്നൽ നൽകേണ്ട വിഷയങ്ങൾ എന്നിവയ്ക്കായിരുന്നു പാർട്ടി ക്ലാസ്.

ഇതിനുപുറമേ,ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ മണ്ഡലം ശിൽപശാലയിൽ വിതരണംചെയ്യുന്ന രേഖയിലാണ് മുഖ്യമന്ത്രിയുടെ മകളേയും കമ്പനിയേയും വെള്ളപൂശിയുള്ള പരാമർശങ്ങൾ ഉള്ളത്. ഇടപാടുകളെപ്പോലും വക്രീകരിക്കാനുള്ള നടപടിയാണ് കമ്പനിക്കെതിരായ ആരോപണങ്ങളും അന്വേഷണമെന്നും പാർട്ടി രേഖയിൽ പറയുന്നു.

'വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടുകളെപ്പോലും വക്രീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിൽ ഇക്കാര്യത്തിൽ അവരുടെ വാദം കേൾക്കാതെയാണ് പ്രചാരണം നടത്തിയത്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തേയും സംസ്ഥാന സർക്കാരിനേയും തേജോവധം ചെയ്യുകയെന്നത് തങ്ങളുടെ രാഷ്ട്രീയ അജൻഡയായി തന്നെ ഇവർ മുന്നോട്ടുവെക്കുകയാണ്', എന്ന് രേഖയിൽ പറയുന്നു.

വീണാ വിജയന്റെ പേര് പറയാതെ അവരുടെ കമ്പനിയുടെ പേര് പറഞ്ഞാണ് ന്യായീകരണം. എക്സാലോജിക്കിന് പണം നൽകിയ സ്വകാര്യ കരിമണൽ കമ്പനി സി.എം.ആർ.എല്ലിനെക്കുറിച്ചും പേര് പറഞ്ഞ് രേഖയിൽ പരാമർശമില്ല. സർക്കാരിന്റെ വികസനത്തിനെതിരെ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനേയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്നും രേഖയിൽ പറയുന്നു. വ്യക്തിപരമായി തേജോവധം ചെയ്യാൻ കേന്ദ്ര ഏജൻസികളും അതുപോലെയുള്ള സ്ഥാപനങ്ങളും കള്ളക്കഥ മെനയുന്നു. സ്വർണം എവിടെനിന്ന് വന്നു, ആരിലേക്കെത്തി എന്ന് അന്വേഷിക്കാനാണ് സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചത്. എന്നാൽ, അതുപയോഗിച്ച് മുഖ്യമന്ത്രിയേയും പാർട്ടിയേയും തേജോവധം ചെയ്യാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും രേഖയിലുണ്ട്.

വീണയ്‌ക്കെതിരെ ആകെയുള്ള ആരോപണം, 1.72 കോടിക്ക് മതിയായ സേവനം നൽകിയില്ല എന്നതാണ്. ഇക്കാര്യത്തിൽ സിഎംആർഎല്ലിന് പരാതിയുമില്ല, കേസുമില്ല. ഒരന്വേഷണത്തെയും ഭയപ്പെടുന്നില്ല, ഈയൊരു ലൈനിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോഴും, കർണാടക ഹൈക്കോടതി വിധി എതിരായാൽ കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന ആശങ്ക മുതിർന്ന നേതാക്കൾക്കുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വീണയെ എസ്എഫ്‌ഐഒ ചോദ്യം ചെയ്യുന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതായിരിക്കും എന്നതാണ് നേതാക്കളെ അലട്ടുന്നത്.