തിരുവനന്തപുരം: പശ്ചിമേഷ്യയിലെ ശാശ്വത സമാധാനത്തിന് ഹമാസിനെ പൂർണമായി നിരായുധീകരിക്കണമെന്ന വി ടി ബൽറാമിന്റെ പോസ്റ്റിനെതിരെ മുൻ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ യു.എൻ ഇടപെട്ട് ഇരുരാജ്യങ്ങളുടെയും അതിർത്തി നിശ്ചയിക്കണമെന്നും മൂന്നുദിവസം മുമ്പിട്ട പോസ്റ്റിൽ ബൽറാം അഭിപ്രായപ്പെട്ടിരുന്നു.

ബൽറാമിന്റെ പോസ്റ്റ്:

ഇരു രാജ്യങ്ങളും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കുക. ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കുക. ഐക്യ രാഷ്ട്ര സഭ ഇടപെട്ട് ഇസ്രയേൽ-ഫലസ്തീൻ അതിർത്തികൾ കൃത്യമായി നിശ്ചയിക്കുക. ആ അതിർത്തികളെ ബഹുമാനിക്കാൻ ഇരുകൂട്ടരേയും പ്രേരിപ്പിക്കുക.

ഭാവിയിൽ കൂടുതൽ അധിനിവേശങ്ങൾ ഉണ്ടാവില്ലെന്ന് ലോക രാഷ്ട്രങ്ങൾ ചേർന്ന് ഉറപ്പിക്കുക. നിരപരാധികളുടേയും കുട്ടികളുടേയും ചോര തെരുവുകളിൽ വാർന്നൊഴുകുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ല. ഇവിടെ സേഫ് സോണിലിരുന്ന് ഇരുഭാഗത്തും പക്ഷം ചേർന്ന് ആക്രോശങ്ങൾ മുഴക്കുന്ന രക്തദാഹികളെയും വെറുപ്പിന്റെ വ്യാപാരികളേയും തിരിച്ചറിയുക.

അതേസമയം, ബൽറാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാൻ പറ്റുന്ന പ്രശ്നമല്ല ഫലസ്തീൻ സംഘർഷമെന്ന് ഫാത്തിമ തഹ്ലിയ പറഞ്ഞു. ഇസ്രയേലിന്റെ അധിനിവേശമാണു സംഘർഷത്തിനു കാരണം. അത് അവസാനിപ്പിക്കാതെ അവിടെ സമാധാനമുണ്ടാകില്ലെന്നും അവർ പറഞ്ഞു.

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രയേൽ അധിനിവേശം ചെറുത്തുതോൽപ്പിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവും അവരുടെ മുന്നിലില്ല. അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്. അക്രമികളെയും അവരെ പ്രതിരോധിക്കുന്നവരെയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി ചിത്രീകരിക്കുന്നത് നീതിയല്ല. നിഷ്പക്ഷത എല്ലായ്‌പ്പോഴും ശരിയായ പക്ഷമാകില്ല-ഫാത്തിമ തഹ്ലിയ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫാത്തിമ തഹ്ലിയയുടെ പോസ്റ്റിന്റെ പൂർണരൂപം:

വി.ടി. ബൽറാം പറയുന്ന പോലെ ലളിതമായി പരിഹരിക്കാൻ പറ്റുന്ന പ്രശ്‌നമല്ല ഇസ്രയേൽ ഫലസ്തീൻ സംഘർഷം. രാജ്യാതിർത്തികൾ ബഹുമാനിക്കുന്ന ശീലം ഇസ്രയേലിന് ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെയൊരു പ്രതിസന്ധി തന്നെ ഉണ്ടാകുമായിരുന്നില്ല. ഇസ്രയേലിന്റെ അധിനിവേശമാണ് ഈ സംഘർഷത്തിന് കാരണം. അതവസാനിപ്പിക്കാതെ ആ മേഖലയിൽ സമാധാനം ഉണ്ടാകില്ല.

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രയേൽ അധിനിവേശം ചെറുത്ത് തോൽപ്പിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവും അവരുടെ മുന്നിലില്ല. അക്രമവും പ്രതിരോധവും രണ്ടും രണ്ടാണ്. അക്രമികളേയും അവരെ പ്രതിരോധിക്കുന്നവരേയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളായി ചിത്രീകരിക്കുന്നത് നീതിയല്ല. നിഷ്പക്ഷത എല്ലായ്‌പ്പോഴും ശരിയായ പക്ഷമാവില്ല. നിരുപാധികമായി ഫലസ്തീൻ ജനതയോടൊപ്പം നിൽക്കലാണ് ഇന്നിന്റെ ശരി. പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം!