- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവി രാഷ്ട്രീയ തീരുമാനം ഉടനില്ലെന്ന് ബിനു പുളിക്കക്കണ്ടം; പാലായിൽ ജോസ് കെ മാണിക്കെതിരെ ഫ്ളക്സുകൾ
കോട്ടയം: തന്നെ പുറത്താക്കിയ സിപിഎം തീരുമാനത്തെ വിമർശിച്ചു ബിന്ു പുളിക്കകണ്ടം. ജോസ് കെ. മാണിയുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് സിപിഎം. തനിക്കെതിരെ നടപടി എടുത്തതെന്ന് ബിനു വിമർശിച്ചു. ചില ആളുകളുടെ താല്പര്യങ്ങൾ കണക്കിലെടുത്താണ് പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയെന്നും ബിനു ആരോപിച്ചു. സിപിഎം നേതൃതീരുമാനത്തിൽ അണികൾക്കിടയിൽ എതിർപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം തീരുമാനങ്ങളെ വിമർശിക്കില്ല. രാഷ്ട്രീയ അഭയംതേടി വന്ന ജോസ് കെ. മാണിയെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ട്. പാർട്ടിയുടെ വെറും ബ്രാഞ്ച് അംഗത്തെ വേണോ, ഒരു രാഷ്ട്രീയ പാർട്ടിയുള്ള ജോസ് കെ. മാണിയെ വേണോ എന്ന് പാർട്ടിക്ക് തോന്നിയിട്ടുണ്ടാകും. പ്രദേശിക സിപിഎം പ്രവർത്തകർക്ക് തീരുമാനത്തിൽ അതൃപ്തിയുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വിളിച്ച് സംസാരിച്ചു. രാഷ്ട്രീയ തീരുമാനം ഉടനില്ലെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.
ഇതിനിടെ, പാലായിൽ ജോസ് കെ. മാണിക്കെതിരെ ഫ്‌ളക്‌സ് ബോർഡുകൾ നിറഞ്ഞിട്ടുണ്ട്. പാലാ പൗരാവലിയുടെ പേരിലാണ് നഗരത്തിന്റെ പലയിടത്തും ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. 'തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ. മാണി നാടിന് അപമാനം, ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യങ്ങൾ' എന്നാണ് ഫ്‌ളക്‌സുകളിലുള്ളത്.
പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെയും ഇടതുപക്ഷവിരുദ്ധ സമീപനത്തിന്റെയും പേരിലാണ് ബിനുവിനെതിരായ നടപടിയെന്ന് സിപിഎം. പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എം. ജോസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. നേരത്തേ, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ ബിനു പുളിക്കക്കണ്ടം പരസ്യവിമർശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ പാർട്ടി കടുത്ത നടപടിയെടുത്തത്.
നേരത്തേ വൻ വിവാദമായ ആപ്പിൾ എയർപോഡ് മോഷണത്തിൽ ബിനു പുളിക്കക്കണ്ടത്തിലിന്റെ പേര് വാർത്തകളിൽ നിറഞ്ഞിരുന്നു. പാലാ നഗരസഭയിലെ കേരള കോൺഗ്രസ് (എം) കൗൺസിലർ ജോസ് ചീരാംകുഴിയുടെ എയർപോഡാണ് മോഷണം പോയത്. ആഴ്ചകൾക്ക് മുമ്പ് ഈ എയർപോഡ് മാഞ്ചസ്റ്ററിൽ ജോലിചെയ്യുന്ന പാലാ സ്വദേശിനിയായ യുവതി പൊലീസിന് നൽകുകയായിരുന്നു. പിന്നാലെ ബിനുവിനെ പ്രതിയാക്കി പാലാ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.