- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയെ ഗൗരവത്തോടെ കാണാത്തത് തോൽവിയായി; സത്യം പറഞ്ഞ് ജി സുധാകരനും
ആലപ്പുഴ: തോമസ് ഐസക്കിന് പിന്നാലെ സത്യം പറയുകയാണ് ജി സുധാകരനും. സിപിഎമ്മിന് സംഭവിച്ചത് എന്തെന്ന് സുധാകരനും പിടികിട്ടി. സിപിഎമ്മിൽ നിന്നും ഒതുക്കപ്പെട്ട നേതാവാണ് സുധാകരൻ. ഒന്നാം പിണറായി സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായി തിളങ്ങിയ നേതാവ്. അഴിമതി മുക്തമാക്കി ആ വകുപ്പിനെ കാത്തു സൂക്ഷിച്ച മന്ത്രി. പക്ഷേ രണ്ടാം പിണറായി സർക്കാർ സുധാകരനെ തഴഞ്ഞു. സംസ്ഥാന സമിതിയിൽ നിന്നും മാറ്റി ആലപ്പുഴയിലേക്ക് അയച്ചു. പിന്നീട് പാർട്ടി വേദികളിലൊന്നും സുധാകരനെ സജീവമാക്കിയില്ല. ഇതിനെല്ലാം പിന്നിൽ പിണറായി പകയാണെന്ന വാദം ചർച്ചകളിലെത്തി. ഇത് സ്ഥിരീകരിക്കുകയാണ് സുധാകരൻ. ഒപ്പം പാർട്ടിക്ക് സംഭവിച്ചത് എന്തെന്നും പറയുന്നു. ജനങ്ങളിൽ നിന്നും സിപിഎം അകന്നു പോയെന്നും അണികൾ പോലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ലെന്നും ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരുകാലത്ത് ആലപ്പുഴയിലെ സിപിഎമ്മിനെ നയിച്ചിരുന്നവരാണ് സുധാകരനും ഐസക്കും.
വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന സുധാകരനെ കൂടെ നിർത്തിയാണ് ആലപ്പുഴയിൽ പിണറായി വിജയൻ ആധിപത്യം നേടിയത്. എന്നാൽ ആ പിണറായി ബന്ധം തള്ളുകയാണ് ഇന്ന് ജി സുധാകരൻ. തനിക്ക് പിണറായിയുമായി പഴയപോലുള്ള മാനസിക അടുപ്പമില്ലെന്ന് പറഞ്ഞ ജി സുധാകരൻ വി എസ് അച്യുതാനന്ദന് അപ്പുറം അന്നും ഇന്നും തനിക്കൊരു നേതാവില്ലെന്നും ജി സുധാകരൻ പറഞ്ഞു. ന്യൂസ് 18 കേരളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജി സുധാകരന്റെ പ്രതികരണം. ലോക്‌സഭയിലെ തോൽവിക്ക് പിന്നാലെയാണ് സുധാകരൻ തുറന്നു പറയുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സുധാകരൻ പങ്കെടുത്ത പരിപാടിയിൽ മന്ത്രി സജി ചെറിയാൻ എത്തിയിരുന്നില്ല. പരിപാടി തുങ്ങാൻ വൈകുകയും ചെയ്തു. ഇതെല്ലാം വലിയ ചർച്ചയായി. പിന്നാലെയാണ് സുധാകരൻ മനസ്സ് തുറന്നത്.
എളമരം കരീമിനെതിരെ ആരോപണം ഉന്നയിക്കുന്നുണ്ട് സുധാകരൻ. അമ്പലപ്പുഴ അന്വേഷണ കമ്മീഷൻ അംഗമായിരുന്നു ഇളമരം കരിം. കരിം ആലപ്പുഴയുടെ ഭൂമിശാസ്ത്രം അറിയാത്തയാളാണെന്നും പരാതിയുടെ യാഥാർത്ഥ്വം അറിയിക്കാൻ എത്തിയ പ്രവർത്തകരെ എളമരം കരിം ഭീഷിണിപ്പെടുത്തിയെന്നും ജി സുധാകരൻ വിമർശിച്ചു. വസ്തുതകൾ മനസിലാക്കാനുള്ള അവസരം ബോധപൂർവ്വം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിലുണ്ടായ വോട്ട് ചോർച്ച അന്വേഷിച്ചയാൾ തോറ്റത് ഒന്നരലക്ഷം വോട്ടിനെനന്നും ഇത് ആര് അന്വേഷിക്കുമെന്നും അദ്ദേഹം വിമർശിച്ചു.
തനിക്ക് അനുകൂലമായി തെളിവ് നൽകാൻ വന്ന പാർട്ടി അംഗങ്ങളെ കരിം ഭീഷിണിപ്പെടുത്തിയെന്നും പ്രവർത്തകർ സംസരിക്കുന്നത് തടഞ്ഞുവെന്നും ജി സുധാകരൻ പറഞ്ഞു. ഇതോടെ വസ്തുതകൾ കണ്ടെത്താൻ ഉള്ള അവസരം ബോധപൂർവം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടിൽ ഒന്നരലക്ഷം വോട്ടിനാണ് കരീം തോറ്റതെന്നും ആരെങ്കിലും കരീമിനെ തോല്പിച്ചതാണോ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് അമ്പലപ്പുഴയെ അങ്ങനെ കണ്ടില്ലെന്നും സംസ്ഥാനനേതൃത്വം തന്നെ മനസിലാക്കിയില്ലെന്നും ജി സുധാകരൻ പരിഹസിച്ചു.
തെരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയെ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കുന്നതെന്ന് സുധാകരൻ പറയുന്നു. ബിജെപിയുടെ വളർച്ചയെ സിപിഎം ഗൗരവകരമായി കാണാത്തത് തിരിച്ചടിയായെന്നും പ്രതിസന്ധി കാലത്തും ഭൂരിപക്ഷം നൽകിയ ഇടങ്ങളിൽ പാർട്ടി മൂന്നാം സ്ഥാനത്തായത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ വിജയം മൊത്തത്തിലുള്ള രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിഫലനത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ജനഹിതം പരിഗണിച്ച് വേണം സ്ഥാനാർത്ഥികളെ നിർത്താനെന്നും അതിൽ പ്രായ പരിധി മാനദണ്ഡമാക്കരുതെന്നും ജി സുധാകരൻ വിശദീകരിച്ചു.
പൊളിറ്റിക്കൽ ക്രിമിനലുകൾ രാഷ്ട്രീയത്തിൽ കിടന്നു നുളഞ്ഞു പുളയ്ക്കുകയാണെന്നു സുധാകരൻ കഴിഞ്ഞ ദിവസം പൊതു പരിപാടിയിലും പറഞ്ഞിരുന്നു. അവർ 90 ശതമാനം മാധ്യമങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പാർട്ടിയുടെ രാഷ്ട്രീയവും സംഘടനാസംവിധാനവും മനസ്സിലാക്കി സംസാരിക്കുന്ന അവസാനത്തെ ആളെ ഇല്ലാതാക്കിയാൽ പാർട്ടി ഇല്ലാതാകും. അതിനാണു മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച സി.ബി.സി വാരിയർ അനുസ്മരണച്ചടങ്ങിൽ താൻ പങ്കെടുക്കാതെ മടങ്ങിയതും മോദി ശക്തനായ ഭരണാധികാരിയാണെന്നു പറഞ്ഞ അഭിമുഖവും ചില മാധ്യമങ്ങൾ തെറ്റായാണു നൽകിയത് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുധാകരന്റെ വിമർശനം. എൻ.വി.പ്രഭു സ്മാരക അവാർഡ് വിതരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
"സി.ബി.സി വാരിയർ ഫൗണ്ടേഷൻ പരിപാടിയിൽ നിന്നു താൻ ഇറങ്ങി പോയെന്നു വാർത്ത വന്നു. തനിക്കു ചാരുംമൂട്ടിൽ മറ്റൊരു പരിപാടിയുണ്ടായിരുന്നു. പരിപാടി തുടങ്ങാൻ വൈകിയപ്പോൾ അക്കാര്യം പറഞ്ഞിട്ടാണു പോയത്. മോദിയെ പുകഴ്‌ത്തി എന്നും വാർത്ത വന്നു. മോദി ശക്തനായ ഭരണാധികാരി എന്നാണു താൻ പറഞ്ഞത്. നല്ല ഭരണാധികാരി എന്നു പറഞ്ഞില്ല. ശക്തൻ എന്നാൽ നല്ലത് എന്നർഥമില്ല. ഹിറ്റ്‌ലറും സർ സിപിയുമെല്ലാം ശക്തരായിരുന്നില്ലേ? ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതാണു നല്ലതെന്നു പഴഞ്ചൊല്ലു പറഞ്ഞതു പിണറായിയെപ്പറ്റി ആണെന്നും ചിലർ വ്യാഖ്യാനിച്ചു" സുധാകരൻ പറഞ്ഞിരുന്നു. സിപിഎമ്മിൽ പൊളിറ്റിക്കൽ ക്രിമിനലുകളുണ്ടെന്ന് നേരത്തെ സുധാകരൻ പറഞ്ഞിട്ടുണ്ട്.