ആലപ്പുഴ: മോദി സ്തുതി നടത്തി വിവാദത്തിലായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ മലക്കം മറിഞ്ഞു. മോദിയെ പുകഴ്‌ത്തി പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പുതിയ വിശദീകരണം. മാധ്യമപ്രവർത്തകരാണ് തന്റെ പ്രസ്താവനയെ വളച്ചൊടിച്ചതെന്നാണ് സുധാകരൻ വിശദീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തിയിട്ടില്ലെന്ന് ജി സുധാകരൻ പറഞ്ഞു. മോദിയെ പുകഴ്‌ത്തി എന്ന് വാർത്ത വന്നു, എന്നാൽ അത് ശരിയല്ല. മോദി ശക്തനായ ഭരണാധികാരി എന്നാണ് പറഞ്ഞത്. അല്ലാതെ നല്ലത് എന്ന് പറഞ്ഞിട്ടില്ല. നല്ലതും ശക്തിയും തമ്മിൽ വ്യത്യാസമുണ്ടെന്നും സുധാകരൻ പറഞ്ഞു. ശക്തനല്ലേ മോദി എന്നും അദ്ദേഹം ചോദിച്ചു.

മോദി ശക്തനായ ഭരണാധികാരിയെന്നാണ് ഞാൻ പറഞ്ഞത്. അതിനെ മോദിയെ പുകഴ്‌ത്തിയെന്നാക്കി. നല്ല ഭരണാധികാരിയെന്ന് പറഞ്ഞിട്ടില്ല. വലതുപക്ഷ ഭരണാധികാരിയെന്നും പറഞ്ഞു. കള്ളം പറയുന്ന പത്രപ്രവർത്തകർ ഈ പണിക്ക് കൊള്ളില്ല. ഭാഷ ഉപയോഗിക്കാൻ ഈ പത്രക്കാർക്ക് അറിയില്ല. ഫോർത്ത് എസ്റ്റേറ്റല്ല, റിയൽ എസ്റ്റേറ്റും റബ്ബർ എസ്റ്റേറ്റിലുമാണ് നിങ്ങളുടെ കണ്ണ്- ജി സുധാകരൻ പറഞ്ഞു.

അഞ്ച് വർഷം മാത്രം ഓർത്തിരിക്കുന്ന രീതിയാണ്. ഓർമിക്കുക എന്നത് ഒരു സംസ്‌കാരമാണ്. ഓർമിക്കാതിരിക്കുന്നതും ഒരു സംസ്‌കാരമാണ്. എന്നാൽ ആ സംസ്‌കാരത്തിന്റെ പേര് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം നന്നാകേണ്ടത് രാഷ്ട്രീയക്കാരാണോ ഫോർത്ത് എസ്റ്റേറ്റാണോ എന്ന് ചോദിച്ച അദ്ദേഹം തനിക്ക് ആരുടെയും സപ്പോർട്ട് വേണ്ടെന്നും കൂട്ടിച്ചേർത്തു.

പൊളിറ്റിക്കൽ ക്രിമിനലുകൾ രാഷ്ട്രീയത്തിൽ കിടന്നു നുളയ്ക്കുകയാണ്. ഇവർ മാധ്യമ പ്രവർത്തകരിലെ 90 ശതമാനത്തെയും സ്വാധീനിച്ചിരിക്കുന്നു. സിബിസി വാര്യർ ഫൗണ്ടേഷൻ പരിപാടിയിൽ നിന്ന് താൻ ഇറങ്ങി പോയെന്ന് വാർത്ത വന്നു. തനിക്ക് ചാരുംമൂട്ടിൽ പരിപാടിയുണ്ടായിരുന്നു. പറഞ്ഞിട്ടാണ് പോയത്. കള്ളം പറയുന്ന പത്രപ്രവർത്തകർ പണിവിട്ടു പോകണം.

എനിക്ക് ഗുണ്ടകളില്ല അല്ലെങ്കിൽ തല്ലുകിട്ടുമായിരുന്നു. എനിക്ക് ഒരു കാലത്തും ഗുണ്ടകൾ ഇല്ല, ഗുണ്ടകൾ ഉള്ളവരെ ഇവർക്ക് പേടിയാണ്. പണിക്ക് കൊള്ളാത്തവരാണ് ഇപ്പോഴുള്ളത്, അവർ ഈ പണി നിർത്തി പൊയ്‌ക്കോണം. ആലപ്പുഴയിൽ ഫോർത്ത് എസ്റ്റേറ്റില്ല. വികസനം നടത്തിയാൽ ഇവർ എഴുതില്ല. മാധ്യമങ്ങൾ തിരുത്തണം. ഡിസ്ട്രക്ടിവ് ജേർണലിസം ആണ് ഇപ്പോൾ നടക്കുന്നത്.

നീതിയുടെ അവസാനത്തെ ശക്തിയേയും ആലപ്പുഴയിൽ നിങ്ങൾക്ക് പരാജയപ്പെടുത്തണം. മാർക്‌സിസത്തെപ്പറ്റി ഒന്നും അറിയാത്തവർ നടന്ന് മാർക്‌സിസം പ്രസംഗിക്കുകയല്ലേ. അവർക്കെതിരെയൊന്നും മാധ്യമങ്ങൾ എഴുതില്ല. പാർട്ടിയേയും സംഘടനയേയും അറിയുന്ന അവസാനത്തെ ആളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. പാർട്ടിയെ നശിപ്പിക്കാനാണതെന്നും അത് പൊളിറ്റിക്കൽ ക്രിമിനലുകൾ അറിയുന്നില്ലെന്നും ജി സുധാകരൻ ആരോപിച്ചു.

ഇന്നലെ ഹരിപ്പാട് സി.ബി.സി വാര്യൻ അനുസ്മരണ പരിപാടി തുടങ്ങാൻ വൈകിയപ്പോൾ പരിപാടിക്ക് നിൽക്കാതെ സുധാകരൻ ഇറങ്ങിപ്പോയിരുന്നു. സുധാകരൻ പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതാണ് സുധാകരനെ പ്രകോപിപ്പിച്ചത്.

നേരത്തെ ഒരു ചാനലിന് നൽകിയ സുധാകരന്റെ അഭിമുഖമാണ് വിവാദത്തിന് ഇട നൽകിയത്. "നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണ്. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും. ഏത് പാർട്ടിയായാലും ലീഡർഷിപ്പ് പ്രധാനമാണ്" എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

സുരേഷ് ഗോപിക്ക് കാബിനറ്റ് പദവി നൽകണമായിരുന്നുവെന്നും മത്സരിച്ച് കഷ്ടപ്പെട്ടാണ് സുരേഷ് ഗോപി അധികാരത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. "ഒരാൾ വിചാരിച്ചാൽ മാത്രം എല്ലാവരെയും അടക്കിനിർത്താൻ കഴിയില്ല. വീഴ്ച വന്നാൽ പറയണം. എന്തിനാണ് പേടിക്കുന്നത്. ഒന്നാം പിണറായി സർക്കാർ മികച്ചതായിരുന്നു. എല്ലാ വകുപ്പുകളും മികച്ചതായിരുന്നു. ആ സർക്കാരിന്റെ പേരിലാണ് പുതിയ സർക്കാർ നിലവിൽ വന്നത്. ആ വികസന നേട്ടങ്ങൾ ഇപ്പോൾ ഒരു എംഎൽഎയും പറയുന്നില്ല. രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല. രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് പലർക്കും വിമർശനമുണ്ട്"- സുധാകരൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിപിഎം കോട്ടകളിൽ വിള്ളലുണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാമതായി. കായംകുളത്ത് വോട്ട് ചോർന്നു. പുന്നപ്രയിലും വോട്ട് ചോർന്നുവെന്നും അദ്ദേഹം പറഞ്ഞു.