ആലപ്പുഴ: കരുവന്നൂരിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് സിപിഎം നേതൃത്വം രാഷ്ട്രീയ പ്രതിരോധം തീർക്കുമ്പോൾ പാർട്ടിയെ വെട്ടിലാക്കി തുറന്നു പറച്ചിലുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. വിഷയത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്ന തുറന്നു പറഞ്ഞാണ് സുധാകരൻ രംഗത്തുവന്നത്. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണം നടന്നിട്ടില്ലെന്ന് സിപിഎം നേതാക്കൾ പറയുമ്പോൾ ആ വാദവും തള്ളിക്കൊണ്ടാണ് സുധാകരൻ രംഗത്തുവന്നത്.

പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു. കരുവന്നൂരിലെ കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റ് ചെയ്യുന്നത് ഏതുകൊലക്കൊമ്പനായാലും നടപടിയെടുക്കാൻ പാർട്ടി തയ്യാറാകണം. കരുവന്നൂർ കേസിൽ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ല. പിഴവുണ്ടെങ്കിൽ പരിശോധിക്കുന്നതിൽ തടസ്സമില്ല. എംകെ കണ്ണൻ കാര്യങ്ങൾ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ താൻ പ്രവർത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുഴുവൻ സമയവും താൻ പ്രവർത്തിച്ചു. എന്നാൽ പരാതി അന്വേഷിച്ച എളമരം കമ്മീഷൻ താൻ പ്രവർത്തിച്ചില്ലെന്ന് റിപ്പോർട്ടിൽ എഴുതിവച്ചു. ഇതിന് പിന്നിൽ ആരൊക്കെയെന്ന് താൻ വെളിപ്പെടുത്തും. എല്ലാം ജനങ്ങളെ ധരിപ്പിക്കുമെന്നും ജി സുധാകരൻ പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി പേടിയിൽ സിപിഎം ആകെ കുഴഞ്ഞിരിക്കവേയാണ് ജി സുധാകരന്റെ തുറന്നു പറച്ചിലും എന്നതും ശ്രദ്ധേയമാണ്. നിക്ഷേപകരുടെ പണം തിരികെ കൊടുത്തു ഏതെങ്കിലും വിധത്തിൽ തലയൂരാനാണ് പാർട്ടി ശ്രമം. ഇതുവരെ ഇല്ലാതിരുന്ന ആ ചിന്ത ഇപ്പോൾ എവിടെ നിന്നു വന്നു എന്നതാണ് ഉയരുന്ന ചോദ്യം. നേതാക്കളിലേക്ക് അന്വേഷണം എത്തിയതോടെയാണ് പണം തിരികെ കൊടുക്കണമെന്ന ആലോചന പാർട്ടിയിലും സർക്കാറിലും ഉരുത്തിരിഞ്ഞത്.

നേരത്ത ഇപി ജയരാജൻ നടത്തിയ തുറന്നുപറച്ചിൽ പാർട്ടിക്കുള്ളിലും പുകയുന്നുണ്ട്. പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലാണ് നേതൃത്വത്തെ വെട്ടിലാക്കിയത്. പാർട്ടിക്ക് ഒരു വീഴ്‌ച്ചയും പറ്റിയിട്ടില്ലെന്ന് എം വി ഗോവിന്ദൻ ആവർത്തിക്കുന്ന വേളയിലായിരുന്നു ഇ പി വെടിപൊട്ടിച്ചത്. ഇ പിയുടെ പ്രതികരണം ഏറ്റെടുക്കാനോ പരസ്യ പ്രതികരണത്തിനോ നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശബ്ദമല്ല അതെന്ന തിരിച്ചറിവിലാണ് തുടർ നടപടികൾ. ഇ പിക്ക് പിന്നാലെയാണ് ഇപ്പോൾ ജി സുധാകരനും രംഗത്തുവന്നത്.

സമാന അഭിപ്രായമുള്ള നിരവധി പേർ പാർട്ടിയിൽ ഉണ്ട്. സിപിഐയും സമാന അഭിപ്രായം രേഖപ്പെടുത്തി. പണം തിരികെ കൊടുക്കാൻ മാർഗ്ഗം വേണമെന്നാണ് ഇവരുടെ പക്ഷം. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് വീടുകയറി പ്രചാരണം അടക്കമുള്ള നടപടികൾക്കും തുടക്കമയിട്ടുണ്ട്. ഇതിനിടെയാണ് ഇപിയുടെ പ്രതികരണം എത്തിതും.

സഹകരണത്തിൽ തോറ്റാൽ കാൽചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുമെന്ന തിരിച്ചറിവിലാണ് സിപിഎം ഇഡിയുടെത് രാഷ്ട്രീയ പ്രേരിത ഇടപെടലെന്ന നിലയിൽ ആരോപണം ആവർത്തിച്ചുയർത്തിയിരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞ നിലപാടിന് വിരുദ്ധമായി കരുവന്നൂരിൽ തെറ്റിയത് പാർട്ടിക്കാണെന്ന ഇപിയുടെ തുറന്ന് പറച്ചിൽ നേതൃത്വത്തിന് വലിയ അടിയായി. തിരുത്തേണ്ടവർ തിരുത്തിയില്ലെന്ന് കൂടി പറഞ്ഞതോടെ ഒരു പടികൂടി കടന്ന് അത് മുതിർന്ന നേതാക്കളെ ലക്ഷ്യം വയ്ക്കുന്ന കുറ്റപത്രവുമായി.

എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റ അന്ന് മുതൽ നേതൃത്വത്തോട് ഉടക്കി , ഇണങ്ങിയും പിണങ്ങിയും നിന്ന ഇപി ജയരാജൻ കരുവന്നൂരിൽ പുതിയ പോർമുഖം തുറക്കുകയാണ്. പാർട്ടിക്കകത്തെ പുകച്ചിൽ ഏറ്റു പിടിക്കാനോ പരസ്യപ്രതികരണത്തിനോ പക്ഷെ നേതാക്കളാരും തയ്യാറല്ല. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കൂടുതൽ കൗൺസിലർമാരെ ചോദ്യം ചെയ്യാനിരിക്കയാണ് ഇഡി. ഇതിനിടെയാണ് ജി സുധാകരനും പാർട്ടിക്ക് വീഴ്‌ച്ച പറ്റിയെന്ന് ആവർത്തിച്ചു രംഗത്തുവന്നിരിക്കുന്നത്.

ബിജെപി നേതാവും ജനപ്രിയ താരവുമായ സുരേഷ്ഗോപിയുടെ പദയാത്ര കൂടി കഴിഞ്ഞതോടെ സിപിഎം തൃശ്ശൂർ ജില്ലയിൽ അടക്കം കടുത്ത പ്രതിസന്ധി നേരിടുന്നത്. പദയാത്രയ്ക്ക് ലഭിച്ച, കക്ഷിരാഷ്ട്രീയത്തിന് അതീതമായ പിന്തുണയും ജനശ്രദ്ധയും പാർട്ടിക്കാരെ അലോസരപ്പെടുത്തിയിട്ടുമുണ്ട്. സിപിഎം നേതാക്കളുടെ പ്രതികരണങ്ങളിൽ ഇത് തെളിഞ്ഞുകാണാം.

കഴിഞ്ഞ ആറേഴു വർഷമായ കരുവന്നൂർ അഴിമതി പാർട്ടി മൂടിപ്പൊതിഞ്ഞു വച്ച് നേതാക്കളെ സംരക്ഷിച്ചുവരികയായിരുന്നു. ഇ ഡി വന്നതോടെ ഈ സംരക്ഷണം അസാധ്യമായി. അങ്ങനെ പകച്ചുനിൽക്കുമ്പോൾ വന്ന പദയാത്ര പാർട്ടിക്കുണ്ടാക്കിയ തിരിച്ചടി അത്ര ചെറുതല്ല. എവിടെ നിന്നെങ്കിലും കുറേ പണം കരുവന്നൂരിൽ എത്തിച്ച് കുറേപേർക്കെങ്കിലും നൽകി തലയൂരാനുള്ള ശ്രമത്തിനു പിന്നിൽ ഈ ഭയമാണ്. 50 കോടി പലയിടങ്ങളിൽ നിന്ന് സംഘടിപ്പിക്കുമെന്നാണ് കഴിഞ്ഞദിവസം സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്.

പണം പോയി തകർന്നവർ പാർട്ടിയെ കൈവെടിഞ്ഞുവെന്നു മാത്രമല്ല, ഈ വമ്പൻ തട്ടിപ്പു കണ്ട് ഞെട്ടിത്തരിച്ച മറ്റു പ്രവർത്തകർക്കും ഇതിൽ രോഷമുണ്ട്. പാർട്ടി സെക്രട്ടറി എം. വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ നിത്യേന മൂന്നു നേരം നൽകുന്ന ക്യാപ്സൂളുകൾ തൊണ്ടതൊടാതെ വിഴുങ്ങാൻ ഇവർക്കാർക്കും സാധിക്കുന്നില്ല. ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം ഒരൊറ്റ പാർട്ടിക്കാർ പോലും വിശ്വസിച്ചിട്ടില്ല. അതിനോടുള്ള പ്രതികരണം നോക്കിയാൽ മാത്രം മതി ഇത്തരം ക്യാപ്സൂളുകളോട് എത്രയധികം എതിർപ്പുയർന്നു കഴിഞ്ഞുവെന്ന് മനസിലാക്കാൻ. കണ്ണൻ പഴയ സിഎംപിക്കാരനാണെന്ന് വരുത്തി കൈകഴുകാനുള്ള നീക്കവും തകർന്നടിഞ്ഞു.

നേതാക്കളുടെ പ്രതികരണങ്ങൾക്ക് ഒരു മിനിറ്റു പോലും ആയുസില്ലാത്ത അവസ്ഥയാണ്. മാത്രമല്ല ഇ ഡി വന്നതിനാലാണ്, ബാങ്കിൽ പ്രശ്നമുണ്ടെന്ന് പാർട്ടി സമ്മതിക്കുകയെങ്കിലും ചെയ്തതെന്നും പ്രവർത്തകരും ജനങ്ങളും വിശ്വസിക്കുന്നു. കുറച്ചു പണം സംഘടിപ്പിച്ച് നിക്ഷേപർക്ക് നൽകാനുള്ള നീക്കം പോലും ഇ ഡി വന്ന പശ്ചാത്തലത്തിലാണെന്ന് അവർക്കറിയാം. ഇപ്പോൾ മാസപ്പടി, സ്വർണക്കടത്തു വിവാദങ്ങളെയും ജനങ്ങൾ കരുവന്നൂരിന്റെ പശ്ചാത്തലത്തിലാണ് നോക്കിക്കാണുന്നത്. മാസപ്പടിയും സ്വർണക്കടത്തും ഉണ്ടായിട്ടില്ലെന്ന് വിശ്വസിച്ചിരുന്ന കടുത്ത പാർട്ടി അണികൾ പോലും അവ നടന്നിട്ടുണ്ടാകാം എന്ന ചിന്തയിലേക്ക് മാറിക്കഴിഞ്ഞു.