- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗതാഗത മന്ത്രിയായാൽ കെ എസ് ആർ ടി സിയെ പൂട്ടിച്ചവൻ എന്ന പ്രതിച്ഛായ ഉണ്ടാകാൻ ഇടയുണ്ടെന്ന് വിലയിരുത്തൽ; ഒരു മുഴം മുന്നേ അജണ്ട വ്യക്തമാക്കി കേരളാ കോൺഗ്രസ്; ഗണേശ് കുമാറിനെ മന്ത്രിയാക്കിയാലും ഗതാഗതം വേണ്ട; നാലു മാസം കഴിഞ്ഞാൽ പുനഃസംഘടനയ്ക്ക് സാധ്യത; ഗണേശ് തന്ത്രപരമായി ആ വകുപ്പ് വേണ്ടെന്ന് വയ്ക്കുമ്പോൾ
തിരുവനന്തപുരം: കെ എസ് ആർ ടി സിയെ ചുമക്കാൻ ഇനി കേരളാ കോൺഗ്രസ് ബാലകൃഷ്ണ പിള്ള ഗ്രൂപ്പിനും വയ്യ. പിള്ളയുടെ ഇഷ്ടവകുപ്പായിരുന്നു ഗതാഗതം. അവിടെ അവർക്ക് ഒരുകാലത്ത് ശക്തമായ യൂണിയൻ പോലുമുണ്ടായിരുന്നു. എന്നാൽ ഇനി ആ പാർട്ടിക്ക് ഗതാഗത വകുപ്പ് വേണ്ട. ഗതാഗതവകുപ്പാണെങ്കിൽ ഗണേശ് കുമാർ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് (ബി) നേതൃയോഗത്തിൽ തീരുമാനം. മുന്നണിധാരണ അനുസരിച്ച് ആന്റണി രാജുവുമായിട്ടാണ് ഗണേശ് കുമാർ മന്ത്രിസ്ഥാനം പങ്കിടേണ്ടത്. നവംബർ മാസത്തിൽ ഗണേശ് വീണ്ടും മന്ത്രിയാകാൻ സാധ്യത ഏറെയാണ്. ഇതിനിടെയാണ് വകുപ്പിൽ പാർട്ടി നിലപാടിലെത്തുന്നത്.
സർക്കാരിന്റെ രണ്ടരവർഷം പൂർത്തിയാകാൻ നാലുമാസംകൂടി ബാക്കിയുണ്ട്. മന്ത്രിസ്ഥാനം പങ്കിടുന്നതുസംബന്ധിച്ചകാര്യം ഇതുവരെ ഇടതു മുന്നണി ഔദ്യോഗികമായി ചർച്ചയ്ക്കെടുത്തിട്ടില്ല. അതിനുമുമ്പുതന്നെ കഴിഞ്ഞ ദിവസംചേർന്ന കേരള കോൺഗ്രസ് (ബി) യോഗമാണ് ഗതാഗതവകുപ്പാണെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അതിനിടെ ഗണേശിനെ മന്ത്രിയാക്കില്ലെന്ന അഭ്യൂഹവും ശക്തമാണ്. മുഖ്യമന്ത്രിക്ക് ഗണേശിനോട് താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് ഗതാഗത മന്ത്രിയാകാൻ വയ്യെന്ന് കെബി ഗണേശ് കുമാർ വിശദീകരിക്കുന്നത്.
മന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ചുള്ള ചർച്ചയുണ്ടാകുമ്പോൾ വകുപ്പ് മാറ്റണമെന്ന് പാർട്ടി ആവശ്യപ്പെടും. ഇത് അംഗീകരിക്കപ്പെട്ടില്ലെങ്കിൽ മന്ത്രിസ്ഥാനം സ്വീകരിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. ഗണേശ് കുമാർകൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എൽ.ജെ.ഡി. ഒഴികെയുള്ള എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കിയുള്ള സർക്കാർ രൂപവ്തകരണത്തിനാണ് ഇടതുമുന്നണി നേരത്തെ തീരുമാനിച്ചത്.
ഒന്നിലധികം അംഗങ്ങളുള്ള കക്ഷികൾക്കെല്ലാം അഞ്ചുവർഷവും, ഓരോ അംഗങ്ങൾ മാത്രമുള്ള കക്ഷികൾ രണ്ടരവർഷം കൂടുമ്പോൾ പങ്കിട്ടെടുക്കുന്നവിധവുമാണ് മന്ത്രിസ്ഥാനം നിശ്ചയിച്ചത്. ഇതനുസരിച്ച്, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് (എസ്), ഐ.എൻ.എൽ. എന്നീ കക്ഷികളാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടത്. ഐ.എൻ.എൽ. മന്ത്രിസ്ഥാനം കോൺഗ്രസ്-എസിനാണ് കൈമാറേണ്ടത്.
അഹമ്മദ് ദേവർകോവിലിന് പകരം രാമചന്ദ്രൻ കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം ലഭിക്കും. ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധിയായ ആന്റണി രാജുവിന്റെ മന്ത്രിസ്ഥാനമാണ് ഗണേശ് കുമാറിന് ലഭിക്കേണ്ടത്. അതുകൊണ്ട് തന്നെ ഗതാഗതമാണ് ഗണേശ് കുമാറിന് കിട്ടാൻ സാധ്യത. ഇത് മനസ്സിലാക്കിയാണ് ഇപ്പോഴേ ചർച്ച. കെ എസ് ആർ ടി സിയെ രക്ഷിക്കാൻ കഴിയില്ലെന്നതാണ് ഇതിന് കാരണം. ഗതാഗത മന്ത്രിയായാൽ കെ എസ് ആർ ടി സിയെ പൂട്ടിച്ചവൻ എന്ന പ്രതിച്ഛായ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് ഗണേശിന്റേയും വിലയിരുത്തൽ.
ഘടകക്ഷികളുടെ മന്ത്രിമാർ മാറുന്നതിനൊപ്പം, മറ്റ് മന്ത്രിമാരുടെ ചിലവകുപ്പുകളിലും മാറ്റമുണ്ടാകുമെന്ന ചർച്ച സിപിഎമ്മിനുള്ളിൽ സജീവമാണ്. ഇതുകൂടി പരിഗണിച്ചാണ് ഗതാഗതവകുപ്പ് വേണ്ടെന്ന ആവശ്യം കേരള കോൺഗ്രസും (ബി) മുന്നോട്ടുവെക്കുന്നതെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ