- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഴിമതി ചർച്ച ഉയർത്തിയ മന്ത്രി ഗണേശിനെതിരെ ഇടതു നേതൃത്വത്തെ പരാതി അറിയിച്ച് മുൻ മന്ത്രി; അടുത്ത നേതൃയോഗത്തിൽ വിഷയം ചർച്ചയാക്കും; ഗതാഗതത്തിലെ എല്ലാ ഇടപാടും പരിശോധിക്കാൻ പുതിയ മന്ത്രി; തൽകാലം പ്രതികരിക്കില്ല; ഗണേശും ആന്റണി രാജുവും നേർക്കു നേർ പോരിന്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശത്തിൽ മന്ത്രി കെ.ബി. ഗണേശ്കുമാറിനെതിരേ മന്ത്രിസ്ഥാനമൊഴിഞ്ഞ ആന്റണി രാജു ഇടതു നേതൃത്വത്തെ പരാതി അറിയിക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഗണേശ്കുമാർ നടത്തിയ പ്രസ്താവനയാണ് ആന്റണി രാജുവിനെ ചൊടിപ്പിച്ചത്. കെ.എസ്.ആർ.ടി.സി.യിലെ വരുമാനച്ചോർച്ച അടയ്ക്കുകയാണ് ആദ്യലക്ഷ്യമെന്നും ഗണേശ്കുമാർ പറഞ്ഞിരുന്നു. തന്നെ ലക്ഷ്യമിട്ടുള്ള നടപടികളിൽ നിന്നും ഗണേശിനെ പിന്തിരിപ്പിക്കണമെന്നാണ് ആന്റണി രാജു ഇടതുമുന്നണിക്ക് മുന്നിൽ ആവശ്യമായി വയ്ക്കുക.
ഗണേശിനെതിരെ പരസ്യമായി തന്നെ അതിരൂക്ഷ വിമർശനം ആന്റണി രാജു നടത്തി. എന്നാൽ തുടർപ്രതികരണത്തിന് ഗണേശ്കുമാർ മുതിർന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സ് കൂടി മനസ്സിലാക്കിയാണ് ഗണേശിന്റെ മൗനം. തൽകാലം വിഷയത്തിൽ പ്രതികരിക്കില്ല. എന്നാൽ അഴിമതിക്ക് തെളിവ് കിട്ടിയാൽ നടപടിയെടുക്കുമെന്ന നിലപാടിലാണ് മന്ത്രി. പുക പരിശോധനയുമായി ബന്ധപ്പെട്ട തീരുമാനം പിൻവലിച്ചതിലെ ചർച്ചയാണ് ആന്റണി രാജുവിനെ പ്രകോപിതനാക്കിയതെന്നാണ് ഗണേശും കേരളാ കോൺഗ്രസ് ബിയും വിലയിരുത്തുന്നത്.
സ്ഥാനമേൽക്കുംമുമ്പേ അഴിമതിയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും ഇത്തരം പ്രസ്താവനകൾ ഘടകകക്ഷി മര്യാദയ്ക്ക് ചേർന്നതല്ലെന്നും ആന്റണി രാജു പറഞ്ഞു. വരുമാനച്ചോർച്ചയുണ്ടെങ്കിൽ അത് കണ്ടെത്തി അടയ്ക്കണം. അല്ലാതെ പുറത്തുനിന്ന് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു. അഭിപ്രായം പറയുമ്പോൾ ഗണേശ്കുമാർ, പക്വത കാട്ടേണ്ടിയിരുന്നു. അതേ രീതിയിൽ മറുപടി പറയാൻ താൻ ഒരുങ്ങുന്നില്ല. ഗാലറിയിൽ ഇരുന്ന് കളികാണുന്നതുപോലയല്ല കാര്യങ്ങളെന്നും ആന്റണി രാജു പറഞ്ഞു.
രണ്ടരവർഷത്തെ നേട്ടങ്ങളും ആന്റണി രാജു വിശദീകരിച്ചു. അതിനാൽ ഇനി വരുന്നവർക്ക് സുഖമായി ഭരിക്കാം. പെൻഷനും ശമ്പളവും കുടിശ്ശികയില്ല. ശമ്പളം രണ്ട് ഗഡുക്കളായിട്ടാണ് കൊടുക്കുന്നത്. ഇത് ഒറ്റത്തവണയാക്കിയാണ് പുതിയ മന്ത്രി മിടുക്കുകാട്ടേണ്ടത് -ആന്റണി രാജു പറഞ്ഞു. തന്റെ അതൃപ്തി ഇടതു നേതൃത്വത്തിനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അടുത്ത മുന്നണി യോഗത്തിലും ആന്റണി രാജു ഈ വിഷയം ഉയർത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് നിർണ്ണായകമാകും.
മന്ത്രിമാറിയപ്പോൾ 'അഴിമതി'ക്ക് പേരു ദോഷം കേട്ട തീരുമാനവും മാറിയെന്നത് വലിയ ചർച്ചയായിരുന്നു ഭാരത് സ്റ്റേജ് 4 (ബി.എസ്. 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ഒരുവർഷമാക്കി സർക്കാർ ഉത്തരവിറക്കി. കേന്ദ്രനിയമം മറികടന്ന് കാലാവധി ആറുമാസമായി കുറച്ചത് ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് തിരുത്തിയത്. ഒരു വർഷം എന്നുള്ളത് ആറുമാസമാക്കിയത് ചിലർക്ക് അഴിമതിക്ക് വേണ്ടിയാണെന്ന ആരോപണം ഉയർന്നിരുന്നു. വൻ കോഴ ചിലർ വാങ്ങിയെന്നും ആക്ഷേപം എത്തി. എന്നാൽ ഗതാഗത മന്ത്രിയായി കെബി ഗണേശ് കുമാർ എത്തുമെന്ന് ഉറപ്പായതോടെ തന്നെ തിരുത്തലിനുള്ള നടപടിയും തുടങ്ങി. അതാണ് ഉത്തരവാകുന്നത്. ഇതിനൊപ്പമാണ് അഴിമതിയിൽ ഗണേശിന്റെ വാക്കുകളും ചർച്ചയായത്. ഇതിനിടെയാണ് ഗണേശിനെ കടന്നാക്രമിച്ച് ആന്റണി രാജു രംഗത്ത് വരുന്നത്.
പുകപരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ച് 2022 ഓഗസ്റ്റിൽ അന്നത്തെ മന്ത്രി ആന്റണി രാജു നേരിട്ടാണ് പുകപരിശോധനാ സർട്ടിഫിക്കറ്റ് കാലാവധി ആറുമാസമാക്കിയത്. ഇതിലൂടെ പുകപരിശോധന കേന്ദ്രം നടത്തിപ്പുകാർക്ക് കൂടുതൽ ലാഭം കിട്ടുമായിരുന്നു. ചില അഴിമതികൾ ചില ഉദ്യോഗസ്ഥർ നടത്തിയതിന്റെ ഭാഗമാണ് ഈ തീരുമാനം എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതാണ് തിരുത്തിയത്. ഇതിനൊപ്പം മോട്ടോർ വാഹന വകുപ്പിലെ സ്ഥലം മാറ്റവും മരവിപ്പിച്ചു. പുതിയ മന്ത്രി എത്തുന്നതിന് തൊട്ടു മുമ്പ് ഇറങ്ങിയ ഉത്തരവാണ് മരവിപ്പിച്ചത്. ഇതിനൊപ്പമാണ് പുകപരിശോധനയിലെ തിരുത്ത്. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം ബി.എസ്. 4 വാഹനങ്ങളുടെ പുകപരിശോധയ്ക്ക് ഒരുവർഷത്തെ സാധുതയുണ്ടെന്ന് ഗതാഗത സെക്രട്ടറി ബിജുപ്രഭാകറും ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തും റിപ്പോർട്ട് നൽകിയിരുന്നു. കാലാവധി കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇത് അവഗണിച്ചാണ് നേരത്തെ തീരുമാനമെടുത്തത്.
പുകപരിശോധാകേന്ദ്ര നടത്തിപ്പുകാർ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടിയെന്ന് വിവരാവകാശ നിയമപ്രകാരം ഗതാഗതവകുപ്പ് പുറത്തുവിട്ട രേഖകൾ വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. ബി.എസ്. 4 ഇരുചക്ര മുച്ചക്ര വിഭാഗത്തിൽ സംസ്ഥാനത്ത് അഞ്ചുലക്ഷം വാഹനങ്ങളുണ്ട്. ഹൈക്കോടതി ഇടപെടൽ ഇക്കാര്യത്തിൽ നിർണ്ണായകമായി. പുതുതായി വാങ്ങുന്ന ബി.എസ്.4, ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങളുടെ പുക പരിശോധന ഒരു വർഷം കഴിഞ്ഞ് നടത്തിയാൽ മതിയെന്ന് ഹൈക്കോടതി നവംബറിൽ തന്നെ വിശദീകരിച്ചിരുന്നു. ഈ നിലവാരത്തിലുള്ള വാഹനങ്ങളും രജിസ്റ്റർചെയ്ത് ആറുമാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന സർക്കാർ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി സ്വദേശി എസ്. സദാനന്ദ നായിക്കാണ് ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇത് കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ബി.എസ്.4, ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങളുടെ പുക പരിശോധന വാഹനത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ് ഒരു വർഷത്തിനുശേഷം മതിയെന്ന് സബ് റൂളിൽ പറയുന്നുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഉത്തരവ് കോടതി റദ്ദാക്കിയത്. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത ഏറെയാണ്. പുക പരിശോധനാ സെന്ററുകൾക്ക് വേണ്ടി കേന്ദ്രചട്ടം മറികടന്നാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൾ എന്ന് മുമ്പുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഭാരത് സ്റ്റേജ് 4 (ബി.എസ്.4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷൻ) ആറുമാസമായി ഉയർത്തിയതുമായിരുന്നു വിമർശനങ്ങൾക്ക് വഴിവെച്ചത്.
1989-ലെ കേന്ദ്ര മോട്ടോർവാഹനചട്ടം 115 (7) മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നായിരുന്നു വിലയിരുത്തലുകൾ. പുകപരിശോധാകേന്ദ്ര ഉടമകളുടെ സംഘടന നൽകിയ നിവേദനത്തിലാണ് മന്ത്രി അത്തരത്തിലുള്ള തീരുമാനം എടുത്തതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതുവഴി ബി.എസ് 4-ൽപ്പെട്ട അഞ്ചരലക്ഷം ഇരുചക്ര- മുച്ചക്രവാഹനങ്ങൾ ഇനിമുതൽ വർഷത്തിൽ രണ്ടുതവണ പരിശോധനയ്ക്ക് ഹാജരാക്കണമെന്നായിരുന്നു സൂചന.
വാഹനങ്ങളുടെ പുക പരിശോധനാനിരക്ക് സംബന്ധിച്ച് മോട്ടോർവാഹന വകുപ്പ് അടുത്തിടെ വിവരങ്ങൾ നൽകിയിരുന്നു. ഇതിനൊപ്പമാണ് ബി.എസ്-4 വിഭാഗത്തിൽപ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സർട്ടിഫിക്കറ്റിന്റെ കാലാവധി കുറച്ചതും.
മറുനാടന് മലയാളി ബ്യൂറോ