തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൽ മന്ത്രിമാരായി കെ ബി ഗണേശ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്തു. ഗണേശ് കുമാർ ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയപ്പോൾ കടന്നപ്പള്ളി രാമചന്ദ്രൻ ദൃഢപ്രതിജ്ഞ ചെയ്താണ് മന്ത്രിയായി ചുമതലയേറ്റ് അധികാരമേറ്റത്. രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്പ്പരം കണ്ടെങ്കിലും മിണ്ടിയില്ല. ഹസ്താദാനം നടത്താനോ കുശലം ചോദിക്കാനോ ഇരുവരും തയ്യാറായില്ല. സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ചായസത്കാരവും നിശ്ചയിച്ചിരുന്നു. എന്നാൽ, ഗവർണറുടെ ചായ സല്ക്കാരത്തിന് മിണ്ടാതെ മുഖ്യമന്ത്രി രാജ്ഭവനിൽ നിന്നും പുറത്തേക്കും. പുതിയ മന്ത്രിമാർ ചുമതലയേൽക്കുന്ന വേദിയിൽ വെച്ചു കണ്ടെങ്കിലും നേതാക്കൾ മിണ്ടാതെ പോയത് സർക്കാറും ഗവർണറുംതമ്മിലുള്ള ഇപ്പോഴത്തെ ഉടക്ക് വീണ്ടും തുടരുമെന്നാണ് സൂചനയാണ്.

അതേസമയം ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. ക്ഷണിതാക്കൾക്കു മാത്രമേ ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും. മന്ത്രിമാരുടെ വകുപ്പുകളിൽ ഔദ്യോഗികമായി തീരുമാനം ആയിട്ടില്ല. കെ ബി ഗണേശ് കുമാറിന് സിനിമ വകുപ്പ് നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനം. ഗതാഗത വകുപ്പു മാത്രമാണ് ഗണേശിന് ലഭഫിക്കുക. സിനിമ വകുപ്പ് കൂടി ഗണേശ് കുമാർ ആവശ്യപ്പെട്ടിരുന്നു. ചിലപ്പോൾ ചില വകുപ്പുകളിൽ മാറ്റം വന്നേക്കും. കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പാകും ലഭിക്കുക.

സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികൾ മന്ത്രിപദവി, മറ്റ് രണ്ടു ഘടകകക്ഷികൾക്ക് കൈമാറണമെന്ന് നേരത്തേ തന്നെ ധാരണയായിരുന്നു. ഇതനുസരിച്ചാണ് മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചത്. മറ്റുമന്ത്രിമാരുടെ ചുമതലകൾ മാറുന്നവിധം വകുപ്പുമാറ്റം വേണ്ടെന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്. ഇതനുസരിച്ച് ജനാധിപത്യ കേരള കോൺഗ്രസിന്റെ മന്ത്രിസ്ഥാനം ആന്റണി രാജു ഒഴിയുമ്പോൾ ഗതാഗതവകുപ്പ് കോൺഗ്രസ്(ബി)യുടെ ഗണേശ് കുമാറിന് ലഭിക്കും.

ഐ.എൻ.എലിന്റെ മന്ത്രിസ്ഥാനമാണ് കോൺഗ്രസ്-എസിന് കൈമാറിയത്. തുറമുഖം, പുരാവസ്തു, മ്യൂസിയും വകുപ്പുകളാണ് ഐ.എൻ.എലിന്റെ മന്ത്രിയായ അഹമ്മദ് ദേവർകോവിലിന്റെ ചുമതലയിലുള്ളത്. ഇത് രാമചന്ദ്രൻ കടന്നപ്പള്ളിക്കും ലഭിക്കും. വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ വരും.

അതേസമയം കെ എസ് ആർ ടി സി യിൽ അഴിമതി വെച്ചു പൊറിപ്പിക്കില്ലെന്നാണ ഗണേശ് കുമാർ രാവിലെ പ്രതികരിച്ചത്. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. എല്ലാവരും സഹകരിച്ചാൽ കെഎസ്ആർടിസിയെ വിജയിപ്പിക്കാം. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെ എസ് ആർ ടി സിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടർച്ച ഉണ്ടാകണം. കോർപറേഷനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. എന്നാൽ തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി.

എന്തിനെയും എതിർക്കുക പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചിലർ ധരിച്ചു വച്ചിരിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷം ഉയർത്തുന്ന പല കാര്യങ്ങളും ആരോപണങ്ങൾ മാത്രവായി അവസാനിക്കുന്നു. കഴമ്പുള്ള കാര്യങ്ങളൊന്നും പ്രതിപക്ഷത്തിൽ നിന്നുണ്ടാകുന്നില്ല. സഹകരിക്കേണ്ടിടത്ത് പ്രതിപക്ഷം സഹകരിക്കണം. ഇപ്പോഴത്തെ സമരങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം നവകേരള സദസിനെതിരായ സമരങ്ങൾ എന്തിനെന്ന് വ്യക്തമല്ലെന്നും പറഞ്ഞു.