- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
22 വർഷം മുൻപ് അച്ഛന്റെ പകരക്കാരനായി മന്ത്രിയായ ഗണേശ് 22 മാസത്തിനു ശേഷം കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു; ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും ഇറങ്ങേണ്ടി വന്നത് കുടുംബ പ്രശ്നങ്ങളിൽ; ഇനി പിണറായി ടീമിൽ; ഗണേശിന് വേണ്ടത് വിവാദ മുക്ത കരുതൽ
തിരുവനന്തപുരം: നവകേരള സദസ്സ് സമാപിച്ചതിനു പിന്നാലെ സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടന. ഇടതുമുന്നണിയിലെ ധാരണപ്രകാരം കേരള കോൺഗ്രസ്-ബിയിലെ കെ.ബി.ഗണേശ്‌കുമാറും കോൺഗ്രസ്-എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും. ഗണേശിന് ഏറെ വെല്ലുവളികൾ മറികടന്നാണ് മന്ത്രിയാകാൻ വീണ്ടും അവസരമൊരുങ്ങുന്നത്. പിണറായി മന്ത്രിസഭയിൽ കൊല്ലത്തു നിന്നുള്ള മൂന്നാം മന്ത്രിയാകും ഗണേശ്. ചിഞ്ചു റാണിയും കെ എൻ ബാലഗോപാലുമാണ് കൊല്ലത്ത് നിന്നും മന്ത്രിയായ എംഎൽഎമാർ.
22 വർഷം മുൻപ് അച്ഛന്റെ പകരക്കാരനായി ആദ്യമായി മന്ത്രിക്കസേരയിലെത്തിയ ഗണേശ് ആ തവണ 22 മാസത്തിനു ശേഷം കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു. സിനിമയിൽ സജീവമായി നിന്ന 2001 ൽ കേരള കോൺഗ്രസ് (ബി) സ്ഥാനാർത്ഥിയായി ഗണേശ് പത്തനാപുരത്തു രാഷ്ട്രീയത്തിന്റെ മേക്കപ്പിട്ടത്. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 5 തവണ പത്തനാപുരത്തെ പ്രതിനിധീകരിച്ചപ്പോൾ മൂന്നാം തവണയാണ് മന്ത്രിക്കുപ്പായം. ആദ്യ തവണ ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി ആ മേഖലയിൽ പരിഷ്‌കരണങ്ങൾ കൊണ്ടു വന്നു. രണ്ടാം തവണ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ മന്ത്രിയായപ്പോഴും മികവ് കാട്ടി. പക്ഷേ കുടുംബത്തിലെ വിവാദങ്ങൾ മന്ത്രിസ്ഥാനം നഷ്ടമാക്കി.
ആദ്യ ഭാര്യയുമായുള്ള കുടുംബ പ്രശ്‌നങ്ങൾക്കും സോളാറിലും വ്യക്തിപരമായ നഷ്ടമുണ്ടായി. ഇപ്പോൾ സോളാർ ആക്ഷേപത്തിലെ പുതിയ വിവാദം സജീവമാണ്. ഇതിനൊപ്പം ബാലകൃഷ്ണ പിള്ളയുടെ സ്വത്ത് വിഹിതം വയ്ക്കലുമായി ബന്ധപ്പെട്ട തർക്കവും. അതെല്ലാം പിണറായി വിജയനെന്ന മുഖ്യമന്ത്രി മുഖവിലയ്‌ക്കെടുത്തില്ല. അങ്ങനെ ഗണേശ് മന്ത്രിയാകുന്നു. സ്വത്ത് തർക്കവും സോളാറിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയതുമെല്ലാം ആരോപണങ്ങളായി ആകാശത്ത് സജീവമാണ്. അതുകൊണ്ട് തന്നെ മന്ത്രിയാകുന്ന ഗണേശ് കൂടുതൽ കരുതലുകൾ എടുക്കേണ്ടി വരും.
മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഞായറാഴ്ച മുഖ്യമന്ത്രിക്കു രാജിക്കത്ത് കൈമാറി. 29-ന് വൈകീട്ട് നാലിനായിരിക്കും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽചേർന്ന ഇടതുമുന്നണി യോഗത്തിലാണ് മന്ത്രിമാരെ നിശ്ചയിച്ച് തീരുമാനം. തുറമുഖം, മ്യൂസിയം, ആർക്കിയോളജി-ആർക്കൈവ്സ് വകുപ്പുകളാണ് അഹമ്മദ് ദേവർകോവിലിന് നൽകിയിരുന്നത്. ഗതാഗതം, മോട്ടോർവാഹനം, ജലഗതാഗത വകുപ്പുകളായിരുന്നു ആന്റണി രാജുവിന്. ഇതേ വകുപ്പുകൾതന്നെ പുതിയ മന്ത്രിമാർക്കും നൽകിയേക്കും. രണ്ടരവർഷം വീതം ആന്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും മന്ത്രിസ്ഥാനം നൽകാനായിരുന്നു മുന്നണിയിലെ ധാരണ.
ഗണേശ് കുമാർ യുഡിഎഫിൽ നിന്ന് മാറി എൽഡിഎഫിലെത്തിയപ്പോൾ ആദ്യ തവണ എംഎൽഎയായി നിൽക്കേണ്ടിവന്നു. രണ്ടാം പിണറായി സർക്കാരിൽ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനമുണ്ടായപ്പോൾ തന്നെ ഗണേശ് മന്ത്രിപദം ഉറപ്പിച്ചിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി 1980ൽ ഇരിക്കൂറിൽ നിന്ന് എംഎൽഎ ആയെങ്കിലും ആദ്യമായി മന്ത്രിയായത് 29 വർഷങ്ങൾക്കു ശേഷമാണ്; അതും വി എസ്.അച്യുതാനന്ദൻ സർക്കാരിന്റെ മൂന്നാം വർഷത്തിൽ. ജി.സുധാകരൻ കൈവശം വച്ചിരുന്ന ദേവസ്വം വകുപ്പിൽ വിവാദങ്ങൾ നിറഞ്ഞതോടെയാണ് 2009ൽ ആ വകുപ്പ് നൽകി കടന്നപ്പള്ളിയെ മന്ത്രിസഭയിലെടുക്കാൻ എൽഡിഎഫ് തീരുമാനിച്ചത്. 2016ൽ കാത്തിരിപ്പു കൂടാതെ മന്ത്രിസ്ഥാനം തുടക്കം മുതൽ സ്വന്തമാക്കി. മൂന്നാം തവണ മന്ത്രിയാകുന്നതു രണ്ടര വർഷം ഇടവേളയ്ക്കു ശേഷം.
കോൺഗ്രസുകാരനായിരുന്നു കടന്നപ്പള്ളി. എ.കെ.ആന്റണിയോടൊപ്പം ഇടതുപക്ഷത്തെത്തിയ കടന്നപ്പള്ളി, ആന്റണി പിന്നീട് മുന്നണി മാറിയപ്പോഴും ഇടതുതാവളം വിട്ടില്ല. എൽഡിഎഫുമായി തുടക്കം മുതലുള്ള ചങ്ങാത്തമാണ് അദ്ദേഹത്തിന്റെ കരുത്ത്. അദ്ദേഹത്തോടൊപ്പം അന്ന് കോൺഗ്രസിൽ നിന്ന് ഇടതുപാളയത്തെത്തിയ എ.കെ.ശശീന്ദ്രനും മന്ത്രിസഭയിലുണ്ടെന്നതാണ് മറ്റൊരു കൗതുകം. രണ്ടു പേരും ഒരു പാർട്ടിയുടെ ഭാഗമായിരുന്നു. കോൺഗ്രസ് എസിൽ നിന്നും ശശീന്ദ്രനും കൂട്ടരും എൻസിപിയിലേക്ക മാറി.




