തിരുവനന്തപുരം: ഇടതു മുന്നണിയുടെ ധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജി വെച്ചതായും, പകരം പുതിയ മന്ത്രിമാർ ഡിസംബർ 29 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. നേരത്തെ നിശ്ചയിച്ചതനുസരിച്ച് രണ്ടു ഘടകകക്ഷി നേതാക്കളായ കെ ബി ഗണേശ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മന്ത്രിമാരാകും. ഡിസംബർ 29 ന് വൈകീട്ടാണ് സത്യപ്രതിജ്ഞ നടക്കുകയെന്നും എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതിയ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും. വകുപ്പ് തീരുമാനിക്കുന്നത് ഇടതുമുന്നണിയല്ല, അത് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. മുന്നണിയിലെ കക്ഷികൾക്ക് അവസരം നൽകുക എന്നത് മന്ത്രിസഭാ രൂപീകരണ വേളയിൽ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് രണ്ടര വർഷം കഴിഞ്ഞപ്പോൾ നിലവിലെ രണ്ടു മന്ത്രിമാർ രാജിവെച്ചത്. മറ്റു മന്ത്രിമാരുടെ വകുപ്പുകളിലെ മാറ്റം സംബന്ധിച്ച് എൽഡിഎഫ് തീരുമാനമെടുത്തിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

നവകേരള സദസ്സ് ചരിത്ര സംഭവമായിരുന്നുവെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വളർച്ചയെ ശക്തിപ്പെടുത്താൻ പരിശ്രമിച്ച മുഖ്യമന്ത്രിയെയും സഹമന്ത്രിമാരെയും ഇടതുമുന്നണി സന്തോഷത്തോടെ അഭിവാദ്യം ചെയ്യുന്നു. ആ പ്രമേയം എൽഡിഎഫ് യോഗം അംഗീകരിച്ചു. സർക്കാരിനേയും മുന്നണിയേയും കരുത്തുറ്റതാക്കാൻ ശ്രമിച്ച സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗത്തിൽ എൽഡിഎഫ് യോഗം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയതായും ജയരാജൻ പറഞ്ഞു.

കെ ബി ഗണേശ്‌കുമാറിന് ഗതാഗത വകുപ്പും തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും തന്നെയാകും ലഭിക്കുക എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മന്ത്രിസ്ഥാനത്തേക്ക് തന്നെ പരിഗണിച്ചത് ഇടുതുമുന്നണിയുടെയും ജനങ്ങളുടെയും അംഗീകാരമായി കാണുന്നുവെന്ന് ഗണേശ് കുമാർ പ്രതികരിച്ചു. ഗതാഗത വകുപ്പിനെ നന്നാക്കാൻ സമഗ്രമായ പ്ലാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ മികച്ചതാക്കി മാറ്റാനാണ് പദ്ധതിയുള്ളത്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ആലോചിക്കും. മുക്കിലും മൂലയിലും വണ്ടി കിട്ടുന്ന വിധത്തിലേക്ക് സംവിദാനം മാറ്റാനാണ് പ്ലാനുള്ളത്. ഇതിന് മുഖ്യമന്ത്രിയുടെ പിന്തുണ വേണം മുന്നണിയുടെയും പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിൽ ചിലവു കുറയ്ക്കുന്നതിനൊപ്പം പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകും. അഴിമതി യാതൊരു കാരണവശാലും അംഗീകരിക്കില്ല.

യൂണിയനുകൾക്ക് തൊഴിലാളി കാര്യങ്ങളിൽ ഇടപെടൽ നടത്താം. ഭരണകാരത്തിൽ നേതാക്കളുമയി ആലോചന നടത്തും. നേതാകകളെ അവരെ ദ്രോഹിച്ചും വിരട്ടിയും കാര്യങ്ങൾ നടക്കില്ല. യുഡിഎഫ് മന്ത്രിയായിരിക്കുമ്പോൾ ഇടതു നേതാക്കൾ അടക്കം സഹായിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. താൻ വിവാദങ്ങളായ അഭിപ്രായങ്ങൾ പറയുന്ന കാര്യമല്ല. നല്ലകാര്യങ്ങളിലാണ് ഇതുവരെ അഭിപ്രായങ്ങൽ പറഞ്ഞത്. ആരെയും വെറുതേ കുറ്റം പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കും. സിനിമാ അഭിനയം തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമാകും അഭിനയമെന്നും ഗണേശ് കുമാർ പറഞ്ഞു. മന്ത്രിസ്ഥാനത്ത് കൂടുതൽ ഫോക്കസ് ചെയ്യുമെന്നും മാധ്യമങ്ങൾ തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഗണേശ് കുമാർ പറഞ്ഞു. അതേസമയം ഏതു വകുപ്പായാലും നീതി പുലർത്തുമെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.