- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോസ്റ്ററിൽ മന്ത്രി റിയാസിന്റെ പടം വച്ച സ്ഥാനത്ത് യഥാർത്ഥത്തിൽ ജി സുധാകരന്റെ പടമായിരുന്നു വെക്കേണ്ടിയിരുന്നത്! എല്ലാ അർത്ഥത്തിലും പിണറായിയെ പ്രകോപിപ്പിച്ച് 'പൊതുമരമാത്തിലും വിമർശനം'; പുനഃസംഘടനയിൽ ഗണേശിനെ മന്ത്രിയാക്കാനുള്ള സാധ്യത തീരെ കുറഞ്ഞെന്ന് വിലയിരുത്തൽ; പത്തനാപുരം എഎൽഎയെ ഇടതു മുന്നണി പുറത്താക്കുമോ?

പത്തനാപുരം: ഇടതു സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി കെബി ഗണേശ് കുമാർ. മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുന്നത് തുടരുകയാണ് ഗണേശ്. ഗണപതി മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീറിനെ പരസ്യമായി തള്ളി പറഞ്ഞ ഗണേശ് പുതിയ വിവാദത്തിന് തുടക്കമിടുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ച് കെ ബി ഗണേശ് കുമാർ രംഗത്തു വരികയാണ്. ഇതോടെ പുനഃസംഘടനയിൽ ഗണേശിനെ മന്ത്രിയാക്കാനുള്ള സാധ്യതയും മങ്ങി.
തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ല. മുൻ മന്ത്രി ജി സുധാകരൻ സ്‌നേഹവും പരിഗണനയും നൽകിയിരുന്നു. റോഡ് ഉദ്ഘാടന ചടങ്ങിൽ ഫണ്ട് അനുവദിച്ച ജി സുധാകരന്റെ ചിത്രം വയ്ക്കാതിരുന്ന സംഘാടകരെ ഗണേശ് വിമർശിക്കുകയും ചെയ്തു. പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയെ ഗണേശ് പരസ്യമായി വിമർശിച്ചത്. ഇടതുപക്ഷത്ത് നിന്ന് ഗണേശ് പതിയെ അകലുകയാണെന്നതിന് തെളിവാണ് ഈ വിമർശനവും.
പിണറായിയുടെ എതിർ പക്ഷത്താണ് സുധാകരൻ. എല്ലാ അർത്ഥത്തിലും സിപിഎം മൂലയ്ക്കിരുത്തിയ വ്യക്തി. സുധാകരനെ ഗണേശ് ഉയർത്തിക്കാട്ടുന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാൻ സാധ്യത ഇല്ലാത്ത കാര്യമാണ്. ഇത് മനസ്സിലാക്കിയാണ് ഗണേശും പ്രതികരണം നടത്തുന്നത്. നിയമസഭയിലും സമാന ഇടപെടലുകൾ ഗണേശ് നടത്തിയിരുന്നു. ഇതിന് പുതിയ മാനം നൽകുന്നതാണ് പത്തനാപുരത്തെ പുതിയ പ്രസംഗം. മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ റിയാസിന് നേരെയാണ് കടന്നാക്രമണം. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുമെന്ന് ഉറപ്പാണ്. റിയാസിനെ സുധാകരന് മുകളിലേക്ക് കൊണ്ടു വരാനും ചില ബോധ പൂർവ്വ ശ്രമങ്ങൾ നടന്നിരുന്നു. ഇതാണ് ഗണേശ് വിമർശനത്തിലൂടെ ചോദ്യം ചെയ്യുന്നത്.
മന്ത്രിയായിരിക്കെ ജി സുധാകരനാണ് പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന് പണം അനുവദിച്ചത്. അദ്ദേഹത്തിനുള്ള നന്ദി കൈയടിച്ച് അറിയിക്കണം. പോസ്റ്ററിൽ മന്ത്രി റിയാസിന്റെ പടം വച്ച സ്ഥാനത്ത് യഥാർത്ഥത്തിൽ ജി സുധാകരന്റെ പടമായിരുന്നു വെക്കേണ്ടിയിരുന്നത്. ജി സുധാകരന്റെ കാലത്ത് ആറ് കോടിയോളം രൂപ റോഡ് വികസനത്തിനായി അനുവദിച്ചിരുന്നു. എന്നാലിപ്പോൾ വേണ്ട രീതിയിൽ പണം അനുവദിക്കുന്നില്ല. ഇക്കാര്യം താൻ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെന്ന് പറഞ്ഞ അദ്ദേഹം, ഇവരെക്കാളൊക്കെ മുൻപ് 20 വർഷം താൻ മന്ത്രിയായിരുന്നു. നിയമസഭയിൽ സീനിയോറിറ്റിയൊക്കെയുണ്ട്. ആ ഒരു മര്യാദ റോഡ് ആവശ്യങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ കാണിക്കണമെന്നും പറഞ്ഞു. ഫലത്തിൽ റിയാസിനെ എല്ലാ അർത്ഥത്തിലും കുറ്റപ്പെടുത്തുകയാണ് ഗണേശ്.
ഗണേശ്‌കുമാർ എംഎൽഎയും ഇടതുമുന്നണിയുമായുള്ള ബന്ധം വഷളാകുന്നുവെന്ന വിലയിരുത്തലിൽ യുഡിഎഫ് എത്തിയിട്ടുണ്ട്. ഗണേശ് കുമാറിനെ ഉൾപ്പെടെ എത്തിച്ച് മുന്നണി വിപൂലീകരണമാണ് ലക്ഷ്യം. സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശവിവാദത്തില് എൻ എസ് എസിനൊപ്പമായിരുന്നു ഗണേശ്. ഗണേശ്‌കുമാർ എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗവുമാണ്. ഇടതു മുന്നണിധാരണപ്രകാരം മൂന്നുമാസം കഴിയുമ്പോൾ ഗണേശിന് മന്ത്രിപദവി കിട്ടേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ അതുണ്ടാകാൻ ഇടയില്ല. സർക്കാരിനെതിരേ പരസ്യവിമർശനങ്ങൾ ഉന്നയിക്കാനും ഗണേശ്‌കുമാർ തുടരുകയും ചെയ്യുന്നു.
ഗണേശ്‌കുമാറിനെ മന്ത്രിയാക്കുന്നതിനെതിരേ അദ്ദേഹത്തിന്റെ സഹോദരിതന്നെ മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും സമീപിച്ചിട്ടുമുണ്ടെന്ന് സൂചനയുണ്ട്. യു.ഡി.എഫിൽ മടങ്ങിയെത്തിയാൽ കേരള കോൺഗ്രസി(ബി)ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ട് സീറ്റ് നൽകും. കൊട്ടാരക്കരയിലും പത്തനാപുരത്തും ഗണേശിന്റെ പാർട്ടിക്ക് നൽകാനാണ് യുഡിഎഫിലെ ധാരണ.
എൻ.സി.പിയുമായി ഇടഞ്ഞുനിൽക്കുന്ന തോമസ് കെ. തോമസ് എംഎൽഎയേയും യു.ഡി.എഫ്. ലക്ഷ്യമിടുന്നുണ്ട്. അദ്ദേഹത്തിനെതിരായ വധഭീഷണി പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത് ഇതിന്റെ ഭാഗമാണ്. മുന്നണി മാറിയാൽ അയോഗ്യതയ്ക്കു കാരണമായേക്കുമെന്ന ഭയം തോമസിനുണ്ട്. എൻ സി പി ദേശീയ തലത്തിൽ പിളർപ്പിലാണ്. എല്ലാ സാഹചര്യങ്ങളും തോമസ് കെ തോമസ് പരിശോധിക്കുന്നുണ്ട്. അതിന് ശേഷം ഉചിത തീരുമാനം എടുക്കും.


