- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗണേശിനെ മന്ത്രിയാക്കാൻ സിപിഎം അനുകൂലം; അന്തിമ തീരുമാനം എടുക്കേണ്ട ചുമതല മുഖ്യമന്ത്രിക്ക് വിട്ട് സിപിഎം; കിട്ടുന്ന വകുപ്പ് ഏറ്റെടുക്കമെന്ന നിലപാടിൽ കേരളാ കോൺഗ്രസ് ബിയും; പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രം
തിരുവനന്തപുരം: കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കാൻ സിപിഎമ്മിൽ ഏകദേശ ധാരണ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ട ചുമതല മുഖ്യമന്ത്രി പിണറായി വിജയന് നൽകി. ഇടത് മുന്നണി യോഗം ഈ മാസം പത്തിന് ചേരും. മന്ത്രിസഭാ പുനഃസംഘടന യോഗത്തിൽ ചർച്ചയാകും. നവകേരള സദസ്സിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. ഈ യോഗത്തിൽ മുഖ്യമന്ത്രി ഗണേശിനെ മന്ത്രിയാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും.
മന്ത്രിസഭ പുനഃസംഘടന വൈകരുതെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകി. നവകേരള സദസിന് മുൻപ് മന്ത്രി സഭ പുനഃസംഘടിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. ഗണേശിനൊപ്പം കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയായേക്കും. അങ്ങനെ വന്നാൽ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകാൻ സാധ്യത ഏറെയാണ്. ദേവസ്വവും ഗതാഗതവും തുറമുഖവും അടക്കമുള്ള വകുപ്പുകൾ മാറ്റത്തിന് വിധേയമാകും. ഗണേശിന് ഗതാഗതത്തോട് താൽപ്പര്യമില്ല. എങ്കിലും ഇടതുപക്ഷം ആവശ്യപ്പെട്ടാൽ ഏത് വകുപ്പും ഏറ്റെടുക്കും.
ദേവസ്വവും തുറമുഖവും ഭരിച്ച മുൻ പരിചയം കടന്നപ്പള്ളിക്കുണ്ട്. ഈ സാഹചര്യത്തിൽ ഈ വകുപ്പുകൾ കടന്നപ്പള്ളിക്ക് നൽകാനും സാധ്യയുണ്ട്. മന്ത്രിസഭാ പുനഃസംഘടനയിൽ ഇടതു മുന്നണി തീരുമാനം എടുത്താലും സത്യപ്രതിജ്ഞ നവകേരള സദസിന് ശേഷമേ ഉണ്ടാകൂ. അതിന് മുമ്പ് മന്ത്രിമാർ മാറുന്നത് നവകേരള സദസ്സിനെ ബാധിക്കുമെന്ന വിലയിരുത്തലുണ്ട്. അങ്ങനെ വന്നാൽ ഡിസംബറിലാകും ഗണേശ് മന്ത്രിയാവുക. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക് പോകും.
കേരളാ കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്.മുന്നണി ധാരണ പ്രകാരം മന്ത്രിസഭ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ, മന്ത്രിമാരായ അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും ഒഴിയേണ്ടതുണ്ട്. ഇവർക്ക് പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും കെബി ഗണേശ് കുമാറും മന്ത്രിമാരാകുമെന്നാണ് ധാരണ. നവംബറിൽ സർക്കാർ രണ്ടര വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് കത്ത് നൽകിയിരിക്കുന്നത്. ഗണേശ് കുമാറിനെ മന്ത്രിസഭയിലുൾപ്പെടുത്തുന്നതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. ഇത് സിപിഎം പരിഗണിക്കില്ല.
ആദ്യ രണ്ടര വർഷം അഹമ്മദ് ദേവർ കോവിൽ, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേശ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. അത് ലംഘിക്കുമെന്ന് കേരള കോൺഗ്രസ് ബി കരുതുന്നില്ല. നവംബറിൽ സർക്കാർ രണ്ടര വർഷം പൂർത്തിയാകും വരെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകാതിരുന്നത് പാർട്ടിയിലെ ധാരണ പ്രകാരമാണ്. സമയപരിധി തീരാനായതോടെയാണ് ഔദ്യോഗികമായി ആവശ്യപ്പെട്ടുള്ള സമ്മർദ്ദങ്ങളിലേക്ക് പാർട്ടിയും ഗണേശും കടന്നത്.
വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേശ് കുമാറിന്റെ നീക്കം. മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേശ് കുമാറിന്റെ മുൻ നിലപാട്. എന്നാൽ വകുപ്പിന് വേണ്ടി ഈ സാഹചര്യത്തിൽ ഗണേശ് നിർബന്ധം പിടിക്കില്ല. 18നു നവകേരള സദസ്സ് ആരംഭിക്കും മുൻപ് മന്ത്രിസ്ഥാനം വേണമെന്നാണ് കേരള കോൺഗ്രസ്(ബി) ജനറൽ സെക്രട്ടറി സി.വേണുഗോപാലൻ നായർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനു സാധ്യത വിരളമാണ്. നിലവിലെ മന്ത്രിമാരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് നവ കേരള സദസ്സിന്റെ പോസ്റ്ററും ബോർഡുകളും പിആർഡി തയാറാക്കിയിരിക്കുന്നത്. മന്ത്രിസഭയുടെ ഒരുമിച്ചുള്ള യാത്രയ്ക്ക് കെഎസ്ആർടിസിയുടെ പ്രത്യേക ബസ് തയാറാക്കുന്നതിനു മേൽനോട്ടം വഹിക്കുന്നത് ആന്റണി രാജുവാണ്.
സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അടക്കം കുടുക്കാനായി ഗണേശ് കുമാർ ഇടപെട്ടെന്ന വെളിപ്പെടുത്തലുകളുടെയും സിബിഐ റിപ്പോർട്ടിലെ പരാമർശങ്ങളുടെയും പശ്ചാത്തലത്തിൽ അദ്ദേഹത്തെ മന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗണേശിനെതിരായ ഹർജി കോടതി പരിഗണയിലുമാണ്. കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ.മാണിയെ സോളർ കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ടും ഗണേശ് ആരോപണ വിധേയനാണ്.
മാറേണ്ടി വരുന്ന രണ്ടു മന്ത്രിമാരും ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നതു സാമുദായിക സമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്നതും സിപിഎം പരിശോധിക്കുന്നുണ്ട്.




