തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ മന്ത്രിയായി സജി ചെറിയാൻ തുടരും. സിനിമാ വകുപ്പ് കൂടി വേണമെന്ന കേരളാ കോൺഗ്രസ് ബിയുടെ ആവശ്യം സിപിഎം തള്ളി. കെബി ഗണേശ് കുമാറിന് ഗതാഗതം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖവും നൽകും. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകില്ല. എന്നാൽ സിപിഐ മന്ത്രിമാർക്ക് വകുപ്പ് മാറ്റം വേണമെന്ന് അവർ ആവശ്യപ്പെട്ടാൽ അത് ചെയ്തു കൊടുക്കുകയും ചെയ്യും. സിപിഐയ്ക്ക് അനുവദിച്ച വകുപ്പുകളിൽ മാത്രമാകും ഈ മാറ്റം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സിനിമാ വകുപ്പു കൂടി നേടാനുള്ള ഗണേശ് കുമാറിന്റെ നീക്കം തടഞ്ഞത്.

സിനിമാ വകുപ്പ് സിപിഎമ്മിൽ നിന്നും ഏറ്റെടുക്കാനുള്ള ചില സിനിമാക്കാരുടെ ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ എന്ന് സിപിഎം സംശയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സജി ചെറിയാനിൽ വകുപ്പ് നിലനിർത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയും സജി ചെറിയാന് അനുകൂലമായി. കടന്നപ്പള്ളിക്കും തുറമുഖം നൽകും. ദേവസ്വം ബോർഡിൽ കെ രാധാകൃഷ്ണൻ മന്ത്രിയായി തുടരും. സജി ചെറിയാനും രാധാകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗങ്ങളാണ്. ഇതെല്ലാം കണക്കിലെടുത്താണ് അധിക വകുപ്പുകൾ ഗണേശിനും കടന്നപ്പള്ളിക്കും നൽകാത്തത്.

വൈകീട്ട് നാലുമണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ കെ.ബി. ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുന്നണി ധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ച ഒഴിവിലേക്കാണ് രണ്ടുപേരും മന്ത്രിമാരായി എത്തുന്നത്. പൊതുഗതാഗതരംഗത്ത് വകുപ്പ് മന്ത്രിയെന്ന നിലയിൽ എന്തെങ്കിലും മാറ്റംകൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് നിയുക്തമന്ത്രി കെ.ബി. ഗണേശ് കുമാർ പ്രതികരണം നടത്തിയിരുന്നു. ഇടതുമുന്നണി സർക്കാരിന് അഭിമാനകരമാകുന്ന കുറച്ചു പദ്ധതികൾ നടപ്പാക്കണമെന്ന് ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ജനങ്ങളുടേയും പിന്തുണയുണ്ടെങ്കിൽ എന്തെങ്കിലും ചെയ്യാൻ കഴിയും, അത്ഭുതങ്ങൾ നടത്താൻ പറ്റുമെന്നൊന്നും ഞാൻ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗത വകുപ്പെന്നാണ് അറിയിച്ചത്. മറ്റ് വകുപ്പുകളില്ല, ആന്റണി രാജു വഹിച്ചിരുന്ന വകുപ്പാണ് തന്നിരിക്കുന്നതെന്ന് ഗണേശ് വ്യക്തമാക്കിയിരുന്നു.
കെ.എസ്.ആർ.ടി.സി. വളരെ മോശം അവസ്ഥയിലാണ്. ഒരു പരിധിവരെ നന്നാക്കാൻ പറ്റും. അച്ചടക്കം ഉണ്ടാക്കാൻ പറ്റും. എല്ലാവിധ ചോർച്ചകളും അടയ്ക്കുക എന്നതാണ് ലക്ഷ്യം. വരവ് വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ ചെലവിൽ നിയന്ത്രണം കൊണ്ടുവരിക. കെ.എസ്.ആർ.ടി.സിയുടെ ഒരു പൈസ ചോർന്ന് പോവാതെയുള്ള നടപടിയായിരിക്കും സ്വീകരിക്കുകയെന്നും ഗണേശ് കുമാർ പറഞ്ഞു.

ലോട്ടറി, ബിവറേജസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ്... ഇതിൽനിന്നുള്ള വരുമാനം മാത്രമേ സംസ്ഥാനത്തിന്റെ ധനകാര്യ ആവശ്യങ്ങൾക്ക് ലഭിക്കുന്നുള്ളൂ. കേന്ദ്രസർക്കാർ പരിപൂർണ്ണമായി അവഗണിക്കുകയും കടംവാങ്ങാനുള്ള അവകാശത്തിൽ കൈവെക്കുകയും ചെയ്യുന്നു. കേന്ദ്രത്തിൽനിന്ന് ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ജനങ്ങളെ പിഴിയാതെ എങ്ങനെ വരുമാനം വർധിപ്പിക്കാം എന്നതിനെക്കുറിച്ച് ചില ആശയങ്ങളുണ്ട്. കേരളത്തിന്റെ എല്ലാ ഗ്രമീണമേഖലകളിലും ബസുകൾ ഓടിക്കുന്ന പദ്ധതി കൊണ്ടുവരും. കെ.എസ്.ആർ.ടി.സി. തന്നെ വേണമെന്നില്ല, സ്വകാര്യബസ് ആയാലും മതി. പദ്ധതി മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കും, അദ്ദേഹമത് അംഗീകരിച്ചാൽ ഇന്ത്യയിൽ തന്നെ ഒരു ചരിത്രമാക്കിയത് മാറ്റുമെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു.

കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഒരു തരത്തിലും ധൂർത്തടിക്കപ്പെടുന്നില്ല എന്ന് ജീവനക്കാരെ ബോധ്യപ്പെടുത്തിയാൽ അവർ സഹകരിക്കുമെന്നാണ് വിശ്വാസം. ശുദ്ധജലത്തിൽ കുറച്ച് അഴുക്കുവെള്ളം ഒഴിച്ചാൽ മതിയല്ലോ, എല്ലാം കൂടെ ചീത്തയാവാൻ. ആതാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സിയിൽ പറ്റിയത്. മോഷണവും സാമ്പത്തിക അപഹരണവും സമ്മതിക്കില്ല. എല്ലാ ഓട്ടകളും അടയ്ക്കും. ആരേയും ഉപദ്രവിക്കുക എന്നത് ലക്ഷ്യമല്ല. സഹകരിച്ചാൽ രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെ സമരം ചെയ്താൽ അനുഭവിക്കാൻ പോവുന്നത് തൊഴിലാളികളായിരിക്കും. ആന്റണി രാജുവിന്റെ കാലത്തെ പരിഷ്‌കരണങ്ങൾ വെട്ടിക്കുറയ്ക്കില്ലെന്നും അതിന്റെ തുടർച്ചയാണ് ഉണ്ടാവുകയെന്നും ഗണേശ് വ്യക്തമാക്കി.

സിനിമാ വകുപ്പ് നൽകില്ലെന്ന കാര്യം മന്ത്രിയായി സ്ഥാനമേൽക്കുന്ന ഗണേശ്‌കുമാറിനെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. ഗണേശ് കുമാറിന് ഗതാഗത വകുപ്പ് മാത്രമാകും ലഭിക്കുന്നത്. ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസും ഗണേശ്‌കുമാറിന് നൽകും. ഗണേശ്‌കുമാറിന് സിനിമാ വകുപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായായിട്ടാണ് കടന്നപ്പള്ളി സ്ഥാനമേൽക്കുന്നത്. അഹമ്മദ് ദേവർകോവിലിന്റെ ഓഫീസാണ് കടന്നപ്പള്ളി രാമചന്ദ്രന് നൽകുന്നത്. കടന്നപ്പള്ളി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് തന്നെയാണിത്.