ചങ്ങനാശേരി: ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിനെതിരെ യുഡിഎഫ് രംഗത്തെത്തിയതിന് പിന്നാലെ, ഗണേശ് പിന്തുണ തേടി എൻഎസ്എസ് ആസ്ഥാനത്തെത്തി. ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മന്നം സമാധിയിൽ ഗണേശ് കുമാറും സുകുമാരൻ നായരും ഒന്നിച്ച് പ്രാർത്ഥന നടത്തി. ഗണേശിന് മന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുകുമാരൻ നായരുടെ പ്രതികരണം. ഗണേശ് ഒരിക്കലും എൻ എസ് എസിന് എതിരാകില്ല. ഗണേശ് എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എൻ എസ് എസിന് എതിരായ നിലപാട് വന്നാൽ അപ്പോൾ നോക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും മരണശേഷം തന്നെ സ്‌നേഹ പൂർവം ചേർത്തു നിർത്തിയത് സുകുമാരൻ നായരായിരുന്നുവെന്ന് ഗണേശ് കുമാറും പ്രതികരിച്ചു. തനിക്ക് പിതൃ സ്ഥാനീയനും വഴികാട്ടിയുമാണ്. അനാവശ്യ പ്രശ്‌നങ്ങളിൽ എൻ എസ് എസ് ഇടപെടാറില്ല. എൻ എസ് എസും സർക്കാരും സ്വതന്ത്രരാണ് രണ്ടും വ്യത്യസ്തമാണെന്നും ഗണേശ് കൂട്ടിച്ചേർത്തു.

നേരത്തെ ഗതാഗത വകുപ്പ് തനിക്ക് കിട്ടിയാൽ അടിമുടി നവീകരിക്കുമെന്ന് കെ.ബി. ഗണേശ് കുമാർ പ്രതികരിച്ചിരുന്നു. കേരളത്തിലെ ജനങ്ങളുടെ ഒരു അംഗീകാരമായി മന്ത്രിപദവിയെ കാണുകയാണെന്നും പൊതുഗതാഗതത്തെ മെച്ചപ്പെടുത്താൻ മനസിൽ നല്ലനല്ല ആശയങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വകുപ്പിനെ നന്നാക്കുകയെന്നത് മാത്രമല്ല, പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താൻ ഇടതുമുന്നണിയുടെ അഭിമാനകരമായ ഒരു പദ്ധതി നടപ്പാക്കാൻ ആശയമുണ്ട് മനസിൽ. അത് മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കും. അദ്ദേഹം അത് അംഗീകരിച്ചാൽ കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും ജനങ്ങൾക്ക് ബസ് കിട്ടുന്ന ഒരു പുതിയ സംവിധാനം, ഇന്ത്യയിൽ ഇതുവരെയില്ലാത്ത ഒരു സംവിധാനം കൊണ്ടുവരും. ചെലവു കുറയ്ക്കുക, വരവ് കൂട്ടുക, മുറുക്കാൻകടയിലെ ലളിതമായ സാമ്പത്തിക തത്വമാണ്. പണ്ടും അങ്ങനെയാണ് ചെയ്തിരുന്നത്.'- ഗണേശ് കുമാർ പറഞ്ഞു.

ഭരണകാര്യങ്ങളിൽ യൂണിയൻ ഇടപെടാറില്ല, പക്ഷെ അവരുമായും കാര്യങ്ങൾ ചെയ്യും. തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം സിനിമയിൽ അഭിനയിക്കുമെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു.

ഗണേശിനെതിരെ പ്രതിപക്ഷ നേതാവ്

അതേസമയം, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തിയതിൽ വലിയ പങ്കുള്ള കെ.ബി ഗണേശ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗണേശ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽനിന്ന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും പിന്മാറണമെന്ന് സതീശൻ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ ഗണേശ് കുമാറിനെതിരേ കോടതിയിൽ കേസ് നടക്കുകയാണ്. ആ വിഷയം അന്വേഷിച്ച സിബിഐയുടെ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നതിൽ വലിയ ഗൂഢാലോചന നടന്നുവെന്ന് പറയുന്നുണ്ട്. ആ ഗൂഢാലോചനയിലെ ഏറ്റവും പ്രധാന പങ്കാളിയാണ് ഗണേശ് കുമാർ. അതുെകാണ്ട് അദ്ദേഹത്തെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽനിന്ന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും പിന്മാറണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്', സതീശൻ പറഞ്ഞു.