- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുവന്നൂർ ബാങ്കിനെ സഹായിക്കാൻ നിലവിൽ ആവശ്യമുയർന്നിട്ടില്ല; പാർട്ടി ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം സഹായം നൽകും; സഹായിക്കരുതെന്ന് നബാർഡ് വിലക്കിയിട്ടില്ലെന്ന് ഗോപി കോട്ടമുറിക്കൽ
കൊച്ചി: കരുവന്നൂർ ബാങ്കിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരള ബാങ്ക് തയ്യാറാണെന്ന് വെളിപ്പെടുത്തി രംഗത്തുവന്നത് സിപിഎം നേതാവ് കണ്ണനാണ്. 50 കോടി കേരളാ ബാങ്ക് സഹായമായി നൽകാനായിരുന്നു തീരുമാനം. എന്നാൽ, ഇത് സാധ്യമാകാതെ വന്നത് നബാർഡ് നിർദേശത്തെ തുടർന്നാണെന്നും അഭ്യൂഹങ്ങളെത്തി. ഈ സാഹചര്യത്തിൽ ഇതോട് പ്രതികരിച്ചു കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ ഗോപി കോട്ടമുറിക്കൽ രംഗത്തുവന്നു.
കേരള ബാങ്ക് സഹായിക്കുമെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ കരുവന്നൂർ ബാങ്കിനെ സഹായിക്കാൻ നിലവിൽ ആവശ്യം ഉയർന്നിട്ടില്ലെന്ന് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കരുവന്നൂർ ബാങ്കിനെ സഹായിക്കരുതെന്ന് നബാർഡോ റിസർവ് ബാങ്കോ കേരള ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'കരുവന്നൂർ ബാങ്ക് നേരിടുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കാൻ കേരള ബാങ്ക് ഇടപെടണമെന്ന് ഇന്നുവരെ ഒരു അധികാരകേന്ദ്രവും ആവശ്യപ്പെട്ടിട്ടില്ല. അത് അവരുടെ ദൗത്യമല്ലെന്ന് ഞങ്ങളേക്കാൾ അവർക്കറിയാം', ഗോപി കോട്ടമുറിക്കൽ പറഞ്ഞു. സർക്കാർ ഇക്കാര്യം ആവശപ്പെടുകയും റിസർവ് ബാങ്ക് അതെതിർക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ കൂട്ടായൊരു നിലപാട് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അങ്ങനെയൊരു വിഷയം ഇതുവരെ കേരള ബാങ്കിന്റെ മുന്നിൽ വന്നിട്ടില്ലെന്നും വിഷയത്തിൽ പാർട്ടി പറയുന്നത് എന്തായാലും അത് നടപ്പാക്കുമെന്നും ഗോപി കോട്ടമുറിക്കൽ വ്യക്തമാക്കി. താൻ റിസർവ് ബാങ്കിന്റെ ജോലിക്കാരനല്ലെന്നും ഉത്തരവാദിത്തപ്പെട്ട പാർട്ടി പ്രവർത്തകനാണെന്നും പറഞ്ഞ കേരള ബാങ്ക് പ്രസിഡന്റ് പാർട്ടിയോ സർക്കാരോ ആവശ്യപ്പെട്ടാൽ കരുവന്നൂർ ബാങ്കിനെ സഹായിക്കുന്ന കാര്യം 24 മണിക്കൂറിനുള്ളിൽ നടപ്പാക്കുമെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന പാർട്ടി ഫ്രാക്ഷൻ യോഗത്തിൽ അങ്ങനെയൊരു ആവശ്യമുയർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കരുവന്നൂർ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാൻ കേരളബാങ്കിൽനിന്ന് പണം നൽകുന്നത് നബാർഡ് വിലക്കിയത് റിസർവ് ബാങ്കിന്റെ വായ്പാമാർഗരേഖയ്ക്ക് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണെന്നായിരുന്നു വാർത്തകൾ. ഇതോടെ കരുവന്നൂർ പ്രശ്നം സിപിഎമ്മിനും സർക്കാരിനും കൂടുതൽ പ്രതിസന്ധിയുണ്ടാക്കുകയാണ്.
അതേസമയം കരുവന്നൂർ സഹകരണ ബാങ്കിലെ പ്രതിസന്ധി മറികടക്കാൻ പുതിയ പാക്കേജിന് രൂപം നൽകാൻ ആലോചനയും സജീവമായി നടക്കുന്നുണ്ട്. ഇതേക്കുറിച്ച് ചർച്ചചെയ്യാൻ ഒക്ടോബർ മൂന്നിന് മന്ത്രി വി.എൻ. വാസവൻ യോഗം വിളിച്ചു. ബാങ്കിലെ അഡ്‌മിനിസ്‌ട്രേറ്റീവ്-ഭരണസമിതി അംഗങ്ങൾ, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുക്കുക. സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ഇടപെടലിനെക്കുറിച്ച് ആലോചിക്കാൻ ഒക്ടോബർ നാലിന് മുഴുവൻ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.
കേരളബാങ്കിൽനിന്നടക്കം പണംകണ്ടെത്തി നിക്ഷേപകർക്ക് തിരിച്ചുനൽകാൻ 2022 ഓഗസ്റ്റിൽ പ്രത്യേക പാക്കേജ് സഹകരണവകുപ്പ് തയ്യാറാക്കിയിരുന്നു. 25 കോടിയായിരുന്നു കേരളബാങ്ക് നൽകേണ്ടിയിരുന്നത്. എന്നാൽ, അത് നൽകാൻ ബാങ്ക് തയ്യാറായില്ല. സർക്കാർ ഗാരന്റി നൽകാത്തതിനാൽ മറ്റു സഹകരണ ബാങ്കുകളും നൽകിയില്ല. ഇപ്പോൾ ഇ.ഡി. അന്വേഷണത്തിന്റെ ഫലമായി സഹകരണ മേഖലയിലാകെ പ്രതിസന്ധിയുണ്ടായ പശ്ചാത്തലത്തിലാണ് ഇടപെടൽ.
റിസർവ് ബാങ്കിന്റെ നിയന്ത്രണം ചൂണ്ടിക്കാട്ടി കേരളബാങ്ക് സ്വീകരിക്കുന്ന നിലപാട് സഹകരണ മേഖലയ്ക്ക് പ്രശ്നമുണ്ടാക്കുന്നതാണെന്ന പരാതി സിപിഎമ്മിൽ ശക്തമാണ്. ക്രിയാത്മക ഇടപെടൽ വേണമെന്ന നിർദ്ദേശം പാർട്ടി നേതൃത്വം ബാങ്ക് ഭരണസമിതിക്ക് നൽകിയിട്ടുണ്ട്. പ്രതിസന്ധിയിലാകുന്ന സഹകരണ ബാങ്കുകളെ സഹായിക്കാൻ സഹകരണ സംരക്ഷണനിധി രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്ക് കണ്ടെത്തിയ 500 കോടിയിൽനിന്ന് കരുവന്നൂരിന് സഹായം ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. മറ്റു സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപവത്കരിക്കാനുള്ള ആലോചനയുമുണ്ട്.




