- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗവർണർ ഇന്ന് തലസ്ഥാനത്തെത്തും; പ്രതിഷേധം തുടരാൻ എസ്എഫ്ഐ; മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള നേർക്കുനേർ പോർവിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന വേദിയായി നാളത്തെ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങു മാറും; മഞ്ഞുരുകലിന് മുഖ്യമന്ത്രി മുൻകൈയെടുക്കുമോ?
തിരുവനന്തപുരം: വിവിധ കാര്യങ്ങളിൽ സർക്കാരിനെതിരെ പോർമുഖം തുറന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിയിൽ നിന്ന് തലസ്ഥാനത്ത് തിരിച്ചെത്തും. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള നേർക്കുനേർ പോർവിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന വേദിയായി സത്യപ്രതിജ്ഞ ചടങ്ങ് മാറും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയിൽ മഞ്ഞുരുകുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാൽ, ഇപ്പോഴത്തെ നിലയിൽ അതിനുള്ള സാധ്യതകൾ തീർത്തും വിരളമാണ്.
ഇതിനിടെയാണ്, ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐയുടെ അറിയിപ്പ്. നാളെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെ, മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിയുക്ത മന്ത്രി കെ ബി ഗണേശ് കുമാറിന് വേണ്ടി സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോൺഗ്രസ് (ബി) ആവശ്യമുന്നയിച്ചതോടെയാണ് വകുപ്പ് മാറ്റം ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നത്.
ഗതാഗത മന്ത്രിയാകുമെന്ന് ഉറപ്പായ ഗണേശിനായി പാർട്ടി, മുഖ്യമന്ത്രി പിണറായി വിജയനോടാണ് സിനിമ വകുപ്പ് കൂടി ചോദിച്ചത്. ഇന്ന് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. ഗണേശ് കുമാറിന് പുറമെ കടന്നപ്പള്ളി രാമചന്ദ്രനാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ഔദ്യോഗിക വസതി വേണ്ടെന്നും വേണമെങ്കിൽ പഴ്‌സനൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാമെന്നും ഗണേശ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് ആർക്കും ഔദ്യോഗിക കത്ത് നൽകിയിട്ടില്ലെന്ന് കേരള കോൺഗ്രസ് (ബി) ജനറൽ സെക്രട്ടറി സി.വേണുഗോപാലൻ നായർ അറിയിച്ചു.
അതേസമയം, സിനിമ വകുപ്പ് കൂടി വേണമെന്ന താൽപര്യവും ഗണേശ് കുമാർ അറിയിച്ചിട്ടുണ്ട്. നിലവിൽ മന്ത്രി സജി ചെറിയാന്റെ കീഴിലാണ് സിനിമ വകുപ്പ്. രാജ്ഭവനിലെ പാർക്കിങ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രത്യേക പന്തലിലാണ് ചടങ്ങ്. സോളർ കേസിൽ ഉൾപ്പെടെയുള്ള പങ്ക് ചൂണ്ടിക്കാട്ടി കെ.ബി.ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിനെ പ്രതിപക്ഷം എതിർക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തും അയച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കും.
അതേസമയം ഗവർണർ സർക്കാറുമായി പോരുതുടരുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പുവെക്കാതെ വന്നതോടെ നിർണായകമായ കാര്യങ്ങളിൽ സർക്കാർ വെട്ടിലായിട്ടുണ്ട്. റെവന്യൂ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ് അധികാര വടംവലിയിൽ കുടുങ്ങിയിരിക്കുന്നത്.
ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ലക്ഷ്യമിട്ടു നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബിൽ ഗവർണർ ഒപ്പിടാതെ വന്നതോടെ മറികടക്കാൻ വേണ്ടി പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. അതേസമയം സർവകലാശാലകളിലെ വിസി നിയമനങ്ങളിലും പ്രതിസന്ധിയാണ. ഗവർണർ സ്വന്തം നിലയ്ക്ക് വിസിമാരെ തേടുന്നതിന് വഴിതേടിയതോടെ നിസ്സഹകരിക്കാനാണ് സർക്കാറിന്റെ നീക്കം. ഇതോടെ സർക്കാർ ഗവർണർ പോര് ഭരണതലത്തിൽ സാരമായി തന്നെ ബാധിച്ചു തുടങ്ങി.




