തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തന്നെ ആവർത്തിക്കുമ്പോഴും, റിപ്പബ്ലിക് ദിനത്തിൽ വിരുന്നൊരുക്കാൻ രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണു തുക അനുവദിച്ചത്. 26ന് വൈകിട്ടാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ വിരുന്ന് ഒരുക്കിയിട്ടുള്ളത്. പൗരപ്രമുഖർ അടക്കമുള്ളവർക്കാണ് വിരുന്നിലേക്ക് ക്ഷണമുള്ളത്.

മാസങ്ങളായുള്ള പിണക്കം മറന്നു മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിരുന്നിൽ പങ്കെടുക്കുമെന്നാണു സൂചന. 'അറ്റ് ഹോം' എന്ന പേരിലാണു വിരുന്ന് സംഘടിപ്പിക്കുന്നത്. പരിപാടിക്കു തുക അനുവദിക്കണമെന്ന് രാജ്ഭവൻ നേരത്തേ സർക്കാരിനു കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അധികഫണ്ട് അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.

സർക്കാരുമായും മുഖ്യമന്ത്രിയുമായും ഗവർണർ കൊമ്പുകോർക്കുന്നതിനിടെയാണു വിരുന്നിനു പണം അനുവദിച്ചതെന്നതു ശ്രദ്ധേയം. പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക. നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ചിരുന്നു. ഇതോടെ പിണക്കം തീരാനുള്ള വഴിയും ഉണ്ടായി. സുപ്രീംകോടതിയും നേരത്തെ ഗവർണറും മുഖ്യമന്ത്രിയും സംസാരിച്ചു പ്രശ്‌നങ്ങൾ തീർക്കുന്നതാണ് നല്ലതെന്ന നിലപാട് സ്വീകരിച്ചിരുന്നു.

നേരത്തേ, രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേശ്‌കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ അടുത്തടുത്തിരിന്നിട്ടും ഗവർണറും മുഖ്യമന്ത്രിയും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. ഇതിന് ശേഷം നിയമസഭാ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വെക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ ഉൾപ്പെടുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് ഗവർണർ ഒപ്പ് വച്ചത്.

നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പ് വയ്ക്കാതെ ഒരു തവണ ഗവർണർ സർക്കാരിനെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. ഒരുഘട്ടത്തിൽ കേന്ദ്രത്തിനെതിരെയ വിമർശനങ്ങൾ വായിക്കില്ലെന്ന് നിർബന്ധം പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണത്തെ നയപ്രഖ്യാപനപ്രസംഗം അയച്ച് കൊടുത്തപ്പോൾ സർക്കാരിനുള്ള ആശങ്ക ചെറുതാരുന്നില്ല. എന്നാൽ, അതിന് വിരാമമിട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനപ്രസംഗത്തിൽ ഒപ്പ് വച്ചത്. ഇതെല്ലാം സർക്കാറുമായി അനുനയ വഴിയിൽപോകാനുള്ള വഴി തുറന്നു.

സർക്കാർ- ഗവർണർ പോരിനെ തുടർന്ന് കഴിഞ്ഞ ക്രിസ്മസിന് രാജ്ഭവനിൽ നടന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. എന്നാൽ, നിയമസഭാ സമ്മേളനം നടക്കാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിനെത്തുന്ന ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറ്റ് ഹോം വിരുന്നിലേക്ക് ക്ഷണിച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയും വിരുന്നിൽ പങ്കെടുത്താൽ വീണ്ടും അനുരഞജന വഴി തെളിയും. സുപ്രധാന ബില്ലുകളികൾ അടക്കം ഗവർണർ ഒപ്പുവെക്കേണ്ടതുമുണ്ട്.