തിരുവനന്തപുരം: ഗവർണറെ പിണറായി സർക്കാർ എല്ലാ അർത്ഥത്തിലും അവഗണിക്കും. ഗവർണർ തേടുന്ന വിശദീകരണങ്ങളിൽ സർക്കാർ മറുപടി തൽകാലം നൽകില്ല. സാമ്പത്തിക അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പരാതിയിലും തന്നെ എസ്.എഫ്.ഐ. വഴിയിൽത്തടഞ്ഞ സംഭവത്തിലും ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഇനിയും അവ നൽകിയിട്ടില്ല. നിസ്സഹകരണം തുടർന്നാൽ നയപ്രഖ്യാപനത്തിൽ ഗവർണർ എടുക്കുന്ന നിലപാടും നിർണ്ണായകമാകും.

അടുത്ത നിയമസഭാ സമ്മേളനം തുടങ്ങേണ്ടത് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപനത്തോടെയാണ്. ജനുവരി അവസാന വാരത്തിലോ ഫെബ്രുവരി ആദ്യമോ നിയമസഭാ സമ്മേളനം തുടങ്ങും. ജനുവരി 22-ന് നയപ്രഖ്യാപനത്തോടെ സമ്മേളനം തുടങ്ങാനും 25-ന് ബജറ്റ് അവതരിപ്പിക്കാനുമാണ് ആലോചന. അല്ലെങ്കിൽ 25-ന് നയപ്രഖ്യാപനത്തോടെ തുടങ്ങി ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കും. ഏതായാലും ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ നയപ്രഖ്യാപനം അനിവാര്യതായണ്. മുഖത്തോടു മുഖം നോക്കാൻപോലും ആകാത്തവിധം ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള അകൽച്ച രൂക്ഷമായിരിക്കെ മന്ത്രിസഭ അംഗീകരിച്ച് നൽകുന്ന നയപ്രഖ്യാപനത്തിൽ ഗവർണർ എടുക്കുന്ന നിലപാട് നിർണ്ണായകമാകും.

മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തലേന്നു വരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധം ഗവർണ്ണറെ ചൊടിപ്പിച്ചിട്ടുണ്ട്,. സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഏതാനും ദിവസത്തേക്കെങ്കിലും പ്രതിഷേധം ഉണ്ടാകില്ലെന്നായിരുന്നു രാജ്ഭവൻ വിലയിരുത്തൽ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു കർശന നടപടി സ്വീകരിക്കുമ്പോൾ തനിക്കെതിരെയുള്ള പ്രതിഷേധക്കാരെ സർക്കാർ സംരക്ഷിക്കുന്നതിൽ ഗവർണർക്ക് പ്രതിഷേധമുണ്ട്. കേരള സർവകലാശാലാ ആസ്ഥാനത്ത് ഗവർണർക്കെതിരെ കെട്ടിയ ബാനറുകൾ നീക്കേണ്ട എന്ന സിൻഡിക്കറ്റിന്റെ തീരുമാനവും സിപിഎം സമ്മർദ്ദ ഫലമാണ്. ഇതും ഗവർണർ ഗൗരവത്തോടെ എടുക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും ഗവർണർക്കെതിരെ നടന്ന ആക്രമണ ശ്രമത്തെക്കുറിച്ചും റിപ്പോർട്ട് ചോദിച്ചിട്ടും നൽകാത്ത ചീഫ് സെക്രട്ടറിയുടെ നിലപാടിലും ഗവർണർക്ക് അതൃപ്തിയുണ്ട്. വെള്ളിയാഴ്ചത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ ചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നില്ല. ഇതിനിടെയാണ് നയപ്രഖ്യാപന കടമ്പ എത്തുന്നത്. പുതുവർഷത്തിലെ ആദ്യസമ്മേളനമായതുകൊണ്ട് ചട്ടപ്രകാരം ആദ്യദിവസംതന്നെ ഗവർണർ സർക്കാരിനുവേണ്ടി നയപ്രഖ്യാപനം നടത്തണം. ഭരണഘടനാപരമായ തകർച്ചയ്ക്ക് വഴിവെക്കുന്ന നടപടികൾക്ക് മുഖ്യമന്ത്രി നേതൃത്വം നൽകുന്നെന്ന ഗുരുതരമായ ആരോപണം ഗവർണർ ഉന്നയിച്ചിട്ടുണ്ട്. ഗവർണറുടെ നടപടികൾക്കെതിരേ സംസ്ഥാനസർക്കാർ രാഷ്ട്രപതിക്ക് കത്ത് നൽകിയിട്ടുമുണ്ട്. ഇതെല്ലാം പ്രതിസന്ധിയായി നയപ്രഖ്യാപനത്തിനിടെ മാറും.

ബില്ലുകൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഗവർണർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പരിഷ്‌കരിച്ച ഹർജിയും നൽകിയിട്ടുണ്ട്. ഗവർണറുടെ ഭരണഘടനാപരമായ ചുമതലയാണ് നയപ്രഖ്യാപനം നടത്തുകയെന്നത്. നയപ്രഖ്യാപന പ്രസംഗത്തിലെ ഉള്ളടക്കത്തെ മുമ്പത്തെപ്പോലെ ഇത്തവണയും രാജ്ഭവൻ ചോദ്യം ചെയ്യും. വിശദീകരണവും തേടും. ഇതിന് സർക്കാർ നൽകുന്ന മറുപടിയും പ്രതികരണവും എല്ലാം നിർണ്ണായകമാണ്. അതൃപ്തിയുണ്ടെങ്കിലും നയപ്രഖ്യാപനം വായിക്കുന്നതാണ് ഗവർണറുടെ മുൻ രീതി. അതുകൊണ്ട് തന്നെ ഇത്തവണയും ഗവർണർ നയപ്രഖ്യാപനം വായിക്കുമെന്ന് തന്നെയാണ് സർക്കാർ പ്രതീക്ഷ.

നയപ്രഖ്യാപന പ്രസംഗം നടത്താനായി ഗവർണറെ രാജ്ഭവനിലെത്തി ക്ഷണിക്കാനുള്ള തിരക്കിട്ട നടപടികൾ ഭരണസിരാകേന്ദ്രത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഗവർണറെ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ടുള്ള നടപടിക്രമങ്ങളും പൂർത്തീകരിക്കും. തിന് മുമ്പ് പലതവണ സർക്കാരുമായി ഇടഞ്ഞിട്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സഭയിലെത്തി എന്റെ സർക്കാരെന്ന് പറഞ്ഞ് ഇടതുഭരണ നേട്ടങ്ങൾ ഉറക്കെവായിച്ചിട്ടുണ്ട്. ഇത്തവണയും അതുതന്നെ സംഭവിക്കും.

പൗരത്വ ഭേദഗതിയുടെ പേരിൽ 2019ൽ സർക്കാരും ആരിഫ് മുഹമ്മദ്ഖാനുമായി ഇടയുകയും പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ കർഷക ബില്ലിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതായിരുന്നു അടുത്ത പ്രകോപന കാരണം. പൗരത്വ ഭേദഗതിക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം വായിക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും സഭയിൽ അത് വായിച്ചു. 2022ലെ നയപ്രഖ്യാപന പ്രസംഗ സമയത്തും ഗവർണർ ഉടക്കുണ്ടാക്കി. മന്ത്രിമാരുടെ സ്റ്റാഫിന്റെ പെൻഷന്റെ കാര്യത്തിലായിരുന്നു അത്.

ഗവർണറുടെ സ്റ്റാഫിൽ ബിജെപിക്കാരനെ നിയമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ പ്രതിരോധം. അന്നും ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകം നടന്നു. പൊതുഭരണ വകുപ്പിൽ നിന്ന് കെആർ ജ്യോതിലാലിനെ മാറ്റണമെന്നും രാജ്ഭവനിൽ ഫോട്ടോഗ്രാഫർ തസ്തിക സ്ഥിരപ്പെടുത്തണമെന്നുമായിരുന്ന സഭയിലെത്താനുള്ള ഗവർണറുടെ ഡിമാന്റ്. പിണറായി വിജയൻ രണ്ടിനും സമ്മതിച്ചതോടെ ഗവർണർ നയപ്രഖ്യാപന പ്രസംഗം അതേപടി വായിച്ചു. അന്ന് ലോകായുക്തയുടെ ചിറകരിയാനുള്ള ഓർഡിനൻസിൽ ഒപ്പിട്ട ഗവർണർക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ ഗോബാക്ക് മുദ്രാവാക്യം മുഴക്കി.

ഇക്കഴിഞ്ഞ ജനുവരിയിൽ ചേർന്ന സമ്മേളനത്തിൽ ഗവർണറെ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് ഒഴിവാക്കാനായി സർക്കാർ തന്ത്രം മെനെഞ്ഞെങ്കിലും കടുത്ത നടപടി വേണ്ടിവന്നില്ല. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ പാസാക്കിയ സമയമായിരുന്നു അത്. ഡിസംബറിൽ തുടങ്ങിയ സമ്മേളനം ജനുവരിയിൽ നീട്ടിക്കൊണ്ടുപോയാൽ ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാമെന്നായിരുന്നു സർക്കാരിൽ ഉരുത്തിരിഞ്ഞ ധാരണ. എന്നാൽ നയപ്രഖ്യാപനത്തിന് കഴിഞ്ഞ തവണയും തടസ്സമൊന്നും ഉണ്ടായില്ല.