- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാരുമായുള്ള പോരിനിടെ ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ; അംഗീകാരം ലഭിച്ചത് ജിഎസ്ടി നിയമഭേദഗതിക്ക്; ഒപ്പിടാൻ ഇനിയും ബില്ലുകൾ ബാക്കി; രാഷ്ട്രപതിക്ക് അയച്ച ബില്ലുകളിൽ എന്നു തീരുമാനം വരുമെന്നും അറിയില്ല; നയപ്രഖ്യാപനവും സർക്കാറിന് കടമ്പ
തിരുവനന്തപുരം: സർക്കാരുമായുള്ള പോരിനിടെ ജിഎസ് ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. രാവിലെ മുംബൈയ്ക്ക് പോകും മുമ്പാണ് ജിഎസ് ടി നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. ഒരാഴ്ച മുമ്പായിരുന്നു സർക്കാർ അനുമതിക്കായി ഓർഡിനൻസ് രാജ്ഭവന് കൈമാറിയത്.
അതേസമയം, വിവാദമായ ബില്ലുകൾ ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്. ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേർച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നീ ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. ഈ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
അതേസമയം രാഷ്ട്രപതിക്ക് വിട്ട ബില്ലുകളിൽ അടക്ക് എന്നു തീരുമാനം വരുമെന്ന കാര്യം വ്യക്തമല്ല. അതിനിടെ ബജറ്റ് സമ്മേളനം അടുത്തിരിക്കവേ നയപ്രഖ്യാപനവും സർക്കാറിന് അടുത്ത കടമ്പയാണ്. ഗവർണർ ഭരണഘടനാപരമായ ചുമതല നിർവഹിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ പറയുന്നതെല്ലാം അപ്പടി സ്വീകരിക്കാൻ ഗവർണർ തയാറായേക്കില്ലെന്നാണ് കരുതുന്നത്.
പരസ്പരം മിണ്ടാതെയും നോക്കാതെയുമാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇരുവരും പങ്കെടുത്തത്. ഇതാണ് മുഖ്യമന്ത്രിയും ഗവർണരും തമ്മിലുള്ള ബന്ധത്തിന്റെ നേർചിത്രം. ഇനി വരുന്നത് നയപ്രഖ്യാപനമെന്ന കടമ്പയാണ്. അടുത്ത മന്ത്രിസഭാ യോഗത്തിൽ നിയമസഭയുടെ ബജറ്റ് സമ്മേളന തീയതി തീരുമാനിക്കും. ഈ മാസം 25 മുതൽ സമ്മേളനം ചേരുന്നതാണ് പരിഗണനയിൽ. ഗവർണരുടെ നയപ്രഖ്യാപനത്തോടെയാണ് പുതുവർഷത്തിലെ ബജറ്റ് സമ്മേളനം ആരംഭിക്കേണ്ടത്. ഇതിൽമാറ്റം വരുത്താൻ ഇപ്പോൾ സർക്കാർ ഉദേശിക്കുന്നില്ല.
ഭരണഘടനാപരമായ ചുമതല ഗവർണർനിർവഹിക്കുമെന്നാണ് സർക്കാർ കരുതുന്നത്. എന്നാൽ പ്രസംഗത്തിന്റെ ഉള്ളടക്കം ഉൾപ്പെടെയുള്ളവയിൽ എതിർപ്പുയർത്താനും ഇടയുണ്ട്. അപ്രതീക്ഷിതമായി പ്രതിസന്ധി സൃഷ്ടിക്കാൻ ഗവർണർക്ക് മടിയില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. പേഴ്സണൽസ്്റ്റാഫ് അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെ ഒരിക്കൽ ഗവർണർ നയപ്രഖ്യാപനത്തിനില്ലെന്ന് നിലപാടെടുത്തത് സർക്കാരിന് മുന്നിലുണ്ട്.
ഔപചാരികതകൾ തുടരാനും എന്നാൽ ഗവർണരുടെ പിടിവാശികൾക്ക് വഴങ്ങാതെ മുന്നോട്ട് പോകാനുമാണ് തീരുമാനം. സർക്കാർ നീക്കങ്ങളനുസരിച്ചാവും രാജ്ഭവന്റെ പ്രതികരണം. ഇരുപക്ഷവും കാത്തിരുന്നുകാണാം എന്ന നിലപാടിലാണ്.
മറുനാടന് മലയാളി ബ്യൂറോ