- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണത്തലവനായ ഗവർണർ റോഡരികിൽ രണ്ട് മണിക്കൂറോളം കുത്തിയിരുന്നത് ചരിത്രത്തിലാദ്യം
തിരുവനന്തപുരം: കരിങ്കൊടി കണ്ട് ഗവർണർ പ്രകോപിതനാകുന്നത് ഇതാദ്യമല്ലെങ്കിലും പൊലീസ് നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ ഭരണത്തലവൻ റോഡരികിൽ രണ്ട് മണിക്കൂറോളം കുത്തിയിരുന്ന അസാധാരണ നടപടി സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ മുൻഗാമികളുടെ കീഴ് വഴക്കങ്ങളെല്ലാം തെറ്റിക്കുകയാണ്. മാധ്യമങ്ങളെ തുടർച്ചയായി കണ്ടും സ്വന്തം സർക്കാറിനെതിരെ പൊട്ടിത്തെറിച്ചുമാണ് ഗവർണർ ആദ്യം വാർത്തകളിൽ നിറഞ്ഞത്. പിന്നാലെ പരസ്യമായി തുടർച്ചയായി സർക്കാറുമായി ഉടക്കി. ഇതിന് ശേഷം നയപ്രഖ്യാപനത്തിലൂടെയും ഞെട്ടിച്ചു. അതിനെല്ലാം ശേഷമാണ് കുത്തിയിരിപ്പു പ്രതിഷേധവും ഗവർണർ നടത്തിയത്.
കരിങ്കൊടി കാണിച്ചവരോട് പൊലീസ് കൈക്കൊണ്ട നടപടി എന്തെന്നറിയാനുള്ള ശാഠ്യം മാത്രമായിരുന്നില്ല, ഗവർണർക്ക് സുരക്ഷയൊരുക്കാൻപോലും പൊലീസിന് കഴിയുന്നില്ലെന്ന് തെളിയിക്കുകയെന്ന ഉദ്ദേശം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. കാര്യമായ ആക്രമണ ശൈലി എസ്എഫ്‌ഐയിൽ നിന്നും ഉണ്ടായിരുന്നുമില്ല. ഗവർണറുടെ പ്രതിഷേധം അസാധാരണമായപ്പോൾ മിന്നൽ വേഗത്തിൽ ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായതും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതിവേഗ ഇടപെടലുമടക്കം ഗവർണർ ഉദ്ദേശിച്ച വഴിയേ കാര്യങ്ങളെത്തുകയും ചെയ്തു.
ഡിസംബർ 21ന് തിരുവനന്തപുരത്ത് ഗവർണർക്ക് നേരെ ഇതിനേക്കാൾ രൂക്ഷമായി എസ്.എഫ്.ഐ പ്രതിഷേധമുണ്ടായിരുന്നു. വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ഗവർണർ സമരക്കാർക്ക് നേരെ ആക്രോശിക്കുകയും പൊലീസിനോട് കയർക്കുകയും ചെയ്‌തെങ്കിലും ഏതാനും മിനിറ്റുകൾ മാത്രമാണ് അത് നീണ്ടത്. കോഴിക്കോട് മിഠായി തെരുവിലേത് റോഡ്‌ഷോയായിരുന്നു. എന്നാൽ നിലമേലിലേത് അസാധാരണവും ചരിത്രത്തിലാദ്യവും.
കൊല്ലത്ത് ഒന്നും തിരുവനന്തപുരത്ത് രണ്ടും പരിപാടികളാണ് ശനിയാഴ്ച ഗവർണർക്കുണ്ടായിരുന്നത്. ഇതിൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കര അവധൂത ആശ്രമത്തിലെ പരിപാടിക്കായുള്ള യാത്രാമധ്യേയാണ് രാവിലെ 10.30ഓടെ നിലമേലിൽ എസ്.എഫ്.ഐ പ്രതിഷേധമുണ്ടാകുന്നത്. 17 പേർക്കെതിരെയുള്ള എഫ്.ഐ.ആർ കണ്ട ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചതെങ്കിലും ഈ സമയത്തിനിടെ ഉപരാഷ്ട്രപതി, ആഭ്യന്തര മന്ത്രി എന്നിവരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെ ഫോൺ വഴി ശാസിക്കുകയും ചെയ്തു. കൊട്ടാരക്കരയിലെ പരിപാടിക്ക് ശേഷം ഗവർണർ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുംവരെ വഴിയിലെങ്ങും പ്രതിഷേധമുണ്ടായിരുന്നില്ല.
എന്നാൽ തൈക്കാട് വിവരാവകാശ സെമിനാറിനെത്തിയ ഗവർണർക്കായി സംഭാരവുമായാണ് എസ്.എഫ്.ഐ പ്രവർത്തകർ കാത്തുനിന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിലമേലിൽ റോഡിലിരുന്ന് തളർന്ന ഗവർണർക്ക് സംഭാരം നൽകി പ്രതീകാത്മകമായി പ്രതിഷേധിക്കാനായിരുന്നു നീക്കം.
അതേസമയം ഗവർണറുമായി ഉടക്കി തന്നെ മുന്നോട്ടു പോകാനാണ് സർക്കാറും ഒരുങ്ങുന്നത്. ഗവർണറുടെ തെരുവ് പ്രതിഷേധത്തിനും അമ്പരിപ്പിക്കുന്ന വേഗത്തിൽ സി.ആർ.പി.എഫിന് സുരക്ഷ കൈമാറിയ കേന്ദ്ര നടപടിക്കും പിന്നാലേ സർക്കാറും രാജ്ഭവനും തമ്മിലെ ഭിന്നത പുതിയ തലങ്ങളിലേക്ക്. ഗവർണറുടെ നടപടിക്ക് സംസ്ഥാന സർക്കാർ ലവലേശം വിലകൽപിച്ചില്ലെങ്കിലും കേന്ദ്രം തങ്ങളുടെ സേനയെ സുരക്ഷക്ക് അയക്കുകയും വിഷയത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
ഏറെ നാളായി ഗവർണറും സർക്കാറും തമ്മിൽ നടക്കുന്ന പോരിൽ കേന്ദ്ര സർക്കാറിന്റേതായി വരുന്ന പ്രത്യക്ഷ ഇടപെടലാണ് ഈ നടപടി. ഗവർണറോട് വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് ഭരണ വൃത്തങ്ങൾ നൽകുന്നത്. നയപ്രഖ്യാപനത്തിന് നന്ദി പ്രമേയ ചർച്ച തിങ്കളാഴ്ച മുതൽ നിയമസഭയിൽ ആരംഭിക്കാനിരിക്കെ അവിടെയും ഗവർണർക്കെതിരെ രൂക്ഷ വിമർശത്തിന് സാധ്യതയുണ്ട്. കേന്ദ്ര സേന എത്തിയെങ്കിലും ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്.എഫ്.ഐ.
എസ്.എഫ്.ഐയുടെ കരിങ്കൊടി സമരത്തെ തനിക്കെതിരായ ആക്രമണമായി കേന്ദ്രത്തിന് മുന്നിൽ കൊണ്ടുവരാൻ ശനിയാഴ്ചത്തെ സംഭവത്തോടെ ഗവർണർക്കായി. അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്രത്തിനെതിരായ കേരളത്തിലെ പൊതുവികാരം തങ്ങൾക്ക് അനുകൂലമാക്കാനുള്ള അവസരമായി സർക്കാറും ഇടതുപക്ഷവും പുതിയ സാഹചര്യത്തെ ഉപയോഗപ്പെടുത്തും.
ഗവർണറെയും സർക്കാറിനെയും പിന്തുണക്കാൻ കഴിയാത്ത വിഷമവൃത്തത്തിലാണ് കോൺഗ്രസ്. ഗവർണറെ അനുകൂലിച്ചാൽ ബിജെപിയുമായി ഒത്തുകളിയെന്ന് വരും. സർക്കാറിനെ അനുകൂലിച്ചാൽ സംസ്ഥാന സർക്കാറിനെതിരായ വിമർശനത്തിന്റെ മുനയൊടിയും. ഈ സാഹചര്യത്തിൽ സർക്കാറും ഗവർണറും തമ്മിലെ ഒത്തുകളി എന്ന നിലയിൽ മാത്രം കാണുകയാണ് പ്രതിപക്ഷം. അതിനപ്പുറം നിലപാട് എടുക്കാൻ യു.ഡി.എഫിന് ഇപ്പോൾ ആയിട്ടില്ല.
ഇപ്പോഴത്തെ പ്രശ്‌നങ്ങൾ ക്രമസമാധാന തകർച്ച എന്ന് ചിത്രീകരിക്കും വിധം പോകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നില്ല. അത്തരം നീക്കം വന്നാൽ തങ്ങൾക്കാകും ഗുണമെന്ന് ഇടതുപക്ഷത്തിനറിയാം. നവകേരള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സമരങ്ങൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയും നിർദയവുമായാണ് സർക്കാർ നേരിട്ടത്.