- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി; പൊലീസിനെ രാഷ്ട്രീയകാര്യങ്ങൾക്ക് ഉപയോഗിക്കുന്നു;ഗുണ്ടാ അക്രമങ്ങൾ സംഘടിപ്പിക്കുന്നത് മുഖ്യമന്ത്രിയാണ്: രൂക്ഷ വിമർശനവുമായി ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിലാണ് ഡൽഹിയിൽ ഗവർണറുടെ പ്രതികരണം.
''കേരളത്തിൽ എനിക്കു നേരെ ഭീഷണിയുയർത്തിയത് സിപിഎമ്മും എസ്എഫ്‌ഐയുമാണ്. ഗുണ്ടാ അക്രമങ്ങൾ സംഘടിപ്പിക്കുന്നത് മുഖ്യമന്ത്രിയാണ്. ഗുണ്ടകളെ മുഖ്യമന്ത്രി ശമ്പളം നൽകി കൂടെ നിർത്തിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് എന്നോട് ഒരു വിരോധവുമില്ല. യാതൊരു സുരക്ഷയുമില്ലാതെ കോഴിക്കോട് നഗരത്തിൽ ഞാൻ നേരിട്ട് ഇറങ്ങി അക്കാര്യം അനുഭവിച്ച് അറിഞ്ഞതാണ്.'' ഗവർണർ പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമം പാലിക്കപ്പെടണം. എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞവരിൽ ഒരാൾ കാഴ്ചയില്ലാത്ത ആളാണെന്നത് ഓർക്കണം. ഈ സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കണ്ണൂരിൽ തേങ്ങയിടാൻ പാർട്ടി അനുമതി വേണമെന്ന് ഒരു നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഈ നിലയിൽ കേരളത്തെ കൂടെ മാറ്റാനാണ് ശ്രമം. സിപിഎമ്മിലും പോഷക സംഘടനകളിലും പ്രവർത്തിക്കുന്നത് ക്രിമിനലുകളാണ്. മാധ്യമപ്രവർത്തകർക്ക് എതിരെ കേസ് എടുത്തതിൽ പുതുമയില്ല. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണ്. ആരും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നില്ല. കേരളത്തിലെ മാധ്യമങ്ങൾ ഭയപ്പാടിലാണെന്നും ഗവർണർ പറഞ്ഞു.
കേരള പൊലീസ് രാജ്യത്തെ മികച്ച സേനകളിൽ ഒന്നാണെന്ന് താൻ ആവർത്തിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. ദീർഘകാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത്. മറ്റു പലയിടത്തേയും പൊലീസിനെ കണ്ടിട്ടുണ്ട്. അവരേക്കാൾ മികച്ച സേനയാണ് കേരളത്തിലേത്. എന്നാൽ അവരെ തങ്ങളുടെ കടമ നിർവഹിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




