- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനങ്ങളുടെ പണം ഉപയോഗിച്ച് നീന്തൽക്കുളം പണിയുന്നു; സാധാരണക്കാരുടെ പെൻഷൻ മുടങ്ങിയില്ലേ? അപ്പോഴാണ് ഇതുപോലെയുള്ള ധൂർത്ത്; സർവ്വകലാശാല ബില്ലിന് മുൻകൂട്ടി അനുമതി വാങ്ങണമായിരുന്നു; മുഖ്യമന്ത്രി നേരിട്ട് വരട്ടേയെന്ന് ഗവർണ്ണർ; സർക്കാർ-രാജ് ഭവൻ പോര് മുറുകും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് എത്തുമ്പോൾ ചർച്ചയാകുന്നതും ധൂർത്ത്. ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തെക്കുരിച്ച് പ്രതികരണം ചോദിച്ചപ്പോഴാണ് ഗവർണറുടെ രൂക്ഷ വിമർശനം.
ഭരണ ഘടനാ പരമായി എന്തെങ്കിലും സംശയമുണ്ടങ്കിൽ ആർക്കു വേണമെങ്കിലും സുപ്രീം കോടതിയെ സമീപിക്കാം.സുപ്രീം കോടതി ചോദിക്കുമ്പോൾ തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് മറുപടി നൽകും. സർക്കാർ ആരോപണങ്ങൾക്ക് മാധ്യമങ്ങളിൽ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർവ്വകലാശാല ബില്ല് പാസാക്കുന്നതിന് മുമ്പ് ഗവർണറുടെ അനുമതി വാങ്ങണമായിരുന്നു. ധനബില്ലാണ് .അതിൽ പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ സർക്കാർ ചെയ്തില്ല.മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത്. അതുണ്ടായില്ല-ഗവർണ്ണർ പറയുന്നു.
എല്ലാ ഭരണാഘടന സീമകളും സർക്കാർ ലംഘിക്കുകയാണ്. എന്താണ് കലാ മണ്ഡലത്തിൽ സംഭവിച്ചത്. പുതിയ ചാൻസലർ പണം ചോദിച്ചു . സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴാണിത്. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സിമ്മിങ് പൂൾ പണിയുന്നു. പെൻഷൻ നൽകുന്നില്ല. സാമ്പത്തികമായി തകർന്നു നിൽക്കുന്നവെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നു .മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സ്ഥിതി മോശമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് ജനങ്ങളുടെ പണം ഉപയോഗിച്ച് നീന്തൽക്കുളം പണിയുകയാണ്. സാധാരണക്കാരുടെ പെൻഷൻ മുടങ്ങിയില്ലേ? അപ്പോഴാണ് ഇതുപോലെയുള്ള ധൂർത്തെന്നും ഗവർണർ വിമർശിച്ചു. ചില ബില്ലുകൾ പാസാക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമായിരുന്നു. എന്നാൽ അതുണ്ടായില്ല. സർക്കാർ എല്ലാ ഭരണഘടനാ സീമകളും ലംഘിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്‌സിറ്റി ബില്ലെന്നും ഗവർണർ പറഞ്ഞു. ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച നടപടിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ഗവർണറുടെ പ്രതികരണം. കോടതിയുടെ നോട്ടീസ് കിട്ടിയാൽ മറുപടി നൽകുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
നിയമസഭ പാസാക്കിയ 8 ബില്ലുകൾക്ക് അംഗീകാരം നൽകുന്നില്ലെന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ കേസിനു പോയത്. യഥാർഥത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കാത്തത് 16 ബില്ലുകൾക്കും 2 കരട് ഓർഡിനൻസുകളുമാണ്. ഇതിനു പുറമേ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ നിയമിക്കണമെന്ന ശുപാർശയും 5 പിഎസ്‌സി അംഗങ്ങളുടെ നിയമനവും ഗവർണർ അംഗീകരിച്ചിട്ടില്ല. സർക്കാരിന്റെ റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയും തടഞ്ഞു വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്കാണ് ഗവർണ്ണർ സർക്കാരിനെതിരെ രൂക്ഷ പ്രതികരണം നടത്തുന്നത്.
ജലാശയത്തിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്കു തടവും പിഴയും നൽകുന്ന മുനിസിപ്പൽ, പഞ്ചായത്ത് രാജ് ഭേദഗതി ഓർഡിനൻസുകൾ ഗവർണ്ണർ ഒപ്പു വച്ചേക്കുമെന്നും സൂചനയുണ്ട്. ധനവിനിയോഗ ബിൽ പോലുള്ളവയും അംഗീകരിച്ചേക്കും. സുപ്രീംകോടതിയിൽ നടക്കുന്ന നിയമ പോരാട്ടത്തിൽ ഗവർണ്ണർ ശുഭ പ്രതീക്ഷയിലാണ്. വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സേർച് കമ്മിറ്റി സ്വതന്ത്രമായിരിക്കണമെന്നു സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.
ഇതിനു വിരുദ്ധമായി സേർച് കമ്മിറ്റിയിൽ സർക്കാരിന്റെ സ്വാധീനം ഉറപ്പിക്കുന്നതിനായി കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താനുള്ളതാണ് ഒരു ബില്ലെന്ന് ഗവർണറുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ അറിയിക്കും. ഇതുൾപ്പെടെ കേന്ദ്ര നിയമത്തിനും കോടതി വിധികൾക്കും വിരുദ്ധമായി പാസാക്കിയ വിവിധ ബില്ലുകൾ ഏതൊക്കെയാണെന്നും വിശദീകരിക്കും.
മറുനാടന് മലയാളി ബ്യൂറോ