- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് 16 പേരെ നോമിനേറ്റ് ചെയ്ത് ഗവർണർ
കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് 16 പേരെ നോമിനേറ്റ് ചെയ്ത ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാന്റെ നടപടി വിവാദമാകുന്നു. സർവ്വകലാശാല സിൻഡിക്കേറ്റ് നിർദ്ദേശിച്ചവരെ ഒഴിവാക്കി കോൺഗ്രസ് - ബിജെപി ബന്ധമുള്ളവരെ നോമിനേറ്റ് ചെയ്തതാണ് സിപിഎമ്മിന് ആധിപത്യമുള്ള സിൻഡിക്കേറ്റിനെയും എസ്.എഫ്.ഐ, എ.കെ.പി.സി.ടി.എ സംഘടനകളെയും പ്രകോപിപ്പിച്ചത്.
ഇടതു സർക്കാരിന്റെ ചട്ടുകമായി പ്രവർത്തിച്ചു അനധികൃത നിയമനങ്ങൾക്കു കൂട്ടുനിന്ന വി സി ഗോപിനാഥ് രവീന്ദ്രനെ കോടതി അയോഗ്യനാക്കിയ ശേഷമുള്ള തിരിച്ചടിയാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. വരും ദിവസങ്ങളിൽ ചേരാനിരിക്കുന്ന സെനറ്റ് യോഗത്തിൽ ഗവർണർ നോമിനേറ്റ് ചെയ്തവരെ പങ്കെടുക്കുന്നതിൽ നിന്നും തടയുമെന്ന തീരുമാനത്തിലാണ് സിപിഎം അനുകൂല സംഘടനകൾ.
ഗവർണറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു ഇടതു സംഘടനകൾ രൂപീകരിച്ച കണ്ണൂർ സർവകലാശാല സംരക്ഷണ സമിതി സർവ്വകലാശാല കവാടത്തിന് ഉപരോധ സമരം നടത്തി. സിൻഡിക്കേറ്റ് അംഗം എൻ.സുകന്യ ഉദ്ഘാടനം ചെയ്തു. ഗവർണർ നോമിനേറ്റ് ചെയ്ത ലിസ്റ്റ് കോൺഗ്രസ് ആർ. എസ്. എസ് ഒത്തുകളിയുടെ പ്രകടമായ ഉദാഹരണമാണെന്ന് എൻ. സുകന്യ ആരോപിച്ചു. കീഴ്‌വഴക്കങ്ങൾ എല്ലാം അട്ടിമറിച്ചുള്ള നിയമവിരുദ്ധമായ തീരുമാനമാണ് ഗവർണരുടെത്. നിയമപരമായി ഇതിനെ നേരിടുമെന്നും സുകന്യ പറഞ്ഞു.
സർവകലാശാലയ്ക്കു മുൻപിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെയും എസ്.എഫ്.ഐ, എ.കെ.പി.സി.ടി.എ സംഘടനാ പ്രവർത്തകരുടെയും പ്രതിഷേധ പരിപാടി നിയന്ത്രിക്കാൻ കനത്ത പൊലിസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. ഇതേ സമയം സെനറ്റ് പട്ടിക അട്ടിമറി മറിച്ചത്
കേരളത്തിൽ രൂപപ്പെട്ടുവരുന്ന ബിജെപി കോൺഗ്രസ് ബാന്ധവത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്ന് സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് ആരോപിച്ചു.
കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടത്തിയ നോമിനേഷനെന്ന് സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ് പ്രസ്താവനയിൽ പറഞ്ഞു. സിൻഡിക്കറ്റ് അംഗീകരിച്ചു നൽകിയ പട്ടിക അട്ടിമറിച്ച് ഗവർണർ തന്നിഷ്ടപ്രകാരം അറിയപ്പെടുന്ന ആർഎസ്എസ്- കോൺഗ്രസ് നേതാക്കളെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരിക്കയാണ്. ഇത് അങ്ങേയറ്റം അപലപനീയമാണിത്.
വിഖ്യാതരായ ശാസ്ത്രജ്ഞരും മാധ്യമപ്രവർത്തകരും വ്യവസായികളും കായികപ്രതിഭകളുമടക്കം സർവകലാശാല സമർപ്പിച്ച പട്ടികയിലെ പ്രഗത്ഭരെയെല്ലാം തഴഞ്ഞാണ് ഗവർണർ ആർഎസ്എസ്‌കോൺഗ്രസ് നേതാക്കളെ പട്ടികയിൽ കുത്തിനിറച്ചത്. അഭിഭാഷക വിഭാഗത്തിൽ നോമിനേറ്റ് ചെയ്തിരിക്കുന്നത് അറിയപ്പെടുന്ന ആർഎസ്എസ് നേതാവും സംഘപരിവാർ സംഘടനയായ സഹകാർ ഭാരതി ദേശീയസമിതി അംഗവുമായ വ്യക്തിയെയാണ്. മറ്റൊരാൾ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി. സി കെ വിനീതും കെ സി ലേഖയും ഉൾപ്പെടെയുള്ള കായിക പ്രതിഭകൾക്കു പകരം ഉൾപ്പെടുത്തിയത് ഡിസിസി മുൻ ജനറൽ സെക്രട്ടറിയെ. സ്‌കൂൾ ഹെഡ്‌മാസ്റ്റർ മണ്ഡലത്തിൽനിന്ന് നോമിനേറ്റ് ചെയ്തത് കോൺഗ്രസ് അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെ സംസ്ഥാന കമ്മിറ്റി അംഗത്തെ.
കെപിസിസി മുൻ പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ സുധാകരനാണ് കോൺഗ്രസ് നേതാക്കളുടെ പട്ടിക ഗവർണർക്കു കൈമാറിയതെന്നാണ് മനസിലാക്കുന്നത്. കേരളത്തിൽ കോൺഗ്രസിനെയും ബിജെപിആർഎസ്എസിനെയും ബന്ധിപ്പിക്കുന്ന പാലമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നതിന്റെ സാക്ഷ്യപത്രമാണ് സെനറ്റ് പട്ടിക അട്ടിമറിയെന്നും ടി വി രാജേഷ് പ്രസ്താവനയിൽ വ്യക്തമാക്കി.