- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണട വിലയിൽ കെ കെ ശൈലജയെയും മന്ത്രി ആർ ബിന്ദു കടത്തി വെട്ടി; സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മന്ത്രി കണ്ണട വാങ്ങിയ ഇനത്തിൽ പൊതുഖജനാവിൽ നിന്ന് അനുവദിച്ചത് 30,500 രൂപ
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിലെ പോലെ രണ്ടാം പിണറായി സർക്കാരിലും കണ്ണട വാങ്ങൽ വിവാദം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കണ്ണട വിവാദത്തിൽ പെട്ടത് സ്പീക്കർ പി ശ്രീരാമകൃഷ്ണനും, ആരോഗ്യമന്ത്രി കെ കെ ശൈലജയും ആയിരുന്നുവെങ്കിൽ, ഈ വട്ടം അത് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ.ബിന്ദുവാണ്.
കണ്ണട വാങ്ങിയ ഇനത്തിൽ പൊതു ഖജനാവിൽനിന്ന് 30,500 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നു. തിരുവനന്തപുരത്തെ കണ്ണടക്കടയിൽനിന്ന് വാങ്ങിയ കണ്ണടയുടെ വിലയായ 30,500 രൂപ, മന്ത്രിയുടെ അപേക്ഷപ്രകാരം അനുവദിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തായത്. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് ധനവകുപ്പ് ആവർത്തിക്കുമ്പോഴാണ്, മന്ത്രിക്ക് കണ്ണട വാങ്ങിയ വകയിൽ 30,500 രൂപ അനുവദിച്ചത്.
'ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പു മന്ത്രി ഡോ. ആർ.ബിന്ദു 28.04.2023ൽ തിരുവനന്തപുരം ലെൻസ് ആൻഡ് ഫ്രെയിംസിൽ നിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ തുകയായ 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു' - ഇതാണ് ഉത്തരവിലെ വാചകം.

മൂന്നാം തീയതിയാണ് മന്ത്രിക്കു തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. അപേക്ഷിച്ചിട്ട് 6 മാസം കഴിഞ്ഞാണ് മന്ത്രി ബിന്ദുവിന് കണ്ണടക്ക് ചെലവായ തുക കിട്ടിയത്. ഏപ്രിൽ 28 ന് തിരുവനന്തപുരം ലെൻസ് & ഫ്രെയിംസിൽ നിന്നാണ് ബിന്ദു കണ്ണട വാങ്ങിയത്. അന്ന് തന്നെ കണ്ണട വാങ്ങിയതിന് ചെലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ബിന്ദുവിന്റെ കണ്ണട ചെലവും കുരുങ്ങി. മാസങ്ങളായിട്ട് കണ്ണടക്ക് ചെലവായ തുക കിട്ടാതായതോടെ ബിന്ദു പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു. പണം അടിയന്തിരമായി അനുവദിക്കാൻ മുഖ്യമന്ത്രി പൊതുഭരണ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പൊതു ഭരണ അക്കൗണ്ട് സിൽ നിന്ന് ഇന്ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ 49,900 രൂപയ്ക്കും ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജ 28,000 രൂപയ്ക്കും കണ്ണട വാങ്ങിയത് വിവാദമായിരുന്നു. ലെൻസിനു 45,000 രൂപയും ഫ്രെയിമിനു 4,900 രൂപയും അടക്കം കണ്ണടയുടെ വില ശ്രീരാമകൃഷ്ണൻ കൈപ്പറ്റിയ വിവരം അന്ന് വിവരാവകാശ രേഖയിലൂടെയാണ് പുറത്തുവന്നത്.




