തിരുവനന്തപുരം: പൊലീസിന് എതിരെ രൂക്ഷ വിമർശനവുമായി ഗവർണർ. നിലമേലിൽ തനിക്കെതിരെ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളാ പൊലീസിനെ കുറിച്ച് തനിക്ക് നല്ല അഭിപ്രായമാണെന്നും എന്നാൽ മുഖ്യമന്ത്രിയാണ് നടുറോഡിൽ ഇങ്ങനെ പ്രതിഷേധത്തെ നേരിട്ടതെങ്കിൽ പൊലീസ് ഇങ്ങനെയായിരുന്നോ പെരുമാറുകയെന്നും ഗവർണർ ചോദിച്ചു.

22പ്രതിഷേധക്കാരെ നേരിടാൻ ഇരുനൂറിലധികം പൊലീസുകാർ ഉണ്ടായിരുന്നു. എന്നിട്ടും അവർ തടഞ്ഞില്ല. പൊലീസുകാർക്ക് സമ്മർദ്ദമുണ്ടോ? മുഖ്യമന്ത്രിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്നത് ഇതുപോലെയാണോ എന്ന് ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.

തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ പൊലീസ് മികച്ച സേനയാണ്. എന്നാൽ ആരാണ് അവരുടെ പ്രവർത്തനം തടയുന്നത്? അതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും ഗവർണർ ചോദിച്ചു.

നിലമേലിൽ 22 പേർ ബാനറുമായി കൂടി നിന്നുവെന്നാണ് പൊലീസ് എഫ്‌ഐആർ. 100 പൊലീസുകാർ അവിടെ ഉണ്ടായിട്ടും അവരെ തടഞ്ഞില്ല. മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നോ? 72 വയസ് പ്രായം തനിക്ക് കഴിഞ്ഞു. ദേശീയ ശരാശരിയും കടന്ന് ബോണസ് ജീവിതമാണ് താൻ നയിക്കുന്നത്. സ്വാമി വിവേകാനന്ദനാണ് തന്റെ ആദർശപുരുഷൻ. കേന്ദ്ര സുരക്ഷ താൻ ആവശ്യപ്പെട്ടതല്ല. അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമാണ്.

എന്റെ ജോലി കേന്ദ്രസർക്കാരിനെ സംസ്ഥാനത്തെ സാഹചര്യം അറിയിക്കലാണ്. എന്നാൽ രാജ്ഭവനാണ് താൻ റോഡരികിൽ ഇരിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്, താനല്ല. നിലമേലിൽ തന്റെ കാറിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് ശേഷമാണ് താൻ പുറത്തിറങ്ങിയത്. താൻ കാറിൽ നിന്ന് ഇറങ്ങിയ ശേഷമാണ് തിരുവനന്തപുരത്ത് പൊലീസ് നടപടിയെടുത്തത്. നിലമേലിലും അതാണ് സംഭവിച്ചത്. മുഖ്യമന്ത്രിയായിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ ചെയ്യുമായിരുന്നോയെന്ന് ചോദിച്ച ഗവർണർ ചിലർ അധികാരം കയ്യിൽ വരുമ്പോൾ അവരാണ് എല്ലാം എന്ന് കരുതുന്നുവെന്നും വിമർശിച്ചു.

അതേസമയം, കേരള രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആർപിഎഫ് സംഘമെത്തി. രാജ്ഭവന്റെ മുന്നിൽ എട്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ സുരക്ഷാ ജോലി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി. 30 സിആർപിഎഫ് ജവാന്മാരാണ് രാജ് ഭവനിലേക്ക് എത്തിയത്. എസ്എഫ്‌ഐ പ്രവർത്തകർ നടത്തുന്ന തുടർ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ സിആർപിഎഫിന് കൈമാറി Z+ കാറ്റഗറിയിലേക്ക് ഉയർത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിആർപിഎഫ് സ്ഥലത്തെത്തിയത്.

കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവർണർക്കും രാജ്ഭവനും പുതുതായി ഏർപ്പെടുത്തിയത്. എസ്‌പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്. ഈ സുരക്ഷാ സംവിധാനത്തിൽ സിആർപിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും. മുഴുവൻ സമയവും ഈ സംഘം സുരക്ഷയൊരുക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ ഗാർഡ് (NSG) കമാൻഡോകളുടെ അധിക പരിരക്ഷയും നൽകും. സുരക്ഷാ സംവിധാനത്തിൽ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്‌കോർട്ടും ഉൾപ്പെടും. 2022 വരെ 45 പേർക്കാണ് രാജ്യത്ത് Z പ്ലസ്. രാഹുൽ ഗാന്ധിക്കും ഈ സുരക്ഷ സംവിധാനമാണ്.