- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വിസിമാരെ ഗവർണർ പുറത്താക്കി
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വിസിമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഇല്ലാത്തത്തിന്റെ പേരിലാണ് നടപടി. ഡിജിറ്റൽ, ഓപ്പൺ വിസിമാരുടെ കാര്യത്തിൽ യുജിസി അഭിപ്രായം തേടിയിട്ടുണ്ട്. ഹിയറിങ്ങിന് ശേഷമാണ് ഗവർണറുടെ നടപടി. ഓപ്പൺ വിസി രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.
ഉത്തരവ് ഉടൻ പുറത്തിറക്കും. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് 10 ദിവസം തീരുമാനത്തിൽ അടിയന്തര നടപടി ഉണ്ടാകില്ല. ഇതിനിടെ വിസിമാർക്ക് കോടതിയെ സമീപിക്കാം. നിയമനത്തിൽ യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു നടപടി. നേരത്തെ ഇവർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഈ വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോൾ, ഗവർണർ വിസിമാരുമായി ഹിയറിങ് നടത്തണമെന്നും കാരണം തേടണമെന്നും നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാലിക്കറ്റ് വിസി ഡോ. എംകെ ജയരാജ്, സംസ്‌കൃത വിസി ഡോ. എം വി നാരായണൻ എന്നിവരുമായി ഹിയറിങ് നടത്തി. തുടർന്ന് ഗവർണർ നിയമോപദേശവും തേടിയിരുന്നു.
ഹിയറിങ്ങിന് ശേഷമാണു ഗവർണർ രണ്ടു വിസിമാരെയും പുറത്താക്കിയത്. ഡിജിറ്റൽ സർവകലാശാലയുടെ വിസി നേരിട്ട് ഹിയറിങ്ങിനു ഹാജരായി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്‌കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെ ഹാജരായി. മൂന്നു വിസിമാരും അയോഗ്യരാണെന്നു യുജിസി പ്രതിനിധി ഹിയറിങ്ങിൽ അറിയിച്ചു. വിസിമാർക്കോ അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിങ്ങിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. കാലിക്കറ്റ് വിസി നിയമനത്തിന്റെ സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്‌കൃത സർവകലാശാലയിൽ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും ഓപ്പൺ ഡിജിറ്റൽ സർവകലാശാലകളിൽ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാൻ കാരണമായി ചൂണ്ടിക്കാട്ടി ഗവർണർ നോട്ടിസ് നൽകിയത്.
ഗവർണർ വീണ്ടും ഹിയറിങ് നടത്താൻ നിർദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്തു സംസ്‌കൃത സർവകലാശാല വിസി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തുവെങ്കിലും ഫയലിൽ സ്വീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിഴ ഈടാക്കേണ്ടി വരുമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടതിനെതുടർന്ന് അപ്പീൽ പിൻവലിക്കുകയായിരുന്നു. തനിക്കും തന്റെ അഭിഭാഷകനും ഹിയറിങ്ങിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്നു കാണിച്ച് സംസ്‌കൃത വിസി ഗവർണറുടെ സെക്രട്ടറിക്കു കത്ത് നൽകിയെങ്കിലും ഗവർണറുടെ ഓഫിസ് ഓൺലൈനായി പങ്കെടുക്കാൻ നിർദേശിക്കുകയായിരുന്നമു. ഗവർണർ നോട്ടിസ് നൽകിയിരുന്ന കേരള, എംജി, കുസാറ്റ്, മലയാളം വിസിമാർ കാലാവധി പൂർത്തിയാക്കി വിരമിച്ചു. കെടിയു, കണ്ണൂർ, ഫിഷറീസ് വിസിമാർക്ക് കോടതിവിധി പ്രകാരം പദവി നഷ്ടപ്പെട്ടു.