തിരുവനന്തപുരം: വിവരാവകാശ കമ്മീഷണർമാരുടെ നിയമനത്തിൽ സർക്കാർ നൽകിയ മൂന്ന് പേരുടെ പട്ടിക ഗവർണർ തിരിച്ചയച്ചു. മൂന്ന് കമ്മിഷണർമാരുടെ നിയമനത്തിലാണ് ഗവർണർ കൂടുതൽ വിശദീകരണം തേടിയത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഗവർണറുടെ വിശദീകരണം. പട്ടികയിലെ ചില ആളുകൾക്കെതിരെ സേവ് യൂണിവേഴ്‌സിറ്റി ഫോറം അടക്കം പരാതി നൽകിയിട്ടുണ്ട്. അതിൽ വിശദീകരണം വേണമെന്നാണ് ആവശ്യം.

ഡോ. സോണിച്ചൻ പി ജോസഫ്, എം ശ്രീകുമാർ, ടി കെ രാമകൃഷ്ണൻ എന്നിവരാണ് വിവരാവകാശ കമ്മിഷണർമാരാവാനുള്ള പട്ടികയിലുള്ളത്. ഇതിൽ ഒരാൾ മാധ്യമപ്രവർത്തകനും രണ്ടു പേർ അദ്ധ്യാപകരുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി പി രാജീവ് എന്നിവരടങ്ങിയ സമിതിയാണ് വിവരാവകാശ കമ്മിഷണർമാരുടെ പട്ടിക ശുപാർശ ചെയ്തത്.

പട്ടികയിൽ ഉൾപ്പെട്ടവർക്കെതിരേ സാമ്പത്തിക ക്രമക്കേട് അടക്കം നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനായി ഗവർണർ വിജിലൻസ് ക്ലിയറൻസും നിർദേശിച്ചിരുന്നു. പരാതികളിൽ ചിലത് ശരിയാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാരിന്റെ വിശദീകരണം തേടി പട്ടിക ഗവർണർ തിരിച്ചയച്ചത്. സുപ്രീംകോടതി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ഈ മൂന്നുപേരെയും സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയത് എന്ന പരാതിയും ഗവർണർക്ക് ലഭിച്ചിരുന്നു.

52 പേരുടെ ഷോർട്ട്ലിസ്റ്റിൽ നിന്നാണ് ഈ മൂന്നുപേരെ തിരഞ്ഞെടുത്തതെന്നും ഈ തിരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങളുടെ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കാണിച്ചാണ് ഗവർണർക്ക് ലഭിച്ച പരാതി. വളരെയധികം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ഈ പേരുകൾ മടക്കി അയച്ച് സർക്കാരിനോട് പരാതികളിൽ വിശദീകരണം ചോദിച്ചിരിക്കുന്നത്.

ലിസ്റ്റ് തള്ളുകയല്ല മറിച്ച് വിശദീകരണം ചോദിച്ചിരിക്കുകയാണ് ഗവർണർ ചെയ്തിരിക്കുന്നത്. സർക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ മൂന്ന് പേരുകൾ അംഗീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കുക. മുഖ്യവിവരാവകാശ കമ്മിഷണറായി ബി. ഹരി നായരെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.